അഹമ്മദാബാദ്: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തിലെ ആളാണെന്നു കരുതി ഭിക്ഷാടകയായ സ്ത്രീയെ ജനക്കൂട്ടം തല്ലിക്കൊന്നു.
അഹമ്മദാബാദിലാണ് ജനകൂട്ടം ഭിക്ഷാടനം നടത്തി ഉപജീവനം കണ്ടെത്തുന്ന ശാന്തദേവി നാഥി (45) നെക്രൂരമായി തല്ലിക്കൊന്നത്.
ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്നു പേരെയും (അശുദേവി നാഥ്, ലിലദേവി നാഥ്, അനാസി നാഥ്) നാട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചിട്ടുണ്ട്.
അഹമ്മദാബാദിലെ വദജിലൂടെ ഓട്ടോയില്‍ പോകുകയായിരുന്ന ഇവരെ നാട്ടുകാര്‍ തടഞ്ഞുവെച്ച് മര്‍ദ്ദിക്കുകയായിരുന്നു.
Also Read: സി.പി.ഐ.എം കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയാല്‍ ഇടതുമുന്നണി വിടും: ഫോര്‍വേര്‍ഡ് ബ്ലോക്ക്
എഴുനൂറോളം വരുന്നയാളുകളുടെ നേതൃത്വത്തിലാണ് നാല് സ്ത്രീകളെയും മര്‍ദ്ദിച്ചത്. സമീപത്തുണ്ടായിരുന്ന പൊലീസുകാര്‍ ഇവരെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റിരുന്നു.
സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ കഥകള്‍ വിശ്വസിച്ചാണ് ജനക്കൂട്ടം സ്ത്രീയെ കൊന്നതെന്ന് ഹിന്ദു പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ശാന്തിബെന്‍ മാര്‍വാടി വിഭാഗത്തില്‍പ്പെട്ട ആളാണ് ഈ യുവതി.
അഹമ്മദാബാദിലെ വജദ് എന്ന സ്ഥലത്തുവെച്ചാണ് യുവതിക്ക് മര്‍ദനമേറ്റത്. തുടര്‍ന്ന് അഹമ്മദാബാദ് സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി അവിടെ വെച്ചാണ് മരിക്കുന്നത്.
നാലു ഭിക്ഷാടകരായ സ്ത്രീകള്‍ സിറ്റിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ കറങ്ങിനടക്കുന്നുവെന്ന വ്യാജ പ്രചരണം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നതായി ഹിന്ദുവിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതുകണ്ട് സംശയിച്ചാണ് ജനക്കൂട്ടം യുവതിയെ ആക്രമിച്ചത്. യുവതിയുടെ കൂടെയുണ്ടായിരുന്ന മറ്റു മൂന്ന് സ്ത്രീകള്‍ക്കും മര്‍ദ്ദനമേറ്റിട്ടുണ്ട്. രാജസ്ഥാനില്‍ നിന്നാണ് യുവതികള്‍ ഭിക്ഷാടനത്തിനുവേണ്ടി അഹമ്മദാബാദില്‍ എത്തിയത്.
തിരിച്ചറിയാത്ത മുപ്പതു പേര്‍ക്കെതിരെ കേസെടുത്തെന്നും തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണമെന്നും പൊലീസ് പറഞ്ഞു.
സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന കുട്ടികളെ തട്ടികൊണ്ടുപോകലുമായി ബന്ധപ്പെട്ട വീഡിയോകളും സന്ദേശങ്ങളും വിശ്വസിക്കരുതെന്ന് പൊലീസ് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
കൂടാതെ വ്യാജ സന്ദേശങ്ങള്‍ ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.
കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നു എന്ന പേരില്‍ തമിഴ്‌നാട്, ആന്ധ്രപ്രദേശ്, ആസാം, ഒറീസ, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ ജനക്കൂട്ടം ഭിക്ഷാടകരെ മര്‍ദ്ദിക്കുകയും കൊലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.