പത്തനംതിട്ടയില്‍ മന്ത്രവാദത്തിനിടെ യുവതി കൊല്ലപ്പെട്ടു
Daily News
പത്തനംതിട്ടയില്‍ മന്ത്രവാദത്തിനിടെ യുവതി കൊല്ലപ്പെട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th October 2014, 10:43 am

catching-fireപത്തനംതിട്ട: പത്തനംതിട്ടയില്‍ മന്ത്രവാദത്തിനിടെ യുവതി കൊല്ലപ്പെട്ടു. വടശേരിക്കര സ്വദേശിനി ആതിരയാണ് കൊല്ലപ്പെട്ടത്. ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ ഇന്നലെ രാത്രി മന്ത്രവാദം നടത്തുന്നതിനിടെയാണ് യുവതി കൊല്ലപ്പെട്ടത്.

യുവതിയുടെ വീട്ടില്‍വെച്ചാണ് മന്ത്രവാദം നടന്നതെന്നാണ് പോലീസ് പറയുന്നത്. യുവതിയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുണ്ട്. കൈകളില്‍ കര്‍പ്പൂരം കൊണ്ട് പൊള്ളിച്ചിട്ടുണ്ടെന്നും പോലീസ് പറയുന്നു.

മന്ത്രവാദത്തെത്തുടര്‍ന്ന് അബോധാവസ്ഥയിലായ യുവതിയെ ഇന്നലെ രാത്രിയാണ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ആശുപത്രിയില്‍ എത്തുമ്പോഴേക്കും യുവതി മരിച്ചിരുന്നെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ മൃതദേഹം അവിടുന്ന് കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അധികൃതര്‍ ഇടപെട്ട് ഇത് തടഞ്ഞു. തുടര്‍ന്ന് മൃതദേഹം ആശുപത്രിയില്‍ ഉപേക്ഷിച്ച് ബന്ധുക്കള്‍ പോയി.

അധികൃതര്‍ അറിയിച്ചതനുസരിച്ച് രാവിലെ ആശുപത്രിയില്‍ പോലീസെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമേ യുവതിയുടെ മരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പറയാന്‍ കഴിയൂവെന്നും പോലീസ് അറിയിച്ചു. പത്തനംതിട്ട എസ്.പിയുടെ നേതൃത്വത്തിലാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുന്നത്.

മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.