| Monday, 7th November 2016, 7:08 pm

ഉണരുന്നൂ, മുസ്‌ലിം ലോകത്തെ പെണ്ണുങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുസ്‌ലിം ലോകത്തെ ആര്‍ജ്ജവമുള്ള മറ്റു വനിതാ വ്യക്തിത്വങ്ങളില്‍ നിന്ന് വ്യത്യസ്തമായി 1994ല്‍ സൗത് ആഫ്രിക്കയിലെ കേപ് ടൗണിലെ ഒരു പള്ളിയില്‍ 1994ല്‍ അവര്‍ ജുമുഅ(വെള്ളിയാഴ്ച നമസ്‌കാരം) പ്രഭാഷണം നിര്‍വഹിച്ചു. പൗരോഹിത്യ പ്രഭുത്വത്തിന്റെ തലക്കേറ്റ ശക്തമായ  പ്രഹരമായി അതു വായിക്കപ്പെട്ടു. അതും നടന്ന് പത്തു വര്‍ഷം കഴിഞ്ഞ് 2005ല്‍ വെള്ളിയാഴ്ച ജുമുഅക്ക് തന്നെ അവര്‍ നേതൃത്വം നല്‍കി. സ്ത്രീകളും പുരുഷന്‍മാരും വേര്‍തിരിവില്ലാതെ ആ വനിതക്കു പിന്നില്‍ അണിനിരന്നു. 


കേരളത്തിന്റെ പരിസരത്തില്‍ ഇസ്‌ലാമിക് ഫെമിനിസം ഒരു സജീവ ചര്‍ച്ചാവിഷയമായി ഉയര്‍ന്നുവരുന്നത് പത്തു വര്‍ഷം മുമ്പ് മാത്രമാണെന്ന് തോന്നുന്നു. അതാവട്ടെ മാര്‍ഗോ ബദ്രാന്‍ എന്ന യു.എസ് വനിതയുടെ പേരുമായി ചേര്‍ത്തുകൊണ്ടായിരുന്നു. ഫറൂഖ്‌കോളജ് സോഷ്യോളജി വിഭാഗം സംഘടിപ്പിച്ച ഒരു സെമിനാറില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അവര്‍. “ഇസ്‌ലാമിക് ഫെമിനിസം” എന്ന വിഷയത്തിലായിരുന്നു  പ്രഭാഷണം.

കേരളത്തിന്റെ മുസ്‌ലിം പരിസരങ്ങള്‍ ഏറെ സംശയദൃഷ്ടിയോടെയായിരുന്നു അവരുടെ സന്ദര്‍ശനത്തെ നോക്കിക്കണ്ടതെന്ന് ഓര്‍ക്കുന്നു.  നേരത്തെ വിദേശ പുസ്തകങ്ങളില്‍ മാത്രം വായിച്ചറിഞ്ഞ ഇസ്‌ലാമിക ഫെമിനിസം എന്ന “അപകടം” കണ്‍മുന്നില്‍ കണ്ടതുകൊണ്ടായിരുന്നു അത്. പൗരസ്ത്യ ലോകത്ത് ഒരു അപായകരമോ, അസ്വസ്ഥതയുളവാക്കുന്നതോ ആയ ഈ പദം ഇവിടുത്തെ മുസ്‌ലിം വേദികളിലും സമാനമായ അവസ്ഥയെയാണ് നേരിട്ടത്.

അതിനൊരു കാരണവുമുണ്ടായിരുന്നു. പൊതു, സ്വകാര്യ ഇടങ്ങളിലെ ലിംഗ സമത്വം എന്ന പാശ്ചാത്യന്‍ സ്ത്രീവാദത്തിന്റെ ചുവടു പിടിച്ചായിരുന്നു ഇസ്‌ലാമിക ഫെമിനിസത്തിന്റെ വരവും. വ്യാവസായിക വിപ്ലവാനന്തരം പത്തൊന്‍പതാം നൂറ്റാണ്ടില്‍ പടിഞ്ഞാറില്‍ ദേശീയതയും സ്ത്രീ വാദവും ഉദയം ചെയ്തതിന് പിറകെയായിരുന്നു മുസ്‌ലിം ലോകത്ത് ഇസ്‌ലാമിക് ഫെമിനിസത്തിന്റെ സാധ്യതകള്‍ ഉയര്‍ന്നുവന്നത്.

അതുകൊണ്ടുതന്നെ തികച്ചും മതേതരവും വൈദേശികവുമായ ഒരു ഉല്‍പന്നമായി മുസ്‌ലിംലോകം ഇതിനെ കണ്ടതില്‍ അത്ഭുതപ്പെടാനില്ല. പാട്രിയാര്‍ക്കല്‍ ബോധത്താല്‍ ഇസ്‌ലാമിനകത്ത് പരിചരിച്ചുപോന്ന ഏകപക്ഷീയവും ഏകമുഖവുമായ വീക്ഷണങ്ങളെ  പൊതു സമൂഹത്തില്‍ കുറെക്കൂടി അരക്കിട്ടുറപ്പിക്കാന്‍ സഹായിച്ചു ആ പ്രതിരോധം.
വൈവിധ്യപൂര്‍ണമായ ഒരു ആദര്‍ശ സംഹിതയെ ഏകതാനമായ ഒരു ചരടിലേക്ക് കോര്‍ത്തു കെട്ടി തകര്‍ക്കാനുള്ള പതിവു ശ്രമത്തിന്റെ ഭാഗമായുള്ളതാണ് ഈ വൈദേശിക ആശയം എന്ന വാദവും ഉയര്‍ന്നുവന്നു.

