രൂപീകരിക്കപ്പെട്ട് ഒരു വര്‍ഷം പിന്നിടുമ്പോള്‍ 'പുനര്‍വായന'യുമായി വുമണ്‍ ഇന്‍ സിനിമ കളക്ടീവ്
Change Makers
രൂപീകരിക്കപ്പെട്ട് ഒരു വര്‍ഷം പിന്നിടുമ്പോള്‍ 'പുനര്‍വായന'യുമായി വുമണ്‍ ഇന്‍ സിനിമ കളക്ടീവ്
ജാസില ലുലു
Tuesday, 29th May 2018, 1:48 pm

 

കൊച്ചി: സിനിമാ മേഖലയിലെ ആദ്യ വനിതാ കൂട്ടായ്മയായ വുമണ്‍ ഇന്‍ സിനിമ കളക്ടീവിന്റെ ഒന്നാം വാര്‍ഷികാഘോഷം മേയ് 27ന് കൊച്ചിയില്‍ നടന്നു. കഴിഞ്ഞ മേയില്‍ മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ വനിതാ പ്രവര്‍ത്തകര്‍ ചേര്‍ന്ന് രൂപീകരിച്ച സംഘടന ഈ മേഖലയിലെ സ്ത്രീകളുടെ തൊഴില്‍ സുരക്ഷക്കായാണ് പ്രവര്‍ത്തിക്കുന്നത്. സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന ലിംഗവിവേചനത്തിനെതിരെ നിലവില്‍വന്ന സംഘടനയുടെ ഒന്നാം വാര്‍ഷികാഘോഷ വേളയിലാണ് ഡബ്ല്യു.സി.സി “പുനര്‍വായന” എന്ന പേരില്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചത്.

“പുനര്‍വായന” എന്ന പേരില്‍ നടത്തിയ വാര്‍ഷികാഘോഷ പരിപാടി ഡബ്ല്യു.സി.സിയെ കുറിച്ച് സമൂഹത്തിന് കൂടുതല്‍ വ്യക്തമായ ഒരു കാഴ്ച്ചപ്പാട് നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് സംഘടിപ്പിച്ചതെന്ന് അഭിനേത്രിയും ഡബ്ല്യു.സി.സി അംഗവുമായ രേവതി വ്യക്തമാക്കി. “ഡബ്ലിയു.സി.സിയെ ശക്തമായി പിന്തുണച്ച ഒരുപാട് പേര്‍ സിനിമാ ഇന്‍ഡസ്ട്രിയില്‍ ഉണ്ട്. കമല്‍ സാര്‍, സിബി മലയില്‍ സാര്‍ എന്നു തുടങ്ങി ഫെഫ്കയിലുള്ള പലരുടേയും കരുതലുകള്‍ നമുക്ക് കാണാതിരിക്കാന്‍ കഴിയില്ല. എന്നാല്‍ പലരുടേയും തെറ്റിദ്ധാരണകളെ പരിഹരിക്കുക എന്നതാണ് ഈ “പുനര്‍വായന”യിലൂടെ ഞങ്ങള്‍ ഉദ്ദേശിക്കുന്നത്”, സജിതാ മഠത്തില്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

 

പുനര്‍വായന- കൊച്ചി

 

“സാഹചര്യത്തിന്റെയും കാലത്തിന്റെയും ആവശ്യകതയില്‍ നിന്നും പരിണമിച്ചുണ്ടായ ഒരു മൂവ്മെന്റാണ് ഡബ്ല്യു.സി.സി. ഒരു ഫെമിനിസ്റ്റ് ആക്ടിവിറ്റിയാണ് ഡബ്ല്യു.സി.സി എന്നുള്ളതുകൊണ്ടാണ് ഞാന്‍ അതിന്റെ ഭാഗമാകുന്നത്. പൊതുസമൂഹം എങ്ങിനെയാണ് ഡബ്ല്യു.സി.സിയെ കാണുന്നത് എന്നുള്ള ഫീഡ്ബാക്കിനായാണ് ഒരു വര്‍ഷം തികഞ്ഞ സാഹചര്യത്തില്‍ പുനര്‍വായന എന്ന പേരില്‍ ഒരു ഫിലിം സ്‌ക്രീനിങ്ങും തുടര്‍ന്ന് ചര്‍ച്ചകളും സംഘടിപ്പിച്ചത്”, തിരക്കഥാകൃത്തും വുമണ്‍ ഇന്‍ സിനിമ കലക്ടീവിലെ അംഗവും സാമൂഹ്യ പ്രവര്‍ത്തകയുമായ ദീദി ദാമോദരന്‍ പറഞ്ഞു.

