റാണ അയൂബ് എന്ന ഇന്ത്യയിലെ പ്രധാന വനിതാ മാധ്യമപ്രവര്‍ത്തകരിലൊരാള്‍ക്കെതിരെ, 2021 ജനുവരി മുതല്‍ മെയ് വരെയുള്ള വെറും അഞ്ച് മാസത്തിനുള്ളില്‍, ട്വിറ്ററില്‍ വന്ന അബ്യൂസീവ് ട്വീറ്റുകളുടെ എണ്ണം 22,505 ആണ്. ഇത് കേള്‍ക്കുമ്പോള്‍ ഇന്നത്തെ ഇന്ത്യയുടെ സ്ഥിതി വെച്ച് വലിയ അത്ഭുതമൊന്നും ചിലര്‍ക്കെങ്കിലും തോന്നണമെന്നില്ല. പക്ഷെ ഈ ട്വീറ്റുകളൊന്നും അങ്ങനെ സ്വാഭാവികമായി ഉണ്ടായി വന്നതല്ലെന്നും ഇതിനെല്ലാം പിന്നില്‍ ഒരൊറ്റ ആപ്പാണെന്നും അറിഞ്ഞാലോ…
അതായത്, ഈ ആയിരക്കണക്കിന് വിദ്വേഷ ട്വീറ്റുകളെല്ലാം പടച്ചുവിട്ടത് ടെക് ഫോഗ് എന്ന ആപ്പാണ്. സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രചരണത്തിനും ഹാഷ്ടാഗ് ട്രെന്‍ഡുകള്‍ സൃഷ്ടിക്കാനും ബി.ജെ.പി ഐ.ടി സെല്ലിന്റെ നേതൃത്വത്തില്‍ ടെക് ഫോഗ് എന്ന രഹസ്യ ആപ്പ് ഉപയോഗിക്കുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട ദി വയറിന്റെ പുതിയ റിപ്പോര്‍ട്ടിലാണ് വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന ആക്രമണത്തെ കുറിച്ച് പറയുന്നത്.
സര്‍ക്കാരിനും ബി.ജെ.പിക്കും സംഘപരിവാറിനുമെതിരെ സംസാരിക്കുന്നവരെ ടാര്‍ഗറ്റ് ചെയ്ത് അവരെ ഓണ്‍ലൈനില്‍ ആക്രമിക്കാനായി രൂപീകരിച്ച ഈ ആപ്പിലെ പ്രധാന ടാര്‍ഗറ്റ് ഗ്രൂപ്പുകളിലൊന്നായിരുന്നു സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിക്കുന്ന വനിതാ മാധ്യമപ്രവര്‍ത്തകര്‍.
ടെക് ഫോഗ് ആപ്പ് വഴി ബി.ജെ.പി ക്രൂരമായ വിദ്വേഷ പ്രചരണം നടത്തിയ പ്രധാന വനിതാ മാധ്യമപ്രവര്‍ത്തകര്‍ ആരെല്ലാമാണ് ? വ്യത്യസ്ത മാധ്യമസ്ഥാപനങ്ങളിലും സ്വതന്ത്രമായും പ്രവര്‍ത്തിക്കുന്ന ഇവര്‍ ഒരുപോലെ ടാര്‍ഗറ്റ് ചെയ്യപ്പെടാനുള്ള കാരണം എന്തായിരിക്കും? എങ്ങനെയാണ് ടെക് ഫോഗ് പ്രവര്‍ത്തിക്കുന്നത്?
ദേശീയ തലത്തിലും അന്തര്‍ ദേശീയ തലത്തിലും ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ മുഖമായി മാറിയ പത്തോളം വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടന്ന വിദ്വേഷ പ്രചരണത്തിന്റെ വിവരങ്ങളാണ് ദി വയര്‍ പുറത്തുവിട്ടിരിക്കുന്നത്. ഇവര്‍ ആരൊക്കെയാണെന്ന് അറിയുന്നതിന് മുന്‍പ് ടെക് ഫോഗ് എന്ന ആപ്പിനെ കുറിച്ച് ചില കാര്യങ്ങള്‍ മനസിലാക്കണം.