ഇസ്‌ലാമിക് ഫെമിനിസത്തിന്റെ വക്താവായിട്ടല്ലായിരുന്നു മാര്‍ഗോ ബദ്രാന്‍ ഇവിടെയത്തെിയത്. ഇസ്‌ലാമിക് ഫെമിനിസത്തെ പാശ്ചാത്യന്‍ ഫെമിനിസവുമായി ചേര്‍ത്തുവായിക്കാനും ഇതിന്റെ ഉള്‍പിരിവുകള്‍ മനസിലാക്കാനും ഉള്ള  ശ്രമം നടത്തുകയായിരുന്നു അവര്‍.

മാര്‍ഗോ ബദ്രാന്‍

സ്ത്രീവിമോചനം എന്ന ആശയത്തിന് ഇസ്‌ലാമിനകത്ത് നിലനില്‍ക്കാന്‍ ആവില്ല എന്ന പാശ്ചാത്യ മുന്‍വിധിയും മുസ്‌ലിംലോകത്തെ അടിച്ചമര്‍ത്താനുള്ള പുതിയ ആയുധമാണ് ഇസ്‌ലാമിക് ഫെമിനിസമെന്ന പൗരസ്ത്യ മത വീക്ഷണവും പഠന പരിശോധനാ വിധേയമാക്കുകയായിരുന്നു അതിലൂടെ. അത് എന്തുതന്നെ ആയാലും എഴുത്തുകളിലും പ്രഭാഷണങ്ങളിലും ഈ വാക്കിനെയും ആശയത്തെയും പ്രതിരോധിക്കാനും അന്ധമായി വിമര്‍ശന വിധേയമാക്കാനുമുള്ള ശ്രമങ്ങള്‍ പിന്നീടങ്ങോട്ട് ഇവിടെ സജീവമായി നടന്നതായി കാണാം.

ഇപ്പോഴും അതു തടരുന്നു. ഏറ്റവും ഒടുവില്‍ സൗദി രാജകുമാരി അമീറ ബുര്‍ഖ ഉപേക്ഷിച്ചപ്പോഴും പലരും ആക്രോശിച്ചത് അവര്‍ ഇസ്‌ലാമിന് പുറത്തായെന്നും പാശ്ചാത്യ സ്ത്രീവിമോചനവാദം തലക്കു പിടിച്ചെന്നുമായിരുന്നു. ഒരു വിശ്വാസിയായിക്കൊണ്ട് തന്നെ അമീറ നടത്തി വരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളൊന്നും തന്നെ മൂടിപ്പുതക്കേണ്ട ഒരു ശരീരമെന്ന കാഴ്ചപ്പാടിനപ്പുറത്തേക്ക് അവരെ അംഗീകരിക്കാന്‍ ഈ പറയുന്ന നാവുകളെ അനുവദിച്ചില്ല.

മുസ്‌ലിം ലോകത്തെ പെണ്ണുണര്‍വുകള്‍ക്കു നേരെ പുരുഷ പൗരോഹിത്യം എക്കാലത്തും എടുത്തുപയോഗിച്ച മൂര്‍ച്ചയേറിയ ആയുധമായിരുന്നു അവരുടെ ശരീരവും ബാഹ്യ പ്രകൃതിയുമെന്നതിനാല്‍ ഇതില്‍ ഏറെ അത്ഭുതപ്പെടാനുമില്ല.  പതിറ്റാണ്ടുകളായി മൂടപ്പെട്ടു കിടന്ന  ഒരു വര്‍ഗത്തിന്റെ  പ്രതിനിധിയായാണ് അമീറ രംഗപ്രവേശം ചെയ്തതെന്ന തീവ്ര യാഥാര്‍ത്ഥ്യത്തിനു നേരെ ഇക്കൂട്ടര്‍ ഒന്നടങ്കം കണ്ണടച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍, വിശേഷിച്ച് അറേബ്യന്‍ നാടുകളില്‍ വൈജ്ഞാനികമായും സര്‍ഗപരമായും ഉണര്‍വ്വിന്റെയും വിമോചനത്തിന്റെയും അന്വേഷണ വഴികളിലാണ് ഇന്ന് മുസ്‌ലിം സ്ത്രീകള്‍.  ഒരു വശത്ത് മൂടിപ്പുതപ്പിക്കേണ്ട ശരീരമായി അവളെ ഉയര്‍ത്തിക്കാണിക്കുന്ന ശ്രമങ്ങള്‍ പതിവില്‍ കവിഞ്ഞ ഊക്കോടെ നടക്കുമ്പോള്‍ മറുവശത്ത് ഇസ്‌ലാമിന്റെ ഏറ്റവും സജീവമായ മനുഷ്യപക്ഷ വായനകള്‍  നടത്തി ആധുനിക സമൂഹത്തിനു മുന്നില്‍ കയറിനില്‍ക്കാന്‍ എന്തുകൊണ്ടും പ്രാപ്തി നേടിക്കൊണ്ടിരിക്കുകയാണ് അവര്‍.

