| Tuesday, 23rd March 2021, 7:01 pm

നിങ്ങളുടെ സ്ത്രീകളെവിടെ രാഷ്ട്രീയപ്പാര്‍ട്ടികളേ...?

ഷഫീഖ് താമരശ്ശേരി

സമൂഹത്തിന്റെ എല്ലാവിധ മണ്ഡലങ്ങളിലും സ്ത്രീയ്ക്കും പുരുഷനും തുല്യമായ അവകാശവും അധികാരവും ഉറപ്പുവരുത്തുന്നതാണ് നമ്മുടെ മതനിരപേക്ഷ ജനാധിപത്യ ഭരണഘടനയെങ്കിലും സ്വാതന്ത്ര്യത്തിന്റെ ഏഴ് പതിറ്റാണ്ടുകള്‍ക്കിപ്പുറവും ഇന്ത്യന്‍ സമൂഹത്തില്‍ ദയനീയ അവഗണനയും അവകാശ നിഷേധവും നേരിടുകയാണ് സ്ത്രീകള്‍ എന്ന് വ്യക്തമാക്കുന്നതാണ് കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥിപ്പട്ടികകള്‍.

86 അംഗങ്ങളുള്ള സി.പി.ഐ.എമ്മിന്റെ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ 12 സ്ത്രീകള്‍ മാത്രമാണുള്ളത്. 93 അംഗ കോണ്‍ഗ്രസ് പട്ടികയില്‍ കേവലം ഒമ്പത് പേര്‍ മാത്രമാണ് സ്ത്രീകള്‍. 25 അംഗ സി.പി.ഐ പട്ടികയില്‍ രണ്ടേ രണ്ട് സ്ത്രീകള്‍ മാത്രമാണ് ഇടം പിടിച്ചത്. 27 മണ്ഡലങ്ങളില്‍ മത്സരിക്കുന്ന മുസ്ലിം ലീഗില്‍ ഒരു സ്ത്രീ മാത്രം മത്സര രംഗത്ത്. കേരള കോണ്‍ഗ്രസ് ചരിത്രത്തിലാദ്യമായി ഒരു വനിതയ്ക്ക് ഇത്തവണ സീറ്റ് നല്‍കി.

സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ രാഷ്ട്രീയ രംഗത്തെ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുന്ന കാര്യത്തില്‍ ഇരുമുന്നണികളും മാതൃകയായപ്പോഴും സ്ത്രീകളോട് മര്യാദ കാട്ടാന്‍ മാത്രം നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇനിയും സാധിക്കുന്നില്ല എന്നതാണ് വസ്തുത. കേരളത്തിലെ ആകെയുള്ള വോട്ടര്‍മാരുടെ 53 ശതമാനം, അതായത് പകുതിയിലധികവും സ്ത്രീകളായിട്ടും സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ ഇപ്പോഴും സ്ത്രീകളുടെ സാന്നിധ്യം പത്ത് ശതമാനത്തില്‍ താഴെ മാത്രമാണ്.

കേരളത്തില്‍ ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പിന്റെ സമയത്ത് കൂടുതല്‍ സ്ത്രീ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചത് വലിയ രീതിയില്‍ പ്രചാരണായുധമാക്കിയ പാര്‍ട്ടികളൊന്നും തന്നെ ആ തീരുമാനം നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിച്ചതായി കണ്ടില്ല. കേരള നിയമസഭയിലേക്ക് ഇന്നോളം തെരഞ്ഞെടുക്കപ്പെട്ട 916 പേരില്‍ വെറും 44 പേര്‍ മാത്രമാണ് സ്ത്രീകള്‍. അതായത് 5 ശതമാനത്തില്‍ താഴെ മാത്രം.

വര്‍ഷങ്ങള്‍ക്ക് മുമ്പേ തന്നെ ഒരു സ്ത്രീ പ്രധാനമന്ത്രിയായ രാജ്യമാണ് ഇന്ത്യ. ഇന്ത്യയുടെ പ്രസിഡണ്ട് ആയും സ്ത്രീ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ മുഖ്യമന്ത്രിയായിട്ടുമുണ്ട്. എന്നിട്ടും 1957 മുതല്‍ ഇതുവരെ കോണ്‍ഗ്രസ് മുന്നണിയും ഇടതുമുന്നണിയും മാറിമാറി ഭരിച്ച കേരളത്തില്‍ വനിത മുഖ്യമന്ത്രി പോയിട്ട് വനിത സ്പീക്കര്‍ പോലും ഉണ്ടായിട്ടില്ല.

