| Monday, 22nd November 2021, 6:55 pm

'പെണ്ണുങ്ങളൊക്കെ താഴെ ഇരിക്കിം'; അബ്ദുസമദ് പൂക്കോട്ടൂര്‍ വേദിയിലെത്തിയതോടെ യൂത്ത് ലീഗ് പരിപാടിയില്‍ നിന്ന് വനിത പഞ്ചായത്ത് പ്രസിഡന്റിനെ ഇറക്കിവിട്ടു, വിവാദം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: യൂത്ത് ലീഗ് പരിപാടിയില്‍ നിന്ന് ലീഗ് വനിതാ നേതാവിനെ ഇറക്കിവിട്ടു. 1921 ലെ മലബാര്‍ സമരങ്ങളുടെ ഭാഗമായി കോഴിക്കോട് ചെറുവാടിയില്‍ നടന്നിരുന്ന ‘ചെറുവാടി യുദ്ധ’ത്തിന്റെ നൂറാം വാര്‍ഷിക പരിപാടിയില്‍ നിന്നാണ് കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ ഇറക്കിവിട്ടത്.

തിരുവമ്പാടി മണ്ഡലം യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 12ന് നടന്ന ‘സ്വാഭിമാന്‍ ദിന്‍’ പരിപാടിയിലായിരുന്നു സംഭവം. പരിപാടിയുടെ മുഖ്യാതിഥിയായി എത്തിയ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ വന്നപ്പോഴാണ് വേദിയില്‍ ഉണ്ടായിരുന്ന ഏക വനിതയെ ഇറക്കിവിട്ടത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നുണ്ട്.

പരിപാടിയില്‍ കോളേജ് അധ്യാപകനായ അജ്മലിന്റെ പ്രസംഗം 20 മിനിറ്റ് പിന്നിട്ടപ്പോഴാണ് മുഖ്യാതിഥിയായ ഇ.കെ. സമസ്ത നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂര്‍ വരുന്നത്. അബ്ദുസ്സമദ് വരുന്ന സമയത്ത് വേദിയും സദസ്സും ഒന്നടങ്കം ആദരപൂര്‍വം എഴുന്നേറ്റ് നില്‍ക്കുന്നുണ്ട്.

ഇതേസമയത്താണ് കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശംലൂലത്തിനോട് അബ്ദുസമദ് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടത്. വേദിയില്‍ ശംലൂലത്തിനെ കണ്ടതും അബ്ദുസമദ് വിരല്‍ ചൂണ്ടി’പെണ്ണുങ്ങളൊക്കെ താഴെ ഇരിക്കിം’ എന്ന് പറയുകയായായിരിന്നു. അജ്മല്‍ മലബാര്‍ സമരത്തിലെ സ്ത്രീ പ്രാതിനിധ്യം സംബന്ധിച്ച് സംസാരിക്കുമ്പോഴായിരുന്നു സംഭവം നടക്കുന്നത്.

തുടര്‍ന്ന് നിസാഹായയായി ശംലൂലത്ത് വേദിയില്‍ നിന്ന് ഇറങ്ങിപ്പോകുന്നതും പ്രചരിക്കുന്ന വീഡിയോയിലുണ്ട്. വേദിയിലുള്ള മറ്റുള്ളവര്‍ ഇതിനെതിരെ രംഗത്തുവരാത്തതും ശ്രദ്ധേയമായി. സമൂഹ മാധ്യമങ്ങളിലടക്കം സംഭവത്തില്‍ പലകോണുകളില്‍നിന്നും വിമര്‍ശനമുയരുന്നുണ്ട്.

തിരുവമ്പാടി നിയോജക മണ്ഡലം യൂത്ത് ലീഗ് നടത്തിയ പരിപാടി മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദാണ് ഉദ്ഘാടനം ചെയ്തതത്. വി.പി.എ. ജലീല്‍ അധ്യക്ഷത വഹിച്ചു. അബ്ദുസമദ് പൂക്കോട്ടൂര്‍, മുജീബ് കാടേരി, ഡോ. എം.എ. അജ്മല്‍ മുഈന്‍ എന്നിവര്‍ സംസാരിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: women leader was dropped from the Youth League event

We use cookies to give you the best possible experience. Learn more