അടുത്തപേജില്‍ തുടരുന്നു

ആമിന വദൂദ്‌

ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, മുസ്‌ലിം “നവോത്ഥാന ” ത്തിന് ഏറെ വളക്കൂറുള്ള മണ്ണെന്ന് കൊട്ടിഘോഷിക്കുന്ന കേരളത്തില്‍ ഇത്തരം നവീകരണ ശ്രമങ്ങളെ ” തികഞ്ഞ പുച്ഛത്തോടെ പുറം കാല്‍ കൊണ്ട് ചവിട്ടിത്തൊ ഴിക്കുന്നതാണ്  കാണാനാവുന്നത്.

മാര്‍ഗോ ബദ്രാനെ വിശ്വാസ പരിസരത്തിനു പുറത്തുനിന്നുള്ള വനിതയെന്ന നിലയില്‍  ഒച്ചപ്പാടുയര്‍ത്തി എളുപ്പം തള്ളാനായെങ്കില്‍ ലോകം അറിയപ്പെടുന്ന ഇസ്‌ലാമിക പണ്ഡിതയായ ആമിനാ വദൂദിന്റെ കാര്യത്തില്‍ അങ്ങനെയുമായിരുന്നില്ല. ഇസ്‌ലാമിന്റെ വിമോചപരതക്ക് ആശയതലത്തില്‍ നിന്നുമാത്രമല്ല, കര്‍മപരമായിതന്നെ ശക്തി പകര്‍ന്നു കൊണ്ടിരിക്കുന്ന ആമിന വദൂദിനെ പൂര്‍ണമായി അവഗണിക്കുകയാണ് ചെയ്തത്.

2013ല്‍ ഉണ്ടായ സംഭവം അതിനൊരുദാഹരണമാണ്.  മദ്രാസ് സര്‍വകലാശാലയില്‍ “ജന്റര്‍ ആന്റ് റിഫോംസ് ഇന്‍ ഇസ്‌ലാം” എന്ന പേരില്‍ സംഘടിപ്പിച്ച വദൂദിന്റെ പ്രഭാഷണം പൊടുന്നനെ റദ്ദാക്കി. ഒരു മുസ്‌ലിം സംഘടന അതിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്നതിനെ തുടര്‍ന്നായിരുന്നു അത്.

അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്കുവേണ്ടി ആമിന വദൂദ് എന്ന “പുരോഗമന ആശയക്കാരി ” ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളെ വളച്ചൊടിക്കുകയാണെന്നായിരുന്നു അവര്‍ക്കെതിരെ ഉന്നയിക്കപ്പെട്ട മുഖ്യ ആരോപണം. കേരളത്തിലെ എല്ലാ മതസംഘടനകളും ഇതേ നിലപാടാണ് അവരോട് പുലര്‍ത്തിപ്പോന്നത്.

മദ്രാസ് യൂണിവേഴ്‌സിറ്റിയിലേക്കുള്ള യാത്രയ്ക്ക് മുമ്പ് അവര്‍ കേരളത്തില്‍ ഉണ്ടായിരുന്നു. ഇവിടുത്തെ “സജീവ”മായ മത സാമൂഹ്യ അന്തരീക്ഷത്തില്‍ നല്ലൊരു ബൗദ്ധിക സംവാദത്തിന് വദൂദ് ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍,  മതസംഘടനകള്‍ അവരെപ്പോലൊരു “അപകട”ത്തെ പൂര്‍ണമായി അവഗണിക്കുകയായിരുന്നുവെന്നും പിന്നീട് അറിയാന്‍ കഴിഞ്ഞു.

അമീറ

സധീരം ഇസ്‌ലാമിന്റെ മാനവപക്ഷ വായനകള്‍ നടത്തി ലോകത്തില്‍ തന്നെ ശ്രദ്ധേയായ  ഒരു വനിതയുടെ അത്യപൂര്‍വമായ സാന്നിധ്യം അതിനാല്‍ തന്നെ ഇവിടെയുള്ള ജ്ഞാനാന്വേഷികള്‍ അറിയാതെ പോയി.  ഒന്നിച്ചു ചേര്‍ന്ന് വളഞ്ഞുനിന്ന് അദൃശ്യമായ കോട്ട കെട്ടി ഇത്തരം ആശയങ്ങളെ കടത്തിവിടാതെ തടുത്തു നിര്‍ത്തുന്നതില്‍ ഇവിടെയുള്ള സമുദായ നേതൃത്വങ്ങളും അവരുടെ അണികളും എല്ലാ കാലത്തും ബദ്ധശ്രദ്ധ പുലര്‍ത്തിപ്പോന്നിട്ടുണ്ട്.

