കായിക മത്സരങ്ങളിലെ സ്ത്രീകളുടെ വസ്ത്രധാരണമാണല്ലോ നിലവില്‍ ഒളിംപിക്‌സിലും മൊത്തത്തില്‍ സ്‌പോര്‍ട്‌സ് മേഖലയിലും നടക്കുന്ന പ്രധാന ചര്‍ച്ചാവിഷയം. നാളുകളായി നടക്കുന്ന ഈ ചര്‍ച്ച ഇപ്പോള്‍ മുഖ്യധാരയിലേക്ക് കൊണ്ടുവന്നത് ടോക്കിയോ ഒളിംപിക്‌സില്‍ മത്സരിച്ച
ജര്‍മനിയുടെ വനിതാ ജിംനാസ്റ്റിക്‌സ് ടീമും, യൂറോപ്യന്‍ ബീച്ച് ഹാന്‍ഡ് ബോള്‍ ചാംപ്യന്‍ഷിപ്പില്‍ മത്സരിച്ച നോര്‍വേയുടെ വനിതാ ഹാന്‍ഡ് ബോള്‍ ടീമും ബ്രിട്ടീഷ് പാരാലിംപിക് അത്‌ലീറ്റ് ഒലീവിയ ബ്രീനുമാണ്.
ടോക്കിയോ ഒളിംപിക്‌സില്‍ ജര്‍മന്‍ വനിതാ ജിംനാസ്റ്റിക്‌സ് ടീം, സാധാരണ വനിതാ ജിംനാസ്റ്റിസ് ധരിക്കുന്ന ബിക്കിനി കട്ടായ ലിയോ ടാര്‍ഡ് എന്ന വസ്ത്രത്തിന് പകരം പുരുഷന്മാര്‍ ധരിക്കുന്ന തരത്തിലുള്ള കണങ്കാല്‍ വരെയെത്തുന്ന യൂണി ടാര്‍ഡ് എന്ന വസ്ത്രം ധരിച്ചതായിരുന്നു രണ്ട് ദിവസം മുന്‍പ് ചര്‍ച്ചയായത്.
തൊട്ടടുത്ത ദിവസം ബിക്കിനിക്ക് പകരം ഷോട്സ് ധരിച്ച് കളിക്കാനിറങ്ങിയ നോര്‍വേയുടെ വനിതാ ബീച്ച് ഹാന്‍ഡ്ബോള്‍ ടീമിന് യൂറോപ്യന്‍ ഹാന്‍ഡ്ബോള്‍ ഫെഡറേഷന്‍ 1500 യൂറോ പിഴ ചുമത്തിയത് ചര്‍ച്ചയായി. ഇത് ടോക്കിയോ ഒളിംപിക്‌സിലല്ലായിരുന്നു.
ഒളിംപിക്‌സിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ ധരിക്കുന്ന വസ്ത്രത്തെ കുറിച്ച് വിവിധ രാജ്യങ്ങളിലെ വനിതാ കായിക താരങ്ങള്‍ വിമര്‍ശനമുയര്‍ത്തിയിരുന്നു. സ്ത്രീത്വം തുളുമ്പുന്ന വസ്ത്രങ്ങള്‍ ധരിക്കണമെന്ന് ഈ രാജ്യങ്ങളിലെ സ്‌പോര്‍ട്‌സ് അതോറിറ്റികള്‍ ആവശ്യപ്പെട്ടതായിരുന്നു വിമര്‍ശനങ്ങള്‍ക്കിടയാക്കിയത്.
ഒളിംപിക്‌സ് ആരംഭിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പാണ് പാരാലിംപിക്‌സ് താരമായ ഒലീവിയ ബ്രീന്‍ ഇംഗ്ലിഷ് ചാംപ്യന്‍ഷിപ്പില്‍ വസ്ത്രത്തിന്റെ പേരില്‍ ഒഫീഷ്യലിന്റെ ഭാഗത്തുനിന്നുമുണ്ടായ മോശം കമന്റിനെ കുറിച്ച് തുറുന്നുപറഞ്ഞത്. താന്‍ ധരിച്ച ഷോട്‌സ് വളരെ ചെറുതാണെന്നും അത് അനുയോജ്യമല്ലെന്നുമാണ് ഈ ഒഫീഷ്യല്‍ പറഞ്ഞതെന്നും അത് തന്നെ തന്നെ ശരിക്കും ഞെട്ടിച്ചെന്നുമായിരുന്നു ഒലീവിയ പറഞ്ഞത്.
Thank you everyone for all your lovely supportive messages and I’m sorry to hear that it has happened to so many other people. Some people have asked what I was competing in yesterday so here is a picture.