2011 ലെയും 2016 ലെയും നിയമസഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് 8ഉം 9ഉം സീറ്റുകളാണ് സ്ത്രീകള്‍ക്ക് നല്‍കിയത്. 2011 ല്‍ ഒരാള്‍ മാത്രം ജയിച്ചെങ്കില്‍ 2016ല്‍ ആരും ജയിച്ചില്ല. ഇതിനര്‍ത്ഥം സ്ത്രീകളെ മത്സരിപ്പിക്കുമ്പോള്‍ പോലും പാര്‍ട്ടികള്‍ ഒട്ടും വിജയസാധ്യതയില്ലാത്ത സീറ്റുകള്‍ നല്‍കി വിമര്‍ശനങ്ങളെ തടയുക മാത്രമാണ് എന്നതാണ്. അല്ലാതെ സ്ത്രീകള്‍ നിയമസഭയിലെത്താന്‍ ഇവര്‍ ആഗ്രഹിക്കുന്നേയില്ല. 2011 ല്‍ 10 സീറ്റിലും 2016 ലും 2021 ലും 12 സീറ്റിലും സ്ത്രീകളെ മത്സരിപ്പിക്കാന്‍ തയ്യാറായ ഇടതുപക്ഷം വിജയസാധ്യതയുള്ള പകുതി സീറ്റെങ്കിലും സ്ത്രീകള്‍ക്ക് നല്‍കാന്‍ തയ്യാറായി എന്നത് ആശ്വാസകരമാണ് എങ്കിലും സ്ത്രീവിമോചന രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന ഇടതുപക്ഷം സ്ത്രീകള്‍ക്ക് തുല്യപരിഗണന നല്‍കാന്‍ ഇനിയും തയ്യാറാകാത്തത് ഖേദകരമാണ്.

ജനംഖ്യയില്‍ പകുതി വരുന്ന ഒരു വിഭാഗം രാഷ്ട്രീയാധികാരത്തില്‍ പങ്കാളികളാക്കപ്പെടാതെ പുറത്തുനിര്‍ത്തപ്പെടുന്ന ഈ അനീതി കേരളം നേടിയെന്നവകാശപ്പെടുന്ന എല്ലാവിധ സാമൂഹിക പുരോഗതികള്‍ക്കും മേലുള്ള പോറലുകള്‍ തന്നെയാണ്. കാരണം ഏതൊരു സമൂഹത്തിന്റെയും സാമൂഹ്യപുരോഗതിയെ വിലയിരുത്തുന്നതിനുള്ള മികച്ച മാനദണ്ഡമാണ് ആ സമൂഹത്തിലെ സ്ത്രീകളുടെ സാമൂഹ്യപദവി.

ഇവിടെ നിയമനിര്‍മാണസഭകളിലും രാഷ്ട്രീയാധികാര തലങ്ങളിലും തങ്ങളുടെ ന്യായമായ ആവശ്യങ്ങളും പ്രശ്നങ്ങളും അതിന്റെ പരിഹാരവും എല്ലാം അവതരിപ്പിക്കാന്‍ സ്ത്രീകള്‍ക്ക് അവസരം ലഭിക്കാത്തിടത്തോളം നമ്മുടെ നാട് സ്ത്രീകളോട് നീതി പുലര്‍ത്തുന്നു എന്ന് പറയാനാവില്ല. രാഷ്ട്രീയ വ്യവഹാരങ്ങളില്‍ സ്ത്രീകള്‍ അവരുടെ കരുത്തുറ്റ പങ്കാളിത്തം അടയാളപ്പെടുത്തുന്ന കാലം കൂടിയാണിത്. ഇന്ത്യയിലെ പൗരത്വ വിരുദ്ധ പ്രക്ഷോഭങ്ങളുടെ പോര്‍മുഖങ്ങളില്‍ മുന്നിലുണ്ടായിരുന്നത് സ്ത്രീകളായിരുന്നു.

രാജ്യത്തെ നിലവില്‍ പിടിച്ചുകുലുക്കുന്ന കര്‍ഷകസമരത്തില്‍ സ്ത്രീകളുടെ സാന്നിധ്യം അവിസ്മരണീയമാണ്. വിദ്യാര്‍ത്ഥി സമരങ്ങളും തൊഴില്‍ പ്രക്ഷോഭങ്ങളുമടക്കം പോയ കാലങ്ങളില്‍ നമ്മുടെ രാജ്യം സാക്ഷ്യം വഹിച്ച അനേകം സമരങ്ങളുടെ മുന്നണിപ്പോരാളികള്‍ സ്ത്രീകളായിരുന്നു. എന്നിട്ടും രാഷ്ട്രീയ പാര്‍ട്ടികള്‍ മാത്രം സ്ത്രീകള്‍ യോഗ്യരല്ലെന്ന് വിധിക്കുന്നതിന്റെ കാരണം നൂറ്റാണ്ടുകളായി ഇവിടുത്തെ വ്യവസ്ഥാപിത പുരുഷ സമൂഹം കയ്യടക്കി വെച്ചിരിക്കുന്ന അധികാരക്കുത്തകക്ക് കോട്ടം തട്ടുമെന്ന പുരുഷഭീതി മാത്രമാണ്.

നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നിലനിന്നിരുന്ന രാജഭരണകാലം, പിന്നീടുവന്ന കൊളോണിയല്‍ അധിനിവേശ കാലം, അതിന് ശേഷം നാമെത്തിച്ചേര്‍ന്ന സ്വാതന്ത്ര്യത്തിന്റെ ജനാധിപത്യകാലം. ഇങ്ങനെ നമ്മുടെ നാടിന്റെ രാഷ്ട്രീയ ഭൂതകാലം എക്കാലത്തും പുരുഷന്‍മാരായ അധികാരികളിലൂടെയായിരുന്നു ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ടിരുന്നത്. ജനസംഖ്യയുടെ പാതിഭാഗമായ സ്ത്രീകള്‍ക്ക് നേതൃത്വഗുണമോ ഭരണനിര്‍വഹണ ശേഷിയോ ഇല്ലാത്തതുകൊണ്ടായിരുന്നില്ല ഇത്. പൊതു കാര്യങ്ങളില്‍ സ്ത്രീകള്‍ക്കിടമില്ലാത്ത പരമ്പരാഗത മൂല്യ വ്യവസ്ഥയായിരുന്നു എല്ലാത്തിനും കാരണം.

ഗ്രാമീണ തലത്തില്‍ പഞ്ചായത്ത് തല തെരഞ്ഞെടുപ്പുകളില്‍ നടപ്പാക്കപ്പെട്ട സ്ത്രീ സംവരണം മാത്രമാണ് ഇതില്‍ നിന്നും വ്യത്യസ്തമായ ഒരു ഉദാഹരണം. ഇന്ത്യയുടെ ഗ്രാമങ്ങളില്‍ കരുത്തുറ്റ വനിതകളെ സൃഷ്ടിച്ചെടുക്കുന്നതിന് സ്ത്രീ സംവരണം കാരണമായിട്ടുണ്ട്. 1993ലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നല്‍കുന്ന 73, 74ാമത് ഭരണഘടനാ ഭേദഗതി രാജ്യത്ത് നിലവില്‍ വന്നത്. അതുവരെ പൊതുധാരയിലും ഭരണ നേതൃത്വത്തിലും അര്‍ഹമായ പ്രാതിനിധ്യം ഇല്ലാതിരുന്ന ഇന്ത്യന്‍ സ്ത്രീകള്‍ക്ക് അവസരസമത്വം സൃഷ്ടിക്കാനും ഭരണ നേതൃത്വത്തിലേക്ക് അവരെ എത്തിക്കാനുമുള്ള ശ്രമങ്ങളിലൊന്നായിരുന്നു അത്.

പലവിധ പ്രതിസന്ധികളെയും അതിജീവിച്ചുകൊണ്ട് നടപ്പിലാക്കപ്പെട്ട ആ നിര്‍ണായക തീരുമാനത്തിന്റെ ഫലമായി പതിനായിരക്കണക്കിന് സ്ത്രീകള്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലൂടെ രാജ്യത്തിന്റെ ഗ്രാമീണ അധികാര സ്ഥാപനങ്ങളിലേക്കെത്തി. ഗ്രാമീണ മേഖലയിലെ ഭരണ കേന്ദ്രങ്ങളുടെ ചുക്കാന്‍ പിടിക്കാന്‍ സ്ത്രീകളും മുന്‍ നിരയിലേക്ക് വന്നു തുടങ്ങി.

പിന്നീടുവന്ന വര്‍ഷങ്ങളില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളില്‍ സ്ത്രീകളും അങ്കത്തിനിറങ്ങി. സ്ത്രീകള്‍ വോട്ട് തേടി വീടുവിട്ട് പുറത്തിറങ്ങി. ഗ്രാമങ്ങളില്‍ സ്ത്രീകളുടെ ശബ്ദവും ഉയര്‍ന്നു കേട്ടു. അവര്‍ രാഷ്ട്രീയ മണ്ഡലത്തിലേക്ക് ഉറച്ച കാല്‍വെപ്പുകള്‍ നടത്തി. രാജ്യത്തങ്ങോളമിങ്ങോളമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആദ്യഘട്ടത്തില്‍ അത്ര എളുപ്പമായിരുന്നില്ല വനിതാ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുക എന്നത്. അത്രയും കാലം സ്ത്രീകള്‍ക്ക് പ്രാതിനിധ്യം നല്‍കാത്ത എല്ലാ പാര്‍ട്ടികള്‍ക്കും 33 ശതമാനം വനിതാ സംവരണം തികയ്ക്കാന്‍ വലിയ രീതിയില്‍ പ്രയാസപ്പെടേണ്ടി വന്നു.