ഇസ്‌ലാമിന്റെ അകത്തുള്ള വിമോചന സാധ്യതകളെ അന്വേഷണങ്ങളിലൂടെയും പഠനങ്ങളിലുടെയും തിരിച്ചറിഞ്ഞ്  അതിനെ ആശ്ലേഷിക്കുന്നതുവരെ, ഒരു ആഫ്രോഅമേരിക്കന്‍ കുടുംബത്തിലെ മേരി ടെസ്ലി ആയിരുന്നു  ആമിന വദൂദ്.

മുസ്‌ലിം ലോകത്തെ ആര്‍ജ്ജവമുള്ള മറ്റു വനിതാ വ്യക്തിത്വങ്ങളില്‍ നിന്ന് വ്യത്യസ്തമായി 1994ല്‍ സൗത് ആഫ്രിക്കയിലെ കേപ് ടൗണിലെ ഒരു പള്ളിയില്‍ 1994ല്‍ അവര്‍ ജുമുഅ(വെള്ളിയാഴ്ച നമസ്‌കാരം) പ്രഭാഷണം നിര്‍വഹിച്ചു. പൗരോഹിത്യ പ്രഭുത്വത്തിന്റെ തലക്കേറ്റ ശക്തമായ  പ്രഹരമായി അതു വായിക്കപ്പെട്ടു. അതും നടന്ന് പത്തു വര്‍ഷം കഴിഞ്ഞ് 2005ല്‍ വെള്ളിയാഴ്ച ജുമുഅക്ക് തന്നെ അവര്‍ നേതൃത്വം നല്‍കി.

സ്ത്രീകളും പുരുഷന്‍മാരും വേര്‍തിരിവില്ലാതെ ആ വനിതക്കു പിന്നില്‍ അണിനിരന്നു.  ഇതോടെ കേരളത്തിലടക്കമുള്ള സാമ്പ്രദായിക മുസ്‌ലിം ലോകത്ത് ഇവര്‍ അടുപ്പിക്കാന്‍ പാടില്ലാത്ത അത്യപകടകാരിയായി മാറി. എന്നാല്‍, ഇത്തരം അവഹേളനങ്ങളും ഭീഷണികളും  ഗൗനിക്കാതെ യു.എസ്, ദക്ഷിണേഷ്യ, ആഫ്രിക്ക, യൂറോപ് തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തന്റെ അന്വേഷണങ്ങളും വായനകളും പ്രചരിപ്പിക്കുന്ന തിരക്കിലാണ് ഇന്നുമവര്‍.

വിര്‍ജീനിയ കോമണ്‍വെല്‍ത്ത് സര്‍വകലാശാലയില്‍ 1999ല്‍ റിലിജ്യന്‍ ആന്റ് ഫിലോസഫി വിഭാഗത്തില്‍ പ്രൊഫസറായി കയറിയ ആമിനാ വദൂദ് 2008ലാണ് അവിടെ നിന്ന് വിരമിച്ചത്. “ഖുര്‍ആന്‍ ആന്റ് വുമണ്‍”  എന്ന പുസ്തകം മാത്രം മതി അവരുടെ  അറിവിന്റെയും അന്വേഷണ ത്വരയുടെയും ആഴം മനസ്സിലാക്കിത്തരാന്‍.

ഇസ്‌ലാമിക് ഫെമിനിസം സ്വതന്ത്രമായ അസ്ഥിത്വം കൈവരിക്കുന്നു

കേരളത്തില്‍ ഇസ്‌ലാമിക് ഫെമിനിസം എന്ന ടെര്‍മിനോളജി വൈകിയെത്തിയ ഒന്നാണെങ്കില്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തോടെ തന്നെ ഈ ആശയം പുറംലോകത്ത് ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ആ സമയത്ത് മുഹമ്മദ് അബ്ദു, ജമാലുദ്ദീന്‍ അഫ്ഘാനി തുടങ്ങിയ ഇസ്‌ലാമിക ചിന്തകര്‍ ഉല്‍പാദിപ്പിച്ച ചിന്താപരമായ ഉണര്‍വ് വക്കം മൗലവിയെപ്പോലുള്ള നവോത്ഥാന നായകര്‍ കേരളത്തിലേക്കും കൊണ്ടു വന്നിരുന്നു.

മുസ്‌ലിം സ്ത്രീകളുടെ ആധുനിക വിദ്യാഭ്യാസത്തിനു വേണ്ടി വാദിച്ച അദ്ദേഹത്തിന്റെ രചനകളില്‍ സ്ത്രീ സ്വതന്ത്രവാദം, സമത്വവാദം തുടങ്ങിയ വാക്കുകളെ ധാരാളമായി ഉപയോഗിച്ചതായി കാണാം. പക്ഷെ, അതിന് തുടര്‍ച്ചയുണ്ടായില്ലെന്ന് മാത്രമല്ല, ബോധപൂര്‍വ്വമായ തിരസ്‌കരണങ്ങളുമുണ്ടായി.

പുറത്ത് ഈ സമയങ്ങളിലത്രെയും ഒന്നും രണ്ടും ഘട്ടങ്ങള്‍ കടന്ന് മൂന്നാം ഘട്ടത്തില്‍, ഇസ്‌ലാമിക് ഫെമിനിസം പാശ്ചാത്യ ഫെമിനിസത്തിന്റെ നിഴലില്‍ നിന്ന് മാറി സ്വതന്ത്ര്യമായ അസ്ഥിത്വം തേടുകയായിരുന്നു. ഇതാവട്ടെ, അത്യധികം ക്രിയാത്മകമായ ശ്രമമായിരുന്നു.

