അഗര്ത്തല: വിശ്വഹിന്ദു പരിഷത്തിന്റെ പരാതിയില് രണ്ട് വനിതാ മാധ്യമപ്രവര്ത്തകര്ക്കെതിരെ എഫ്.ഐ.ആര് രജിസ്റ്റര് ചെയ്തു. വി.എച്ച്.പി നേതാവ് കാഞ്ചന് ദാസ് നല്കിയ പരാതിയിലാണ് നടപടി. മതത്തിന്റെ പേരില് വ്യത്യസ്ത ഗ്രൂപ്പുകള്ക്കിടയില് ശത്രുത വളര്ത്തുന്നു എന്നാരോപിച്ചാണ് എഫ്.ഐ.ആര് രജിസ്റ്റര് ചെയ്തത്.
ത്രിപുരയില് നടക്കുന്ന അക്രമ സംഭവങ്ങള് റിപ്പോര്ട്ട് ചെയ്യാന് വന്ന സമൃദി സകുനിയയ്ക്കും സ്വര്ണ ജായ്ക്കുമെതിരെയാണ് കേസ് രജിസ്റ്റര് ചെയ്തിരിക്കുന്നത്. കാഞ്ചന് ദാസ് നല്കിയ പരാതി പ്രകാരം രണ്ട് ജേര്ണലിസ്റ്റുകള് മുസ്‌ലിം വിഭാഗക്കാരെ സന്ദര്ശിക്കുകയും സംസ്ഥാന സര്ക്കാരിനെതിരെയും ഹിന്ദുക്കള്ക്കെതിരെയും സംസാരിക്കുകയും ചെയ്‌തെന്ന് ആരോപിക്കുന്നു.
സെക്ഷന് 153-എ പ്രകാരം മതത്തിന്റെ അടിസ്ഥാനത്തില് വിവിധ ഗ്രൂപ്പുകള്ക്കിടയില് ശത്രുത വളര്ത്തുന്നു, ഐ.പി.സി സെക്ഷന് 120 (ബി) പ്രകാരം ക്രിമിനല് ഗൂഢാലോചനയുടെ ഭാഗമാണ് എന്നീ കുറ്റങ്ങളാണ് മാധ്യമപ്രവര്ത്തകര്ക്കെതിരെ ചുമത്തിയിരിക്കുന്നത്. ശനിയാഴ്ച്ച രാത്രി പൊലീസുകാര് തങ്ങള് താമസിച്ചിരുന്ന ഹോട്ടലിലേക്ക് വരികയും ഞായാറാഴ്ച്ച എഫ്.ഐ.ആറിന്റെ കോപ്പി കൈമാറുകയുമാണുണ്ടായതെന്ന് ജേര്ണലിസ്റ്റുകള് ട്വീറ്റ് ചെയ്തു.
‘ ഞങ്ങള്ക്ക് അഗര്തലയിലേക്ക് പോകേണ്ടിയിരുന്നു. എന്നാല് അവരതിന് അനുവദിച്ചില്ല. മാത്രമല്ല 16-17 പൊലീസുകാരെ ഹോട്ടലിന് ചുറ്റും നിര്ത്തുകയും ചെയ്തു,’ സമൃദി ട്വീറ്റ് ചെയ്തു. ത്രിപുരയില് കുറച്ചു നാളുകളായി വര്ഗ്ഗീയ സംഘര്ഷങ്ങള് ഉണ്ടായികൊണ്ടിരിക്കുകയാണ്. ബംഗ്ലാദേശില് ഹിന്ദുക്കള്ക്കെതിരെ ആക്രമണം നടത്തുന്നെന്ന് ആരോപിച്ച് വടക്കന് ത്രിപുരയില് വിശ്വഹിന്ദു പരിഷത്ത് നടത്തിയ റാലിയില് പള്ളികള് തകര്ക്കുകയും കടകള് കത്തിക്കുകയും ചെയ്തിരുന്നു ഇതിന് പിന്നാലെയാണ് സംസ്ഥാനത്ത് വര്ഗീയ സംഘര്ഷം ഉണ്ടാകുന്നത്.
മുസ്‌ലിംങ്ങള്ക്കെതിരെ ത്രിപുരയില് നടന്ന ആക്രമണത്തില് പൊലീസ് നിഷ്‌ക്രിയമായാണ് പ്രവര്ത്തിച്ചതെന്ന് ആരോപിച്ച രണ്ട് അഭിഭാഷകര്ക്കെതിരെയും നേരത്തെ പൊലീസ് യു.എ.പി.എ ചുമത്തിയിരുന്നു. സംഭവത്തില് വസ്തുതാന്വേഷണം നടത്തിയ അഭിഭാഷകര്ക്കെതിരെയാണ് യു.എ.പി.എ പ്രകാരം കേസെടുത്തത്.