വനിതാ സംവരണത്തിലൂടെ അനേകം സ്ത്രീകളാണ് കേരളത്തില്‍ പ്രാദേശിക തെരഞ്ഞെടുപ്പ് രാഷ്ട്രീയ രംഗത്തേക്ക് കടന്നുവന്നത്. ഇതില്‍ പലരും ഇപ്പോഴും തെരഞ്ഞെടുപ്പ് രംഗത്ത് സജീവമായി തുടരുന്നു. ഒറ്റത്തവണ തെരഞ്ഞെടുപ്പില്‍ വിജയിച്ച് പിന്നീട് മത്സരരംഗത്ത് നിന്ന് തന്നെ വിട്ടു നിന്നവരും അനേകമാണ്. നിയമം മൂലം സംവരണം നിലനില്‍ക്കുന്നത് കൊണ്ട് മാത്രം സ്ത്രീകളെ മുന്നില്‍ നിര്‍ത്തി പിറകില്‍ നിന്ന് പുരുഷന്‍മാര്‍ തന്നെ ഭരണം കയ്യാളുന്ന പ്രവണതയും വ്യാപകമായിരുന്നു. പുരുഷന്മാരുടെ ഡമ്മിയായി, പുരുഷന്‍മാര്‍ തീരുമാനിക്കുന്ന കാര്യങ്ങള്‍ മാത്രം നടപ്പിലാക്കാന്‍ ഒരു അധികാര സ്ഥാനത്തിരിക്കാന്‍ സാധിക്കില്ലെന്ന നിലപാടിലുറച്ച് രാജിവെച്ച് പുറത്ത് പോയവരുമുണ്ട്.

2005ലെ പഞ്ചായത്തീ രാജ് ആക്ടിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെക്കുള്ള തെരഞ്ഞെടുപ്പിലെ വനിതാ സംവരണം 50 ശതമാനമായി കേരളം ഉയര്‍ത്തി. പക്ഷേ അപ്പോഴും നിയമസഭയിലേക്കുള്ള സ്ത്രീകളുടെ പ്രാതിനിധ്യം ഉയര്‍ത്താനുള്ള നിയമനിര്‍മ്മാണം ഇന്ത്യയിലെവിടെയും നടപ്പിലായിട്ടില്ല. രാജ്യത്ത് ഏറെ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കമിട്ടേക്കാവുന്ന, പാര്‍ലമെന്റിലും നിയമസഭയിലുമുള്ള സ്ത്രീ സംവരണം തുടര്‍ച്ചയായി തഴയപ്പെടുകയായിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 50 ശതമാനം സംവരണമേര്‍പ്പെടുത്തിയെന്ന് അഭിമാനത്തോടെ പറയുന്ന രാഷ്ട്രീയ കക്ഷികള്‍ക്കാര്‍ക്കും നിയമസഭയിലും പാര്‍ലമെന്റിലും സംവരണം നടപ്പിലാക്കാന്‍ യാതൊരു ഉത്സാഹവും കണ്ടില്ല.