ഉപരിവര്‍ഗ സ്ത്രീകളുടെ അവകാശ ബോധങ്ങളില്‍ മാത്രം കെട്ടിപ്പിണഞ്ഞു കിടന്ന പാശ്ചാത്യ ഫെമിനിസത്തിന്റെ ആശയങ്ങളെ തിരസ്‌കരിച്ചു കൊണ്ട് ഇസ്‌ലാമിന്റെ  തന്നെ ചരിത്രത്തില്‍, ആശയ ഗതികളില്‍ പ്രവര്‍ത്തനങ്ങളില്‍ സ്ത്രീ വിമോചനപരമായ പലതും ഉള്‍ച്ചേര്‍ന്നിട്ടുണ്ട് എന്ന് മതത്തിന്റെ അടിത്തറയില്‍ നിന്നു കൊണ്ട് വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായി.

അടുത്തപേജില്‍ തുടരുന്നു

ലൈലാ അഹമ്മദ്

ഈ ധാരയില്‍ ഏറ്റവും ശ്രദ്ധേയമായത് ഈജിപ്തിലെ ഡോക്ടര്‍ ലൈലാ അഹമ്മദ് ആയിരുന്നു. കൈറോവിലെ അന്‍സാര്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ആയിരുന്നു അവര്‍. തന്റെ മുന്‍ഗാമികള്‍ ആയ ഹുദാ ഷരാവിയെയോ ദോറിയ ഷെഫീഖിനെയോ നവാല്‍ സആദവിയെയോ പോലെയായിരുന്നില്ല ലൈലാ അഹ്മദിന്റെ ഇടപെടലുകള്‍.

ഇസ്‌ലാമിനകത്തെ സ്ത്രീവാദം ഖുര്‍ആന്റെ അടിസ്ഥാനത്തില്‍ വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങളായിരുന്നു അവര്‍ നടത്തിയത്. 1992ല്‍ എഴുതിയ “വുമണ്‍ ആന്റ് ജന്റര്‍ ഇന്‍ ഇസ്‌ലാം” എന്ന പുസ്തകം ഇസ്‌ലാമിലെ പാട്രിയാര്‍ക്കല്‍ വ്യാഖ്യാനങ്ങള്‍ ആണ് സ്ത്രീയെ ഇത്രയും അധികം പതിതമായ അവസ്ഥയിലേക്ക് തള്ളിവിട്ടതെന്ന് അവര്‍ സമര്‍ഥിച്ചു.

മുല്ലമാരുടെ കൈകളിലേക്ക് ഇസ്‌ലാം മതം വരികയും അവരുടെ ഭരണം മതത്തിനുമേലെ വരികയും ചെയ്തു. മൗലവിമാരുടെ കൈകളില്‍ മാത്രമൊതുങ്ങാതെ നിലനിന്നിരുന്നുവെങ്കില്‍ വളരെ പരിവര്‍ത്തനോന്‍മുഖമായി സാധ്യതകള്‍ ഇസ്‌ലാമികലോകത്തു സംഭവിച്ചേനേയെന്ന് ലൈല നിരീക്ഷിക്കുന്നു.

സ്വത്തവകാശം പോലെ വിവാഹം, വിവാഹമോചനം, കുടുംബ ജീവിതം, കച്ചവടം മറ്റു സാമൂഹ്യരാഷ്ട്രീയ മണ്ഡലങ്ങള്‍ എന്നിവയില്‍ ഇസ്‌ലാം ആധുനിക ലോകത്തിനും വളരെ മുമ്പേ തന്നെ മുഖ്യധാരയില്‍ സ്ത്രീക്ക് ഇടം നല്‍കിയിരുന്നു.  എന്നാല്‍, അതിനെ കാലികമായി വ്യാഖ്യാനിക്കാന്‍, നിലവില്‍ ഉള്ള യാഥാസ്ഥിതിക പൗരോഹിത്യമോ ഭരണകൂടങ്ങളോ  തയാറാവുന്നില്ല എന്നിടത്ത് ഇസ്‌ലാമിനകത്തെ യഥാര്‍ഥ സ്ത്രീവിമോചന പരമായ സാധ്യതകള്‍ക്ക് താഴു വീഴുകയായിരുന്നുവെന്നും അവര്‍ ആര്‍ജ്ജവത്തോടെ പറഞ്ഞു. ഇന്ത്യയിലെ മുസ്‌ലിം സ്ത്രീകളുടെ സമകാലീന അവസ്ഥയുമായി ചേര്‍ത്തുവായിച്ചാല്‍ ഇതിന്റെ പൊരുള്‍ എളുപ്പം തിരിച്ചറിയാനാവും.