I don’t think it is “ objectionable” within the UKA regulations pic.twitter.com/rnTPoTxGAz
— oliviabreen (@BreenOlivia) July 19, 2021
സ്ത്രീകളുടെ വസ്ത്രത്തിന് നീളം കുറഞ്ഞെന്നും സഭ്യമല്ലെന്നും പറഞ്ഞുള്ള ചര്‍ച്ചകളും വസ്ത്രത്തിന് നീളം കൂടി അത് ആ മത്സരത്തിനുള്ള നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് പറഞ്ഞ് അധികൃതര്‍ നടപടി സ്വീകരിക്കുന്നതും മുന്‍ കാലങ്ങളിലേതു പോലെ ഇപ്പോഴും തുടരുകയാണ്.
2018ല്‍ യു.എസ്. ഓപ്പണില്‍ ഫ്രഞ്ച് താരം ആലിസ് കോര്‍നെറ്റ് കോര്‍ട്ടിന് പുറകില്‍ വെച്ച് ടോപ് മാറിയപ്പോള്‍ സ്‌പോര്‍ട്‌സ് ബ്രാ പുറത്തുകണ്ടു എന്നതിന്റെ പേരില്‍ വാണിങ്ങായിരുന്നു നേരിട്ടത്. കായികതാരങ്ങളുടെ പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണിതെന്നായിരുന്നു അധികൃതര്‍ പറഞ്ഞത്. സംഭവത്തില്‍ പ്രതിഷേധം കനത്തതോടെ യു.എസ്. ഓപ്പണ്‍ അധികൃതര്‍ മാപ്പ് രേഖപ്പെടുത്തിയിരുന്നു.
2019ല്‍ അമേരിക്കന്‍ ടെന്നിസ് ഇതിഹാസം സെറീന വില്യംസിന്റെ ഫുള്‍ ബോഡി ക്യാറ്റ് സ്യൂട്ട് ഫ്രഞ്ച് ഓപ്പണ്‍ അധികൃതര്‍ അനുവദിച്ചില്ല. ഇതിനൊക്കെ മുന്‍പ് 1985ല്‍ ടെന്നിസ് താരം ആന്‍ വൈറ്റ് ധരിച്ച മുഴുക്കൈ വസ്ത്രം അനുയോജ്യമല്ലെന്നായിരുന്നു വിമ്പിള്‍ഡണ്‍ അധികൃതര്‍ സ്വീകരിച്ച നിലപാട്.
ഇത്തരത്തില്‍ ടെന്നിസില്‍ മാത്രമല്ല, മറ്റു പല കായിക മത്സരങ്ങളിലും സ്ത്രീകള്‍ അവരുടെ ഇഷ്ടവും കംഫര്‍ട്ടും അടിസ്ഥാനമാക്കി ധരിക്കുന്ന വ്‌സ്ത്രങ്ങളുടെ പേരില്‍ കടുത്ത വിവേചനത്തിന് വിധേയമായിട്ടുണ്ട്.
കായിക മത്സരങ്ങളിലെ യൂണിഫോം സംബന്ധിച്ച് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള നിയമങ്ങളില്‍ തന്നെ ഈ വിവേചനം വ്യക്തമാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
പുരുഷന്മാര്‍ക്കുള്ള നിബന്ധനകള്‍ പലപ്പോഴും ഏറെ കുറവായിരിക്കുമെന്നും അവരുടെ യൂണിഫോമിനെ കുറിച്ച് കാര്യമായ ചര്‍ച്ചകളോ നടപടികളോ നടക്കാറില്ലെന്നുമാണ് ഇവര്‍ പറയുന്നത്. എന്നാല്‍ സ്ത്രീകളുടെ വസ്ത്രത്തിന്റെ കാര്യത്തില്‍ നേരത്തിരിച്ചാണ് സംഭവിക്കുന്നതും
സ്‌പോര്‍ട്‌സും അതിലൈംഗികവത്കരണവും
സ്ത്രീകള്‍ മത്സരിക്കുന്ന കായിക ഇനങ്ങളെ അതിലൈംഗികവത്കരിക്കുന്നുവെന്ന പരാതികള്‍ വിവിധ ഘട്ടങ്ങളിലായി ഉയര്‍ന്നുവന്നിട്ടുണ്ട്. ജിംനാസ്റ്റിക്‌സ്, ബീച്ച് വോളിബോള്‍, ബീച്ച് ഹാന്‍ഡ് ബോള്‍, നീന്തല്‍ തുടങ്ങിയ മത്സരങ്ങളാണ് ഏറ്റവും കൂടുതല്‍ സെക്ഷ്വലൈസ് ചെയ്യപ്പെടുന്ന കായിക ഇനങ്ങളായി കണക്കാക്കപ്പെടുന്നത്. ഈ മത്സരങ്ങളുടെ ടെലിവിഷന്‍ സംപ്രേക്ഷണത്തില്‍ സ്ത്രീ ശരീരഭാഗങ്ങള്‍ കാണിക്കുന്ന രീതിയിലൂടെ തന്നെ വളരെ വ്യക്തമാണ്.
