കോഴിക്കോട്: വീണ്ടും സ്ത്രീവിരുദ്ധ പരാമര്‍ശവുമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ(എ.പി വിഭാഗം) ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍. സ്ത്രീകള്‍ പൊതുരംഗത്തിറങ്ങുന്നത് അക്രമവും നാശവുമുണ്ടാക്കുമെന്നാണ് കാന്തപുരം പറഞ്ഞത്. കോഴിക്കോട് ചെറുവാടിയില്‍ അല്‍ ബനാ സ്ഥാപനങ്ങളുടെ രജതജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
“സ്ത്രീകളെ പുരുഷന്മാരെപ്പോലെ രംഗത്തിറങ്ങാന്‍ ഇസ്‌ലാം അനുവദിച്ചിട്ടില്ല. അതിന് കാരണങ്ങളുണ്ട്. അനുകൂലിക്കുന്നവര്‍ക്കും എതിര്‍ക്കുന്നവര്‍ക്കും ആ കാരണങ്ങളറിയാം. പുരുഷന്മാരെപ്പോലെ സ്ത്രീകള്‍ രംഗത്തിറങ്ങിയാല്‍ നാശവും അക്രമവും ബുദ്ധിമുട്ടുമുണ്ട് എന്ന് അനുഭവത്തിന്റെ വെളിച്ചത്തില്‍ ധാരാളം അറിയാവുന്നവരാണ്.” എന്നാണ് കാന്തപുരം പ്രസംഗിച്ചത്.
ഇത് ആദ്യമായല്ല കാന്തപുരം സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ പൊതുവേദിയില്‍ ഉയര്‍ത്തുന്നത്. ലിംഗസമത്വം പ്രകൃതിവിരുദ്ധവും മനുഷ്യത്വവിരുദ്ധവുമാണെന്നാണ് മുന്‍പ് കാന്തപുരം പ്രസംഗിച്ചത്. 2015 നവംബറില്‍ കോഴിക്കോട് ടൗണ്‍ഹാളില്‍ സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷന്‍ സംഘടിപ്പിച്ച പരിപാടിയിലാണ് മുന്‍പ് കാന്തപുരം സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയത്.
സ്ത്രീയും പുരുഷനും സമന്മാരാണെന്ന് പറയാന്‍ കഴിയില്ല. സ്ത്രീയേക്കാള്‍ മനക്കരുത്ത് പുരുഷനാണ്. പ്രതിസന്ധിയുണ്ടാകുമ്പോള്‍ സ്ത്രീ വിറച്ചുപോകും.
പ്രകൃതി സ്ത്രീയ്ക്കും പുരുഷനും ഒരോ ചുമതലകള്‍നല്‍കിയിട്ടുണ്ട്. സ്ത്രീയ്ക്ക് ആഹാരം ഉണ്ടാക്കുകയും കുട്ടികളെ പ്രസവിക്കുകയും അവരെ വളര്‍ത്തുകയും ചെയ്യണമെന്നതാണ് ചുമതല. അവര്‍ക്കേ പ്രസവിക്കാന്‍ കഴിയൂ. പുരുഷന് ഭരണപരമായ ചുമതലയാണ് പ്രകൃതി നല്‍കുന്നത്. പുരുഷന്‍ അധ്വാനിച്ച് വീട്ടില്‍ വരുമ്പോള്‍ അവന് ആഹാരം ഉണ്ടാക്കിക്കൊടുക്കേണ്ടവളാണ് സ്ത്രീ. അതാണ് സ്ത്രീയുടെ ചുമതല. ലോകനടത്തിപ്പ് തന്നെ അതാണ് കാണിക്കുന്നതെന്നാണ് അന്ന് കാന്തപുരം പറഞ്ഞത്.
Watch Doolnews Special: ഒഴുകാൻ മറന്ന ബേപ്പൂർ-കല്ലായി കനാൽ