ഈ ജിപ്ഷ്യന്‍ അറബ് ദേശീയതക്കെതിരെ ശക്തമായ നിലപാടാണ് ലൈല പുലര്‍ത്തിപ്പോന്നത്. അറബ് ദേശീയത ഒരു തരത്തിലുള്ള സാംസ്‌കാരിക സാമ്രാജ്യത്വമാണെന്നവര്‍ വാദിച്ചു. അറബ് സംസാരിക്കുന്ന ജനതയെ മാത്രമല്ല, അതല്ലാത്ത മുസ്‌ലിംകളുടെ സാംസ്‌കാരിക വൈവിധ്യത്തെയും സര്‍ഗപരതയെയും അത് ക്ഷയിപ്പിക്കുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി.

ഫാത്തിമ മെര്‍നീസി

ആത്മീയമായും ധാര്‍മികമായും ഒരുപോലെ മാനവ സമൂഹത്താനകമാനം വേണ്ട ഒരു നീതി ശാസ്ത്രമായി മാറിയെങ്കില്‍ മാത്രമെ ഇസ്‌ലാം സ്വയമേവ വികസിക്കുകയും പരിണമിക്കുകയും ചെയ്യൂ എന്ന് ലൈല അഹ്മദ് പറഞ്ഞു വെച്ചു.

ഈജിപ്തിന്റെ സാംസ്‌കാരിക വൈവിധ്യത്തില്‍ നിന്നു കൊണ്ട് 1999ല്‍ അവര്‍ എഴുതിയ “എ ബോര്‍ഡര്‍ പാസേജി”ന് പുതിയ ആഗോള രാഷ്ട്രീയ സാഹചര്യങ്ങളില്‍  പ്രസക്തിയേറെയുണ്ട്. ഇസ്‌ലാമിക തത്വശാസ്ത്രത്തെ പുനര്‍ വായിക്കുക, സാഹിത്യത്തെ പുതുവായനക്ക് വിധേയമാക്കുക തുടങ്ങിയ ശ്രമങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ഇന്ന് ഇവര്‍.

ഫെമിനിസ്റ്റ് ഉള്ളടക്കമുള്ള ഒരു ചരിത്രം ഇസ്‌ലാമിനകത്തു നിന്ന് തന്നെ കണ്ടത്തെിയ മൊറോക്കന്‍ വനിതയായ ഫാത്തിമ മെര്‍നീസിയാണ് ഈ നിരയില്‍ ശ്രദ്ധേയമായ സംഭാവനകള്‍ സമര്‍പിച്ച മറ്റൊരു വ്യക്തി. തികച്ചും സ്ത്രീ കേന്ദ്രിതമായ, എന്നാല്‍ മറച്ചുവെക്കപ്പെടലിന് വിധേയമായ ഒരു ഇസ്‌ലാമിക ചരിത്രത്തെയാണ് അവര്‍ തേടിപ്പിടിച്ച് ലോകത്തിന്റെ മുന്നിലേക്ക് കൊണ്ടുവന്നത്.

സ്‌ഫോടനാത്മകവും ലോകം ഇന്നുവരെ ദര്‍ശിച്ചതില്‍ തന്നെ ഏറ്റവും മഹത്തരവുമായ സ്ത്രീ അവകാശങ്ങളുടെ വിശ്വാസ ധാരയെയായിരുന്നു  “വെയ്ല്‍ ആന്റ് ദ മെയ്ല്‍ എലൈറ്റ്” എന്ന തന്റെ കൃതിയിലൂടെ മെര്‍നീസി അനാവരണം ചെയ്തത്.  ആധുനിക ഫെമിനിസത്തിന്റെ പിന്താങ്ങലിന്റെ സഹായമില്ലാതെ സ്വതന്ത്രവും കരുത്തുറ്റതുമായ ഒരു സ്ത്രീവിമോചന ചരിത്രം അവര്‍ ഇസ്‌ലാമിനകത്തു നിന്നു തന്നെ മുങ്ങിത്തപ്പിയെടുത്തു.

ഖുര്‍ആനും പ്രവാചകനും 14 നൂറ്റാണ്ടിനപ്പുറം യാഥാര്‍ഥ്യമാക്കിയ ഒരു ലോകക്രമത്തിലെ സ്ത്രീ പരിസരം അങ്ങേയറ്റം അവകാശങ്ങളാലും സ്വാതന്ത്ര്യങ്ങളാലും  പുഷ്‌കലമായിരുന്നുവെന്ന് ചരിത്രത്തിലൂടെ പിന്നോട്ടു നടന്ന് മെര്‍നീസി കണ്ടെത്തി. പ്രവാചകന്റെ ഐഹിക ജീവിതത്തിന്റെ അവസാനത്തോടെ തന്നെ ആ അവകാശങ്ങളിലും സ്വാതന്ത്ര്യത്തിലും ഉണ്ടായ കൈകടത്തലുകളെ അനിഷേധ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ തുറന്നുകാണിക്കുന്നുണ്ട് അവര്‍.