ഇക്കാര്യം ചൂണ്ടിക്കാണിച്ച് പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് കായിക ഇനങ്ങള്‍ സംപ്രക്ഷേണം ചെയ്യുന്നതില്‍ പുതിയ തീരുമാനം കെക്കൊള്ളുന്നതായി ഒളിംപിക് ബ്രോഡ്കാസ്റ്റിംഗ് സര്‍വീസ് കഴിഞ്ഞ ദിവസം അറിയിച്ചത്.
സ്പോര്‍ട്സ് ദൃശ്യങ്ങള്‍ക്കാണ് തങ്ങള്‍ പ്രാധാന്യം കൊടുക്കുക അല്ലാതെ ലൈംഗികത കലര്‍ന്ന ദൃശ്യങ്ങള്‍ക്കായിരിക്കില്ലെന്നാണ് അധികൃതര്‍ പറഞ്ഞത്. ശരീരത്തിന്റെ ചില ഭാഗങ്ങള്‍ ക്ലോസപ്പ് ചെയ്തുള്ള കവറേജുകള്‍ ഇനി കാണില്ല. പല മാധ്യമങ്ങളും വനിതാ അത്ലറ്റുകളെ നോക്കിക്കാണുന്നത് അത്ലറ്റുകള്‍ മാത്രമായിട്ടല്ലെന്നും മോശമായ രീതിയില്‍ കവറേജ് നല്‍കുന്നുണ്ടെന്നും ഇത് ശരിയായ നടപടിയല്ലെന്നും ഒളിംപിക് ബ്രോഡ്കാസ്റ്റിംഗ് അധികൃതര്‍ പറഞ്ഞിരുന്നു.
വനിതാ കായിക താരങ്ങള്‍ എന്ത് ധരിക്കണം എന്ത് ധരിക്കാന്‍ പാടില്ലായെന്ന് തീരുമാനിക്കുന്നത് ആരാണ് ?
സാധാരണയായി ഓരോ കായിക ഇനത്തിന്റെയും ഏറ്റവും ഉയര്‍ന്ന അന്താരാഷ്ട്ര ബോഡിയാണ് യൂണിഫോം സംബന്ധിച്ച തീരുമാനമെടുക്കുന്നത്. ഒളിംപിക്‌സിലെത്തുമ്പോള്‍ അതത് രാജ്യങ്ങളിലെ ഒളിംപിക് കമ്മിറ്റികള്‍ക്ക് തങ്ങളുടെ പ്രതിനിധികളുടെ യൂണിഫോമില്‍ അവസാന തീരുമാനമെടുക്കാനാകും.
ഈ യൂണിഫോം നിര്‍ണയത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന പല ഘടകങ്ങളുണ്ട്. സ്‌പോര്‍ട്‌സ് ഒരിക്കലും ആ മത്സരം നടക്കുന്ന ട്രാക്കിലോ കോര്‍ട്ടിലോ അവസാനിക്കില്ല. അതിലെ ബിസിനസും സ്‌പോണ്‍സര്‍മാരും സംപ്രേക്ഷണവും പരസ്യവുമൊക്കെ ഇന്ന് സ്‌പോര്‍ട്‌സിന്റെ ഭാഗമാണ്. അതുകൊണ്ട് തന്നെ പണവും വിപണന മൂല്യവും വ്യാപാര താല്‍പര്യവുമൊക്കെ ഈ യൂണിഫോമില്‍ വലിയ ഘടകങ്ങളാകുന്നുണ്ട്.
ഏതൊരു കായിക ഇനത്തിന്റെയും ടൂര്‍ണമെന്റിന്റെയും ഇന്റര്‍നാഷണല്‍ ബോഡികളുടെ അംഗങ്ങളും തലപ്പത്തിരിക്കുന്നവരും ഭൂരിഭാഗവും പുരുഷന്മാരാണ്. ഇത് ഈ യൂണിഫോം നിര്‍ണയത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട് എന്നാണ് വനിതാ കായികതാരങ്ങളും ഈ രംഗത്തെ വിദഗ്ധരുമെല്ലാം പലപ്പോഴായി ചൂണ്ടിക്കാണിച്ചിട്ടുള്ളത്.
