| Thursday, 28th April 2016, 2:47 pm

'നിയമനിര്‍മ്മാണം ഞങ്ങള്‍ നടത്തും നിങ്ങള്‍ അതനുസരിച്ചോളൂ എന്ന പുരുഷ സമീപനം മാറണം: സ്ത്രീ സാംസ്‌കാരിക കൂട്ടായ്മ

ഡൂള്‍ന്യൂസ് ഡെസ്‌ക്

സ്ത്രീകള്‍ക്ക് ഭരണരംഗത്ത് ശോഭിക്കാനാവില്ലെന്ന പുരുഷാധിപത്യ കാഴ്ചപ്പാട് മാറണമെങ്കില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കേണ്ടതുണ്ട്. അവസരങ്ങള്‍ നല്‍കാതെ സ്ത്രീ ഭരിച്ചാല്‍ ശരിയാവില്ലെന്നു പറയുന്നത് അംഗീകരിക്കാനാവില്ല.


പകുതിയിലേറെ സ്ത്രീ വോട്ടര്‍മാരുള്ള കേരളത്തില്‍ 140 മണ്ഡലങ്ങളിലായി വളരെക്കുറച്ചു സ്ത്രീ സ്ഥാനാര്‍ത്ഥികള്‍ മാത്രമേയുള്ളൂ. സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കിയെന്നു പറയാന്‍ മാത്രം വിരലിലെണ്ണാവുന്ന സീറ്റുകളോ അല്ലെങ്കില്‍ ജയസാധ്യത കുറഞ്ഞ മണ്ഡലങ്ങളോ മാറ്റിവെക്കുന്നതാണ് കാണാനാവുന്നത്.

രാഷ്ട്രീയ പാര്‍ട്ടികള്‍ കാലാകാലമായി തുടരുന്ന ഈ നിലപാടില്‍ പ്രതിഷേധിച്ച് ഇത്തവണ ഒരുകൂട്ടം സ്ത്രീകള്‍ രംഗത്തുവന്നിരിക്കുകയാണ്. സ്ത്രീ സാംസ്‌കാരിക കൂട്ടായ്മയെന്ന സംഘടനയുടെ കീഴില്‍ അണിനിരക്കുന്ന ഇവര്‍ തങ്ങളുടെ ഇത്തവണത്തെ വോട്ട് നോട്ടയ്ക്കാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.

കാലാകാലങ്ങളായി രാഷ്ട്രീയപാര്‍ട്ടികള്‍ സ്ത്രീകള്‍ക്ക് അവസരം നല്‍കാതെ അവരെ ഒതുക്കി നിര്‍ത്തുന്നതിലുള്ള പ്രതിഷേധമാണിതെന്നാണ് സ്ത്രീ സാംസ്‌കാരിക കൂട്ടായ്മ പറയുന്നത്. ഒരുകാലത്ത് സ്ത്രീയ്ക്ക് വോട്ടുചെയ്യാന്‍ പോലും അവകാശമുണ്ടായിരുന്നില്ല. ഇതുപോലുള്ള സമരങ്ങളിലൂടെയാണ് അന്ന് വോട്ടുചെയ്യാനുള്ള അവകാശം നേടിയത്.

ഭരണരംഗത്ത് സ്ത്രീകള്‍ക്ക് അര്‍ഹമായ പ്രാധാന്യം നല്‍കാന്‍ പുരുഷ നേതൃത്വം മടിക്കുന്ന ഈ സാഹചര്യത്തില്‍ ഇതുപോലുള്ള പ്രതിഷേധങ്ങളിലൂടെയേ അവരുടെ കണ്ണു തുറപ്പിക്കാനാവൂ എന്നാണ്
കൂട്ടായ്മയുടെ നിലപാട്.

മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം തന്നെ സ്ത്രീകളെ വോട്ടുബാങ്കുകള്‍ മാത്രമായി കാണുന്നു. എല്‍.ഡി.എഫ് 17 സീറ്റും കോണ്‍ഗ്രസ് ഏഴു സീറ്റും എന്‍.ഡി.എ എട്ടു സീറ്റുമാണ് സ്ത്രീകള്‍ക്കുവേണ്ടി മാറ്റിവെച്ചത്. ഇത് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ അഡ്ജസ്റ്റ്‌മെന്റാണെന്ന വിമര്‍ശനമാണ് സ്ത്രീ കൂട്ടായ്മ മുന്നോട്ടുവെക്കുന്നത്.

മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയത്തിനെതിരായ പ്രതിഷേധമായാണ് സ്ത്രീ സാംസ്‌കാരിക കൂട്ടായ്മയുടെ ഭാഗമായ ഡോ. ജാന്‍സി ഇതിനെ കാണുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ത്രീകള്‍ക്ക് സീറ്റുനല്‍കുന്നതു തന്നെ അവര്‍ അധികാരത്തില്‍ വരരുത് എന്ന നിലപാടോടെയാണ്. ജയസാധ്യത കുറഞ്ഞ സീറ്റുകള്‍ സ്ത്രീകള്‍ക്കായി മാറ്റിവെക്കുന്നതാണ് ഈ അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം എന്നവര്‍ വിശദീകരിക്കുന്നു.

സ്ത്രീകള്‍ക്ക് ഭരണരംഗത്ത് ശോഭിക്കാനാവില്ലെന്ന പുരുഷാധിപത്യ കാഴ്ചപ്പാട് മാറണമെങ്കില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കേണ്ടതുണ്ട്. അവസരങ്ങള്‍ നല്‍കാതെ സ്ത്രീ ഭരിച്ചാല്‍ ശരിയാവില്ലെന്നു പറയുന്നത് അംഗീകരിക്കാനാവില്ല.

ഭരണപാടവം സ്ത്രീകള്‍ ഉണ്ടാക്കിയെടുക്കേണ്ടതാണെന്ന അഭിപ്രായമാണ് പി. ഗീത രേഖപ്പെടുത്തുന്നത്.  “മറ്റെല്ലാ മേഖലയിലെന്നപോലെ രാഷ്ട്രീയത്തിലും  പ്രാഗല്‍ഭ്യം ആവശ്യമാണ്. സ്ത്രീകള്‍ ആ മേഖലയില്‍ പ്രാഗല്‍ഭ്യം ആര്‍ജ്ജിച്ചെടുക്കേണ്ടതാണ്.” അവര്‍ വിശദീകരിക്കുന്നു.

എന്നാല്‍ കഴിവുള്ള ഒട്ടേറെ സ്ത്രീകള്‍ സി.പി.ഐ.എമ്മിലും, കോണ്‍ഗ്രസിസും ലീഗിലുമെല്ലാം ഉണ്ടെന്നാണ് എം. സുല്‍ഫത്ത് പറയുന്നത്. എന്നാല്‍ ഇവര്‍ക്ക് ഉയര്‍ന്നുവരാനുള്ള അവസരം നല്‍കുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

പിന്‍സീറ്റ് ഡ്രൈവിങ്ങിനും  രാഷ്ട്രീയ പാര്‍ട്ടികളിലെ പുരുഷ നേതാക്കന്മാരുടെ നിയന്ത്രണത്തിനുമപ്പുറം ഉയരുന്ന സ്ത്രീകള്‍ക്ക് അവസരം നിഷേധിക്കുന്ന സ്ഥിതി വിശേഷമാണുള്ളതെന്നും സുല്‍ഫത്ത് വാദിക്കുന്നു.


  “മറ്റെല്ലാ മേഖലയിലെന്നപോലെ രാഷ്ട്രീയത്തിലും  പ്രാഗല്‍ഭ്യം ആവശ്യമാണ്. സ്ത്രീകള്‍ ആ മേഖലയില്‍ പ്രാഗല്‍ഭ്യം ആര്‍ജ്ജിച്ചെടുക്കേണ്ടതാണ്.


“പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 50% സംവരണം കൊണ്ടുവന്നപ്പോള്‍ ഒരുപാട് സ്ത്രീകള്‍ക്ക് അവസരം ലഭിച്ചു. ഇതില്‍ കഴിവു തെളിയിക്കുന്ന സ്ത്രീകളെ പിന്നീട് തഴയുന്ന സമീപനമാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.” അവര്‍ പറയുന്നു.

സ്ത്രീകള്‍ക്ക് ഉയര്‍ന്നുവരാനുള്ള അവസരം ലഭിക്കുന്നില്ലെന്ന അഭിപ്രായം തന്നെയാണ് ഡോ. ജാന്‍സിയും പങ്കുവെക്കുന്നത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നു ചില രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമായ സ്ത്രീകള്‍ അഭിപ്രായപ്പെടുന്നത് മറ്റുള്ളവരുടെ മുഖം രക്ഷിക്കാന്‍ വേണ്ടി ഇവരെക്കൊണ്ട് പറയിപ്പിക്കുന്നതാണെന്നും ജാന്‍സി ആരോപിക്കുന്നു.

“നിയമനിര്‍മ്മാണം ഞങ്ങള്‍ നടത്തും നിങ്ങള്‍ അതനുസരിച്ചോളൂ എന്ന പുരുഷ സമീപനം മാറണം. നിയമനിര്‍മ്മാണ സഭകളില്‍ പുരുഷന്മാര്‍ക്ക് തുല്യമായ സ്ത്രീപ്രാതിനിധ്യം സ്ത്രീയ്ക്കും വേണം.” ഈ വിഷയത്തില്‍ തുറന്ന ചര്‍ച്ചക്കെങ്കിലും പുരുഷന്മാര്‍ തയ്യാറാകണമെന്നാണ് ജാന്‍സിക്ക് പറയാനുള്ളത്.

സ്ത്രീകള്‍ മത്സരിക്കുന്ന മണ്ഡലങ്ങളിലും കൂട്ടായ്മയുടെ വോട്ട് നോട്ടയ്ക്കു തന്നെയാണ്. മറ്റു സ്ത്രീകള്‍ക്ക് മനസാക്ഷിക്ക് അനുസരിച്ച് വോട്ടു ചെയ്യാമെന്നും ഇവര്‍ പറയുന്നു. “നിഷേധ വോട്ട് എന്നത് പ്രതിഷേധ മാര്‍ഗമാണ്” എന്നു പറഞ്ഞുകൊണ്ടാണ് ഈ നിലപാടിനെ അവര്‍ ന്യായീകരിക്കുന്നത്.

നിഷേധവോട്ടു ചെയ്യുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ പുരുഷന്മാരടക്കം നിരവധി പേര്‍ പ്രത്യക്ഷമായും പരോക്ഷമായും യോജിപ്പ് അറിയിച്ചുവെന്ന് ഡോ. ജാന്‍സി അവകാശപ്പെടുന്നു.

രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് വിട്ട് സ്വതന്ത്രമായി മത്സരിച്ചു ജയിക്കാന്‍ മാത്രം സംഘടിതരല്ല കേരളത്തിലെ സ്ത്രീകളെന്നും അതുകൊണ്ടാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതെ നോട്ടയ്ക്കു വോട്ടുചെയ്യാമെന്ന നിലപാടില്‍ തങ്ങള്‍ എത്തിച്ചേര്‍ന്നതെന്നും സുല്‍ഫത്ത് പറയുന്നു. “ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗമായി നില്‍ക്കുന്നവരാണ് ഇവിടുത്തെ സ്ത്രീകള്‍ ഭൂരിപക്ഷവും. അതുപോലെ ഇവിടെ വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികളാണ് ഭരണം കയ്യടക്കിവെച്ചിരിക്കുന്നത്.” സുല്‍ഫത്ത് വിശദീകരിക്കുന്നു.

We use cookies to give you the best possible experience. Learn more