ക്ലാസിക്കല്‍ ഇസ്‌ലാമിന്റെ രീതിശാസ്ത്രത്തിനോട് നീതി പുലര്‍ത്താത്ത അന്വേഷണങ്ങള്‍ എന്നു പറഞ്ഞാണ് ഇവിടെ ചിലര്‍ മെര്‍നിസിയെയും വദൂദിനെയും അടിക്കാന്‍ തുനിയുന്നത്. എന്നാല്‍ ഈ വാദം തീര്‍ത്തും ബാലിശമാണെന്ന് മാത്രമല്ല, ഇവരുടെ കണ്ടെത്തലുകളോടും  ചിന്തകളോടും ഏറ്റുമുട്ടാന്‍ ത്രാണിയില്ലാത്ത ഒളിച്ചോട്ടക്കാരുടെ ഒഴികഴിവുകൂടിയാണത്.  ഇനി ആ വാദം ശരിയാണെന്നു വെച്ചാല്‍ തന്നെ, ഖുര്‍ആന്‍ നിഷ്‌കര്‍ഷിക്കുന്ന സ്ത്രീ അവകാശങ്ങളോട് നീതി പുലര്‍ത്താത്ത പരമ്പരാഗത രീതിയെ തന്നെ അവലംബിക്കണമെന്ന് പറയുന്നതില്‍ തന്നെ അടങ്ങിയിരിക്കുന്നു അതിലെ യുക്തിരാഹിത്യം.

അടുത്തപേജില്‍ തുടരുന്നു

പ്രൊഫ: അസ്മ ബെര്‍ലാസ്

ഖുര്‍ആനിന്റെ പാട്രിയാര്‍ക്കല്‍ വ്യാഖ്യാനങ്ങളെ ചരിത്രപരമായി വിചാരണ ചെയ്യുന്ന “ബിലീവിംങ് വുമണ്‍ ഇന്‍ ഇസ്‌ലാം ” എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവായ പ്രൊഫ: അസ്മ ബെര്‍ലാസ് ഇസ്‌ലാമിന്റെ സ്ത്രീപക്ഷ വായനയില്‍ മുന്‍ നിരയില്‍ നില്‍ക്കുന്ന മറ്റൊരു വനിതയാണ്.  സ്വതന്ത്രവും ശക്തവുമായ വ്യക്തിത്വത്തിനുടമയായിരുന്നു പാകിസ്താന്‍കാരിയായ അസ്മ.

പാകിസ്താനിലും യു.എസിലുമായിട്ടായിരുന്നു അവരുടെ വിദ്യാഭ്യാസം. ലൈംഗികമായ അടിച്ചമര്‍ത്തല്‍, അസമത്വം, പുരുഷാധികാരം തുടങ്ങിയവക്ക് ഖുര്‍ആനില്‍ നിന്ന് നീതീകരണം തേടുന്ന മതാധികാരികളുടെയും സാമ്പ്രദായിക മുസ്‌ലിം ലോകത്തിന്റെയും അഹന്തക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുന്നു ഇവരുടെ രചനകള്‍.

മുസ്‌ലിം സാംസ്‌കാരിക ആചാരങ്ങളുടെയോ പാശ്ചാത്യ മാധ്യമ വാര്‍പ്പു മാതൃകകളിലൂടെയോ അല്ലാതെ തീര്‍ത്തും ഖുര്‍ആനിന്റെ വിശുദ്ധിക്കകത്തു നിന്നാണ് സ്ത്രീ, ലിംഗം, പാട്രിയാര്‍ക്കി എന്നീ ധാരണകളെ അസ്മ ബര്‍ലാസ് പൊളിച്ചെഴുതുന്നത്. ന്യൂയോര്‍ക്കിലെ ഇത്താക്ക കോളജിന്റെ സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് കള്‍ച്ചര്‍, റേസ്, എത്‌നി സിറ്റി ആന്റ് പൊളിറ്റിക്‌സിന്റെ മേധാവിയാണവര്‍.

ഇവര്‍ക്കു ശേഷവും നിരവധി യുവ വനിതകള്‍ തുറന്നെഴുത്തിന്റെ വഴികള്‍ തിരഞ്ഞെടുത്തിട്ടുണ്ട്. ഈ നിരയില്‍ ചേര്‍ത്തു നിര്‍ത്തി വായിക്കേണ്ട ഒരു നവ വ്യക്തിത്വമാണ് കെസിയ അലിയുടേത്. ഇസ്‌ലാമിക കര്‍മ ശാസ്ത്രത്തിലും പുരാതന, ആധുനിക നിയമങ്ങളിലും ഏറെ അവഗാഹം നേടിയ ഇവര്‍ ബോസ്റ്റണ്‍ സര്‍വകലാശാലയിലെ മതവിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസര്‍ ആയി സേവനമനുഷ്ഠിക്കുന്നു.

ആദ്യകാല ഇസ്‌ലാമിക നിയമങ്ങളെ കുറിച്ചും സ്ത്രീ സമൂഹത്തെക്കുറിച്ചും  ഇസ്‌ലാമിലെ ലൈംഗിക  ധാര്‍മികതയെ കേന്ദ്രീകരിച്ചും കെസിയ രചിച്ച പുസ്തകങ്ങള്‍ ലോകം ആവേശത്തോടെ വായിച്ചു കൊണ്ടിരിക്കുന്നു. ഷാഫി ഇമാമിനെ കുറിച്ചുള്ള അവരുടെ ഗ്രന്ഥം പാശ്ചാത്യ വായനക്കാര്‍ക്കിടയില്‍പോലും സ്വീകാര്യത നേടി. 2002ല്‍ ഡ്യൂക് സര്‍വകലാശാലയില്‍ എം.എ റിലിജ്യനില്‍ പിച്ച്.എച്ച്.ഡി ചെയ്യവെയായായിരുന്നു കെസിയയുടെ ഇസ്ലാം ആശ്ലേഷം.

