| Sunday, 20th February 2022, 8:23 am

രാഷ്ട്രീയം വിടാനൊരുങ്ങി ശോഭ സുബിനെതിരെ പരാതി നല്‍കിയ വനിതാ നേതാവ്; 'കോണ്‍ഗ്രസില്‍ നിന്ന് നീതി കിട്ടിയില്ല'

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതായി യൂത്ത് കോണ്‍ഗ്രസ് നേതാവ് ശോഭ സുബിനെതിരെ പരാതി നല്‍കിയ വനിതാ നേതാവ്. ശോഭ സുബിനെതിരെ നല്‍കിയ പരാതി കോണ്‍ഗ്രസ് നേതൃത്വം പരിഗണിച്ചില്ലെന്ന് യുവതി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

പരാതി നല്‍കാനിടയായ സാഹചര്യമോ തന്റെ അവസ്ഥയോ ഒന്നും നേതൃത്വം അന്വേഷിച്ചില്ല. സ്വന്തം നിലക്കാണ് പരാതി നല്‍കിയത്. അതും വ്യക്തമായ തെളിവുകളുടെ കൂടി അടിസ്ഥാനത്തില്‍, എന്നിട്ടും പൊലീസില്‍ നിന്നുപോലും നീതി ലഭിച്ചില്ലെന്നും പരാതിക്കാരി പറയുന്നു.

പ്രശ്‌നം ഇത്ര ഗുരുതരമായിട്ടും കോണ്‍ഗ്രസ് നേതൃത്വം എന്താണ് പ്രശ്‌നമെന്ന് ഇതുവരെ ചോദിച്ചില്ല. കോണ്‍ഗ്രസ് നേതൃത്വത്തില്‍ യാതൊരു പ്രതീക്ഷയുമില്ല. വിശ്വസിച്ച് കൂടെ നിന്നവരില്‍ നിന്നാണ് ഇത്തരമൊരു മോശം അനുഭവമുണ്ടായത്. ഇനി കോണ്‍ഗ്രസുമായി ഒരു ബന്ധവുമുണ്ടാകില്ലയെന്നും പരാതിക്കാരി ഫേസ്ബുക്കില്‍ കുറിച്ചു.

ശോഭാ സുബിന്‍ തന്റെ മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്നായിരുന്നു വനിതാ നേതാവിന്റെ പരാതി. ശോഭാ സുബിന് പുറമെ യൂത്ത് കോണ്‍ഗ്രസ് നാട്ടിക നിയോജക മണ്ഡലം പ്രസിഡന്റ് സുമേഷ് പാനാട്ടില്‍, മണ്ഡലം ഭാരവാഹി അഫ്സല്‍ എന്നിവര്‍ക്കെതിരെയും യുവതി പരാതി നല്‍കിയിട്ടുണ്ട്.

പരാതിയുടെ അടിസ്ഥാനത്തില്‍ മതിലകം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊടുങ്ങല്ലുര്‍ ഡി.വൈ.എസ്.പിക്ക് നല്‍കിയ പരാതിയിലാണ് മതിലകം പൊലീസ് കേസെടുത്തത്.

പരാതിയില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ യുവതിയെ സമീപിച്ചെങ്കിലും പരാതിയുമായി മുന്നോട്ട് പോകാന്‍ തന്നെയായിരുന്നു അവരുടെ തീരുമാനം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കയ്പമംഗലമം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്നു ശോഭ സുബിന്‍.

അതേസമയം, കഴിഞ്ഞ ദിവസം പരാതിക്കാരി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.
പരാതി നല്‍കിയതിന് പിന്നാലെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് യുവതി കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്ന് നേരിട്ടുകൊണ്ടിരുന്നത്. യുവതിയെ മോശക്കാരിയാക്കി ചിത്രീകരിച്ച് കൊണ്ടാണ് സൈബര്‍ ലോകത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രചരണം നടത്തിയത്.

യുവതിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്ന ഭീഷണിയും ഇവര്‍ ഉയര്‍ത്തിയിരുന്നു. ഇതിന്റെ വേണ്ടി സൃഷ്ടിച്ച ടെലിഗ്രാം ഗ്രൂപ്പിന്റെ സ്‌ക്രീന്‍ഷോട്ടുകളും പുറത്തുവന്നിരുന്നു.

യുവതിയുടെ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് മുസ്‌ലിം ലീഗ് സൈബര്‍ പോരാളി യാസര്‍ എടപ്പാളും ഭീഷണിയുയര്‍ത്തിയിരുന്നു.


Content Highlights: Women leader files complaint against Shobha Subin for leaving politics

We use cookies to give you the best possible experience. Learn more