ട്വിറ്ററടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ സംഘപരിവാറിന്റെ നേതൃത്വത്തില്‍ വിദ്വേഷ പ്രചരണങ്ങളും ചില വ്യക്തികള്‍ക്കെതിരെ റേപ്പ് ത്രെറ്റും കൊലവിളിയുമടക്കമുള്ള ഓണ്‍ലൈന്‍ ആക്രമണങ്ങളും നടക്കുന്ന സമയത്ത്, ഇതെല്ലാം ചില വ്യക്തികളോ അല്ലെങ്കില്‍ അവരുണ്ടാക്കുന്ന വ്യാജ അക്കൗണ്ടുകള്‍ വഴിയോ നടത്തുന്ന കാര്യങ്ങളാണെന്നായിരുന്നല്ലോ പൊതുധാരണ. എന്നാല്‍ സംഘപരിവാറിന് അനുകൂലമായ ട്രെന്റുകള്‍ സൃഷ്ടിക്കുന്നതും വിദ്വേഷ പ്രചരണങ്ങള്‍ നടത്തുന്നതും വ്യക്തികളല്ല, ആപ്പ് നേരിട്ടുള്ളതാണ് എന്നതാണ് ഞെട്ടിക്കുന്ന വിവരം.
ടെക് ഫോഗ് എന്ന ആപ്പ് വഴി സോഷ്യല്‍ മീഡിയയില്‍ ടെക്സ്റ്റുകള്‍ സ്വയം അപ് ലോഡ് ചെയ്യുക, ബി.ജെ.പി ഐ.ടി സെല്‍ തീരുമാനിക്കുന്ന ഹാഷ്ടാഗുകള്‍ ഉപയോഗിച്ച് ട്വിറ്ററിന്റെ ‘ട്രെന്‍ഡിംഗ്’ വിഭാഗം ഹൈജാക്ക് ചെയ്യുക, ബി.ജെ.പിയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന ഒന്നിലധികം വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ സൃഷ്ടിക്കുകയും നിയന്ത്രിക്കുകയും ചെയ്യുക, ബി.ജെ.പിയെ വിമര്‍ശിക്കുന്ന മാധ്യമപ്രവര്‍ത്തകരെ ഓണ്‍ലൈന്‍ വഴി അധിക്ഷേപിക്കുക എന്നിവയായിരുന്നു പ്രധാനമായും ചെയ്തിരുന്നത്.
ചില ട്വീറ്റുകളും പോസ്റ്റുകളും ഓട്ടോ റീട്വീറ്റ് ചെയ്തും ഓട്ടോ ഷെയര്‍ ചെയ്തും ട്രെന്റിംഗ് സൃഷ്ടിക്കാന്‍ ആപ്പിന് കഴിയും. വ്യക്തികളുടെ നിലവില്‍ ഉപയോഗിക്കാത്ത വാട്സാപ്പ് അക്കൗണ്ടുകള്‍ ഹൈജാക് ചെയ്യാനും വിവിധ നമ്പറുകളിലേക്ക് സന്ദേശങ്ങള്‍ അയക്കാനും ആപ്പ് ഉപയോഗിച്ചിരുന്നു.
ഇതിന് പുറമെ ആളുകളുടെ സ്വഭാവം, പ്രായം, തൊഴില്‍, രാഷ്ട്രീയം എന്നിവ മനസിലാക്കി ഓട്ടോ റിപ്ലെയായി അധിക്ഷേപ സന്ദേശങ്ങള്‍ അയക്കാനും ആപ്പിന് കഴിയും. ഇതാണ് തുടക്കത്തില്‍ സൂചിപ്പിച്ച വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ പ്രധാനമായും ഉപയോഗിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ടെക് ഫോഗിന് സോഷ്യല്‍ മീഡിയയില്‍ ബി.ജെ.പി ഐ.ടി സെല്ലിന് വേണ്ടി വിദ്വേഷ പ്രചരണം നടത്തുന്ന എല്ലാ അക്കൗണ്ടുകളും ഒറ്റയടിക്ക് ഇല്ലാതാക്കാനോ, റീമാപ്പ് ചെയ്ത് മറ്റൊരു അക്കൗണ്ടാക്കി മാറ്റാനോ കഴിയും. വിദ്വേഷപ്രചാരണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തരത്തില്‍ കേസുകള്‍ വന്നാല്‍ തെളിവുകള്‍ എളുപ്പത്തില്‍ നശിപ്പിക്കാനാണിത്.