സാദിയ ശൈഖ്

സൗത്ത് ആഫ്രിക്കയിലെ കേപ് ടൗണ്‍ സര്‍വ്വകലാശയില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഇന്‍ റിലിജ്യസ് സ്സ്റ്റഡീസില്‍ അസോസിയേറ്റഡ് പ്രഫര്‍ ആയ സാദിയ ശൈഖ് ആണ് മറ്റൊരാള്‍. ഇസ്‌ലാമിക് ഫെമിനിസം പോലെ തന്നെ സൂഫിസവും ഇവരുടെ വിജ്ഞാന മണ്ഡലമാണ്.  Sufi Narratives of Intimacy: Ibn Arabi  ഹദീസിന്റെയും ഖുര്‍ആനിന്റെയും സൂഫി ടെക്സ്റ്റുകളുടെയും  ലിംഗാധിഷ്ഠിതമായ വായന നടത്തുന്നു.

ഈ നിരയില്‍ ഇനിയുമുണ്ട് ഏറെ പേര്‍. എല്ലാം തികഞ്ഞവരാണെന്നോ തങ്ങളുടെ അന്വേഷണങ്ങള്‍ കുറ്റമറ്റതാണെന്നോ പൗരോഹിത്യ ശിങ്കങ്ങളെ പോലെ ഇവരൊന്നും അവകാശപ്പെടുന്നില്ല. എന്നു മാത്രമല്ല, പുരോഹിത മതത്തിന്റെ ബാധ്യതകള്‍ ഇല്ലാത്തതിനാല്‍ അന്വേഷണങ്ങളിലൂടെയും ചിന്തകളിലൂടെയും എഴുത്തുകളിലൂടെയും നിരന്തരം സ്വയം നവീകരിക്കപ്പെട്ടുകൊണ്ടുമിരിക്കുന്നു.

ഒരര്‍ത്ഥത്തില്‍ ഇസ്‌ലാമിക ലോകത്ത് മരവിച്ചു പോയ “ഇജ്തിഹാദി”ന്റെ രണ്ടാം വരവിന് ഒട്ടനവധി സ്ത്രീകള്‍ ജീവജലം പകര്‍ന്നു കൊണ്ടിരിക്കുന്നു. നിലവിലെ മുസ്‌ലിം പണ്ഡിത ലോകത്ത് വനിതകള്‍ “സംപൂജ്യ” രാണെന്ന കേവല വാദം ഇനിയും ഉയര്‍ത്താന്‍ കഴിയാത്ത വിധം ഇത്തരം വ്യക്തിത്വങ്ങള്‍ സംവാദത്തിന്റെ പുതിയ ലോകങ്ങള്‍ തുറന്നിട്ടിരിക്കുന്നു.

പതിറ്റാണ്ടുകളായി തിരസ്‌കാരത്തിന്റെ അടച്ചമര്‍ത്തലിന്റെയും വടുക്കള്‍ പേറി മടുത്ത വേറെയും ചിലര്‍ അറബ് ലോകത്ത് അങ്ങോളമിങ്ങോളം പലവിധ ആവിഷ്‌കാരങ്ങളിലൂടെ ഉയിര്‍ത്തെഴുന്നേറ്റു കൊണ്ടിരിക്കുന്നു. ഈജിപ്ത്, ലബനോന്‍, ഇറാഖ്, പലസ്തീന്‍, ജോര്‍ദാന്‍, സിറിയ, യമന്‍, ലിബിയ, മൊറോക്കോ തുടങ്ങിയ രാജ്യങ്ങള്‍ക്കകത്തെ ഇതുവരെ ആരും കാണാത്ത, കത്തുന്ന ഹൃദയങ്ങളുമായി നിരവധിപേര്‍.

ആത്മസംഘര്‍ഷങ്ങളില്‍ ചവിട്ടിക്കയറിനിന്ന് പുരുഷാധികാരത്തിന്റെ ഹുങ്കിനിട്ട് പ്രഹരിക്കുന്ന അവരില്‍ കവികളുണ്ട്, കഥാകാരികളുണ്ട്, പത്രപ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരുമുണ്ട്.

കാലം കരുതി വെച്ച കാവ്യനീതി പോലെ അനിവാര്യമാക്കിയ ഈ പെണ്ണുണര്‍ച്ചകള്‍ക്കു നേര്‍ക്ക് കോട്ടകള്‍ കെട്ടി മത പൗരോഹിത്യത്തിന് എത്രകാലം ഭൂതത്തെ പോലെ കാവലിരിക്കാന്‍ ആവുമെന്നേ ഇനി കാണേണ്ടതുള്ളൂ.

We use cookies to give you the best possible experience. Learn more