“എല്ലാവരും ഒരു ആശയത്തിനു വേണ്ടി ഒന്നിച്ചു നില്‍ക്കുന്നു എന്നത് ഏറെ സന്തോഷവും പ്രതീക്ഷയും നല്‍കുന്നുണ്ട്. സിനിമയിലെ ലിംഗവിവേചനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താനും ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് വഴിവെക്കാനും സാധിച്ചു. നിശബ്ദതയെ തകര്‍ക്കാന്‍ കഴിഞ്ഞു എന്നതാണ് ഡബ്ല്യു.സി.സിയുടെ ഏറ്റവും വലിയ നേട്ടം. അത്തരം ഒരു സാഹചര്യം മുമ്പ് ഉണ്ടായിരുന്നില്ല. വിമണ്‍ കോണ്‍വര്‍സേഷന്‍സിനായി ഒരു വ്യത്യസ്ത പ്ലാറ്റ്ഫോം ഒരുക്കാന്‍ കഴിഞ്ഞു. സിനിമാ മേഖലയില്‍ മുന്‍പ് ചര്‍ച്ചചെയ്തിട്ടേയില്ലാത്ത പല പ്രശ്നങ്ങളും ഐ.എഫ്.എഫ്.കെ, കെ.എല്‍.എഫ് പോലുള്ള വേദികളില്‍ ഉയര്‍ത്തിക്കാട്ടാനും സാധിച്ചു”, ഡബ്ല്യു.സി.സിയുടെ കഴിഞ്ഞ ഒരു വര്‍ഷത്തെ വിലയിരുത്തി അഭിനേത്രി പത്മപ്രിയ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

“ശക്തമായ പല മൂവ്‌മെന്റുകളിലും ആദ്യം മുന്നോട്ട് വച്ച കാല്‍ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം പിന്നോട്ട് പോയിട്ടുണ്ട്. ഒരു കാല്‍വെപ്പ് കഴിഞ്ഞാലെ രണ്ടാമത്തെ കാല്‍വെപ്പ് എത്ര ദുഷ്‌കരമാണ് എന്ന് നമ്മള്‍ തിരിച്ചറിയുകയുള്ളു. ആദ്യത്തെ ആ കാല്‍വെപ്പ് ഡബ്ല്യു.സി.സി നടത്തിക്കഴിഞ്ഞു. രണ്ടാമത്തെ കാല്‍വെപ്പ് ദുഷ്‌കരമാണെന്നറിഞ്ഞിട്ടുപോലും വെച്ച കാല്‍ തിരിച്ചെടുക്കുന്നില്ല എന്നത് തന്നെയാണ് ഏറ്റവും പോസിറ്റീവായ കാര്യം”, ദീദി ദാമോദരന്‍ അഭിപ്രായപ്പെട്ടു.

 

പുനര്‍വായന- കൊച്ചി

 

“ഇവിടെ അനീതിയുണ്ടെന്നും അതിനെ തുറന്ന് കാട്ടുകയും അത് പരിഹരിക്കപ്പെടേണ്ടതുണ്ട് എന്നുള്ള തിരിച്ചറിവുമുണ്ട്. മലയാള സിനിമക്ക് ഡബ്ല്യു.സി.സി എന്ന സംഘടനക്ക്‌നേരെ കണ്ണടക്കാന്‍ കഴിയാത്ത അവസ്ഥയാണിപ്പോള്‍. അവര്‍ക്കിത് വകവെക്കേണ്ട കാര്യമില്ലായിരുന്നാലും ഡബ്ല്യു.സി.സി സംഭവിച്ചിട്ടില്ല എന്ന് എത്ര നടിച്ചാലും സ്ഥാപിച്ചെടുക്കാന്‍ കഴിയില്ല”, ദീദി ദാമോദരന്‍ കൂട്ടിച്ചേര്‍ത്തു.

സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെപ്പറ്റി പഠിക്കുന്നതിന് സമഗ്രമായ ഒരു പുതിയ കമ്മിറ്റിക്ക് രൂപം നല്‍കുമെന്ന് പത്മപ്രിയ അറിയിച്ചു. “സ്ത്രീകള്‍ക്ക് സ്വതന്ത്രമായ പ്രവര്‍ത്തനം ഉറപ്പുവരുത്തുന്നതിന് മറ്റു സംഘടനകളുമായി ചര്‍ച്ചകള്‍ നടത്താനും സര്‍ക്കാരുമായി സഹകരിച്ചു ഇതിനു വേണ്ട നടപടികള്‍ സ്വീകരിക്കാനും ഡബ്ല്യു.സി.സി നടപടി എടുക്കും”, അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇത് കൂടാതെ, “ബെച്ച്‌ദെല്‍ അവാര്‍ഡ്” എന്ന പേരില്‍ ഒരു പുതിയ പുരസ്‌കാരം നല്‍കുവാനും തീരുമാനിച്ചിട്ടുണ്ടെന്ന് രേവതി അറിയിച്ചു. പുരുഷകേന്ദ്രീകൃതമല്ലാത്ത ആശയങ്ങളെ സിനിമകളില്‍ കൊണ്ടുവരിക എന്നതാണ് ഇതിന്റെ ലക്ഷ്യം. സിനിമ മേഖലയില്‍ പ്രശ്‌നങ്ങള്‍ നേരിടുന്ന ആര്‍ക്കും ഡബ്ല്യു.സി.സിയുടെ സഹായം ലഭ്യമാക്കുമെന്നും അവര്‍ പറഞ്ഞു. “പുനര്‍വായന” എന്ന വാര്‍ഷികാഘോഷ പരിപാടിയില്‍ ദളിത് ആക്ടിവിസ്റ്റുകളും എല്‍.ജി.ബി.ടി ആക്ടിവിസ്റ്റുകളും ഉള്‍പ്പടെ സമൂഹത്തിലെ എല്ലാ തലങ്ങളില്‍ നിന്നുള്ളവരുടേയും പ്രാതിനിധ്യം ഉണ്ടായിരുന്നു.

പാര്‍ശ്വവല്‍ക്കരണത്തിനെതിരെ പൊരുതുന്ന ഒരു സ്ത്രീയുടെ കഥ പറയുന്ന കേതന്‍ മെഹ്ത്തയുടെ “മിര്‍ച്ച് മസാല” എന്ന സിനിമയുടെ പ്രദര്‍ശനത്തോടെയാണ് വാര്‍ഷിക ആഘോഷച്ചടങ്ങുകള്‍ ആരംഭിച്ചത്. ഇതുപോലുള്ള സിനിമകള്‍ എല്ലാ മാസങ്ങളിലും തുടര്‍ന്നും പ്രദര്‍ശിപ്പിക്കാനാണ് ഡബ്ല്യു.സി.സിയുടെ തീരുമാനം.

 

 

“കൂടുതല്‍ ആളുകള്‍ ഡബ്ല്യു.സി.സിയുടെ ഭാഗമാകണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. തൊഴിലിടങ്ങള്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ പ്രയത്‌നിക്കേണ്ടതുണ്ട്”, രേവതി പറഞ്ഞു. തൊഴിലിടങ്ങളിലെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ മറ്റ് സിനിമാ സംഘടനകളോടും സര്‍ക്കാരിനോടും ചേര്‍ന്ന് ചര്‍ച്ചചെയ്ത് തീരുമാനിക്കാനുള്ള ശ്രമങ്ങളാണ് ഡബ്ല്യു.സി.സി ഇനി ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് പത്മപ്രിയ വ്യക്തമാക്കി. “ജെന്‍ഡര്‍ പൊളിറ്റിക്സ്, കാസ്റ്റ് പൊളിറ്റിക്സ് ഉള്‍പ്പടെ വൈവിധ്യമാര്‍ന്ന കഥാതന്തുക്കള്‍ സിനിമയില്‍ ഉള്‍പ്പെടുത്തുക എന്നതും ഡബ്ല്യു.സി.സി ലക്ഷ്യം വെക്കുന്നുണ്ട്”, അവര്‍ കൂട്ടിച്ചേര്‍ത്തു.

ലിംഗസമത്വത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ തൊഴില്‍ മേഖലയില്‍ മാത്രമല്ല, സമൂഹത്തിന്റെ എല്ലാ തലങ്ങളിലുമെത്തിക്കാന്‍ വനിതാ കൂട്ടായ്മക്ക് കഴിഞ്ഞു. “ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കൃത്യവും ഉത്തരവാദിത്വത്തോടും കൂടി ചെയ്യേണ്ടവയാണെന്നും ദീദി ദാമോദരന്‍ അഭിപ്രായപ്പെട്ടു.