| Saturday, 25th July 2020, 8:11 am

പാലത്തായി കേസ്; തുടരന്വേഷണം നടത്താന്‍ വനിത ഐ.പി.എസ് ഉദ്യോഗസ്ഥര്‍: കുട്ടിയുടെ മൊഴി വീണ്ടുമെടുക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: പാലത്തായി പീഡനക്കേസിന്റെ തുടരന്വേഷണത്തില്‍ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥരും. കാസര്‍ഗോഡ് എസ്.പി ഡി ശില്‍പ്പ, കണ്ണൂര്‍ നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി രേഷ്മ രമേശ് എന്നിവരെയാണ് അന്വേഷണത്തില്‍ പുതുതായി നിയമിച്ചത്.

നിലവിലെ കേസന്വേഷണത്തിന്റെ ചുമതല ഐ.ജി ശ്രീജിത്തിനാണ്. പ്രതിയായ ബി.ജെ.പി നേതാവായ അധ്യാപകനെ സംരക്ഷിക്കാന്‍ ഇദ്ദേഹം ശ്രമിക്കുന്നതായി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

അതേസമയം ഈ അന്വേഷണത്തില്‍ സംശയം പ്രകടിപ്പിച്ച് കുട്ടിയുടെ കുടുംബം രംഗത്ത് വന്നതോടെയാണ് പുതിയ നിയമനമെന്നാണ് സൂചന.

കേസില്‍ പ്രതിയായ അധ്യാപകനെതിരെ പോക്‌സോ ചുമത്താതെയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. തുടരന്വേഷണത്തിന് വനിത ഉദ്യോഗസ്ഥര്‍ എത്തുന്നതോടെ കുട്ടിയുടെ മൊഴി വീണ്ടുമെടുക്കും. പോക്‌സോ ചുമത്തണമെന്ന കാര്യത്തില്‍ കുട്ടിയുടെ ഇനിയുള്ള മൊഴി അടിസ്ഥാനപ്പെടുത്തിയാകും തീരുമാനമെടുക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വലിയ അപാകതകളുണ്ടെന്ന് കാട്ടി തുടരന്വേഷണം വേണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി അംഗീകരിച്ചിരുന്നു.

കുട്ടിയുടെ മൊഴി ഓഡിയോയായും വീഡിയോയായും രേഖപ്പെടുത്തണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Latest Stories

We use cookies to give you the best possible experience. Learn more