യൂണിടാര്‍ഡ് ധരിച്ചെത്തിയ ജര്‍മന്‍ ജിംനാസിസ്റ്റ് എലിസബത്ത് സെെറ്റ്സും ബിക്കിനി കട്ട് ലിയോടാര്‍ഡ് ധരിച്ചുകൊണ്ട് തന്നെ മത്സരിക്കുന്ന അമേരിക്കന്‍ ജിംനാസിസ്റ്റ് സിമോണ്‍ ബൈല്‍സും ഈ വിഷയത്തില്‍ നടത്തിയ പ്രതികരണങ്ങളുണ്ട്. വനിതാ കായികതാരങ്ങളുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ടു നടക്കുന്ന ചര്‍ച്ചകളെ നമുക്ക് ഈ രണ്ട് പ്രസ്താവനകളിലൂടെ ഏറ്റവും വ്യക്തമായി പറയാനാകും.
എല്ലാ സ്ത്രീകളോടും, എല്ലാവരോടുമായി ഒരു കാര്യം മാത്രമാണ് ഞങ്ങള്‍ക്ക് ഇതിലൂടെ പറയാനുണ്ടായിരുന്നത്, നിങ്ങളെന്ത് ധരിക്കണമെന്ന് തീരുമാനിക്കേണ്ടത് നിങ്ങള്‍ തന്നെയാണ് എന്നാണ് എലിസബത്ത് സീറ്റ്‌സ് പറഞ്ഞത്.
ജര്‍മന്‍ ടീം യുനിടാര്‍ഡ് ധരിച്ചതിന് പിന്നാലെ ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് മറുപടിയായി ലിയോ ടാര്‍ഡ് ധരിക്കാനാണ് തനിക്ക് ഇഷ്ടമെന്നായിരുന്നു സിമോണ്‍ ബൈല്‍സ് പറഞ്ഞത്.
‘ലിയോ ടാര്‍ഡില്‍ എനിക്ക് കൂടുതല്‍ ഉയരും തോന്നും. എനിക്ക് മത്സരങ്ങളില്‍ അത് ധരിക്കാനാണ് ഇഷ്ടം. പക്ഷെ ജര്‍മന്‍ ടീം അവര്‍ക്ക് ഇഷ്ടപ്പെട്ട കംഫര്‍ട്ടബിളുമായ വസ്ത്രം ധരിക്കാന്‍ തീരുമാനച്ചതിനെ ഞാന്‍ പിന്തുണക്കുന്നു. യൂണിടാര്‍ഡോ ലിയോടാര്‍ഡോ ആവട്ടെ, എന്ത് ധരിക്കണമെന്നുള്ളത് ഓരോരുത്തരുടെയും തീരുമാനമാണ്,’ എന്നാണ് സിമോണ്‍ ബൈല്‍സ് പറഞ്ഞത്.
അവസാനമായി, ലിയോ ടാര്‍ഡിന് പകരം കണങ്കാല്‍ വരെ മൂടുന്ന യൂണിടാര്‍ഡ് ധരിക്കാന്‍ ജര്‍മന്‍ ടീം തീരുമാനിച്ചതിന് പിന്നാലെ വനിതാ കായികതാരങ്ങളും പൊതുവെ സ്ത്രീകളും ഇതു കണ്ട് പഠിക്കണമെന്നും ബിക്കിനിയോ മറ്റു ചെറിയ വസ്ത്രങ്ങളോ ധരിക്കരുതെന്നുമുള്ള ചില ചര്‍ച്ചകളും ഉയര്‍ന്നു കേട്ടിരുന്നു. ഇത്തരം ചര്‍ച്ചകള്‍ ആ കായികതാരങ്ങള്‍ മുന്നോട്ടുവെച്ച ആശയത്തിന് നേര്‍വിപരീതമായ ദിശയിലേക്കാണ് കാര്യങ്ങളെ തിരിച്ചുവിടുന്നത്.
ബിക്കിനിയാണോ ഷോര്‍ട്‌സാണോ, ലോങ് സ്ലീവാണോ ഷോട് സ്ലീവാണോ, ഫുള്‍ ബോഡി സ്യൂട്ടാണോ ഷോട് സ്‌കേര്‍ട്ടാണോ, ഇതില്‍ ഏതാണ് നല്ലത് മോശം എന്നുള്ളതല്ല, തനിക്ക് ഏറ്റവും കംഫര്‍ട്ടബിളായ രീതിയില്‍ ഏറ്റവും മികച്ച രീതിയില്‍ പെര്‍ഫോം ചെയ്യാന്‍ സാധിക്കുന്ന തരത്തിലുള്ള വസ്ത്രം തെരഞ്ഞെടുക്കാനുള്ള ഓരോ വനിതാ കായികതാരത്തിന്റെയും സ്വാതന്ത്ര്യവും അവകാശവുമാണ് ഇവിടെ വിഷയം.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Women in sports against sexualization through uniforms in Olympics and other games