ഗ്രാമീണ തലത്തിലെ വനിതാ സംവരണം ഗുണകരമായ ഒട്ടേറെ പ്രതിഫലനങ്ങള്‍ സൃഷ്ടിച്ചിട്ടും പാര്‍ലമെന്റിലും നിയമസഭയിലും വനിതാ സംവരണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ബില്ല് ഇന്നും എവിടെയും എത്തിയിട്ടില്ല. 1996 സെപ്തംബര്‍ 12ന് ലോക്്സഭയില്‍ യുണൈറ്റഡ് ഫ്രണ്ട് ഗവണ്‍മെന്റാണ് സ്ത്രീകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്ന ബില്ല് ആദ്യം അവതരിപ്പിക്കുന്നത്. പുരുഷ കേന്ദ്രീകൃതമായ സഭയുടെ അംഗീകാരം ലഭിക്കാത്ത ബില്ല് ജോയിന്‍ പാര്‍ലമെന്ററി കമ്മിറ്റിയിലേക്ക് റഫര്‍ ചെയ്യപ്പെട്ടു. 1998 എന്‍.ഡി.എയും വനിതാ സംവരണ ബില്ല് അവതരിപ്പിച്ചു. അതും ഫലം കണ്ടില്ല. 1999ലും, 2002ലും 2003ലും ബില്ല് വീണ്ടും അവതരിപ്പിക്കപ്പെട്ടെങ്കിലും വിജയം കണ്ടില്ല. പിന്നീട് 2008ല്‍ യു.പി.എ സര്‍ക്കാര്‍ രാജ്യസഭയില്‍ വനിതാ സംവരണ ബില്ല് പാസാക്കിയെടുത്തെങ്കിലും ഇതുവരെ ലോക്സഭയില്‍ ബില്ല് പാസായില്ല. മഹാഭൂരിപക്ഷവും പുരുഷന്മാര്‍ മാത്രമായിരിക്കുന്ന ലോക്സഭയില്‍ പാര്‍ലമെന്റിലെ വനിതാ സംവരണം ഇനിയെന്ന് പാസാകുമെന്ന് അറിയുകയുമില്ല.

അങ്ങേയറ്റം എതിര്‍പ്പുകള്‍ നേരിടുന്ന ബില്ലുകള്‍ പോലും നിഷ്്പ്രയാസം പാസാക്കിയെടുക്കാനുള്ള അംഗബലവും പിന്തുണയും രാജ്യം ഭരിക്കുന്ന കക്ഷിക്കുണ്ട് എന്നതിന്റെ ഉദാഹരണം നാം നിരവധി തവണ കണ്ടതാണ്. എന്നിട്ടും സ്ത്രീസംവരണ ബില്ല് മാത്രം പുറം ലോകം കാണാതെ ചുവപ്പ് നാടയില്‍ കരുങ്ങിക്കിടക്കുന്നതിന്റെ കാരണം ആ ബില്ലില്‍ ഇവിടുത്തെ ഭരണകൂടത്തിന് യാതൊരു താത്പര്യവുമില്ല എന്നത് തന്നെയാണ്.

കേരളത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തുവന്നതിന് പിന്നാലെയുണ്ടായ കോളിളക്കങ്ങള്‍ ഒരര്‍ത്ഥത്തില്‍ രാഷ്ട്രീയപരമായി ഏറെ ഗുണം ചെയ്യുന്നതാണ്. സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതികാ സുഭാഷ് നടത്തിയ പ്രതിഷേധങ്ങളും രാജിയും രാഷ്ട്രീയപ്പാര്‍ട്ടികളുടെ സ്ത്രീവിവേചനങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചു.

നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകളില്‍ സ്ത്രീകളുടെ രാഷ്ട്രീയ പ്രാതിനിധ്യ വിഷയത്തില്‍ എല്ലാ പാര്‍ട്ടികളും നടപ്പാക്കിവരുന്ന പുരുഷ പക്ഷപാതിത്വം മുമ്പെങ്ങുമില്ലാത്തവിധം തുറന്നുകാട്ടപ്പെടുന്നതും തെരഞ്ഞെടുപ്പുവേളയില്‍ ചര്‍ച്ചാവിധേയമാകുന്നതും ആശാവഹമായ കാര്യം തന്നെയാണ്.

കേരളത്തിന്റെ രാഷ്ട്രീയാധികാരമണ്ഡലങ്ങളില്‍ നിന്നും പുരുഷന്‍മാരാല്‍ അയിത്തം കല്‍പ്പിക്കപ്പെട്ട് പുറത്താക്കപ്പെടുന്ന സ്ത്രീകളുടെ പ്രതിഷേധം ഫലം കാണുമെന്ന് പ്രതീക്ഷിക്കാം. ആയിരക്കണക്കിന് ഇന്ത്യന്‍ ഗ്രാമങ്ങളില്‍ അരക്ഷിതാവസ്ഥകളോട് പൊരുതി ഭരണം നടത്തുന്ന കരുത്തുറ്റ സ്ത്രീകള്‍ നമ്മുടെ പാര്‍ലെമെന്റിലും നിയമസഭകളിലുമെത്തുമെന്ന് പ്രതീക്ഷിക്കാം. കേരളത്തിനും ഒരു വനിതാ മുഖ്യമന്ത്രിയും ശക്തരായ നിരവധി വനിതാ മന്ത്രിമാരുമുണ്ടാകുന്ന ദിവസത്തിനായി കാത്തിരിക്കാം.

ഷഫീഖ് താമരശ്ശേരി

മാധ്യമപ്രവര്‍ത്തകന്‍