സമത്വസുരക്ഷിത തൊഴിലിടത്തിന് വേണ്ടിയുള്ള സമരം തുടരുന്നു: ഡബ്ല്യൂ.സി.സിയുടെ രണ്ട് വര്‍ഷം
സൗമ്യ ആര്‍. കൃഷ്ണ

പുരുഷാധിപത്യം ആഘോഷമാക്കി മാറ്റിയ ഒരു വ്യവസ്ഥയിലെ അസമത്വങ്ങളെ ചോദ്യം ചെയ്ത് കൊണ്ട് ആ വ്യവസ്ഥക്കുള്ളില്‍ നിന്നുമുള്ള സ്ത്രീകള്‍ സംഘടിച്ച് മുന്നോട്ട് വന്ന വിപ്ലവകരമായ ഒരു ചുവടുവെയ്പായിരുന്നു വിമന്‍ ഇന്‍ സിനിമാ കലക്ടീവ് (ഡബ്ല്യൂ.സി.സി.) മലയാള സിനിമാ മേഖലയെ തന്നെ സമത്വത്തിലേക്ക് നയിക്കാന്‍ ശേഷിയുള്ള സംഘടനയായി അത് വളര്‍ന്നു. ഈ വരുന്ന 26-ാം തീയ്യതി ഡബ്ല്യൂ.സി.സിയുടെ 2ാം വാര്‍ഷിക സമ്മേളനം നടക്കുകയാണ്. മുന്നോട്ടേക്കുള്ള തങ്ങളുടെ യാത്രയെക്കുറിച്ചുള്ള വിശദമായ ചര്‍ച്ചകളോടൊപ്പമാണ് വാര്‍ഷിക പരിപാടികള്‍ ഒരുക്കിയിരിക്കുന്നത്.

ഇതോടനുബന്ധിച്ച് എറണാകുളത്ത് സെന്റ് തെരേസാസ് ആഡിറ്റോറിയത്തില്‍ ഏപ്രില്‍ 26 ന് വൈകിട്ട് നടക്കുന്ന പൊതു സമ്മേളനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ഷൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. സുപ്രീം കോടതി അഭിഭാഷക വൃന്ദാ ഗ്രോവര്‍ മുഖ്യ പ്രഭാഷണം നടത്തും. തമിഴ് സിനിമ സംവിധായകന്‍ പാ രഞ്ജിത്, അഭിനേത്രി സ്വര ഭാസ്‌കര്‍, സംവിധായകന്‍ ഡോ.ബിജു, തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരന്‍ എന്നിവര്‍ സംസാരിക്കും. ഇതോടൊപ്പം 26, 27 തീയതികളിലായി ദേശീയ തലത്തില്‍ നടക്കുന്ന ഒരു കോണ്‍ഫറന്‍സും ഡബ്ല്യൂ.സി.സിയുടെയും സഖി വിമെന്‍ റിസോഴ്‌സ് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്നു.

ഡബ്ല്യൂ.സി.സി.യുടെ ആവശ്യ പ്രകാരം മലയാള സിനിമയിലെ സ്ത്രീകളുടെ അവസ്ഥ പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ കമ്മീഷനെ നിയോഗിച്ചത് മാതൃകയാക്കി തെലുങ്ക് സിനിമാരംഗത്തെ സ്ത്രീയവസ്ഥകള്‍ പഠിക്കാനും അവിടുത്തെ സര്‍ക്കാര്‍ അടുത്ത കാലത്ത് പ്രത്യേക കമ്മീഷനെ നിയോഗിച്ചിരുന്നു.

സിനിമാ മേഖലയില്‍ വ്യാപകമായുള്ള ലിംഗാസമത്വങ്ങളെയും അനീതികളെയും ചൂണ്ടിക്കാട്ടാനും അവക്ക് പരിഹാരം തേടാനും ഒരു തൊഴിലിടം എന്ന നിലയില്‍ തൊഴിലുറപ്പും സുരക്ഷിതത്വവും ഒരുക്കാനും ഡബ്ല്യൂ.സി.സി. നടത്തിയ ശ്രമങ്ങള്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് കൂടി മാതൃകയാവുകയാണന്നെതില്‍ സന്തോഷമുണ്ടെന്ന് സംവിധായികയും ഡബ്ല്യൂ.സി.സി. അംഗവുമായ വിധു വിന്‍സെന്റ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ഈ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാനും ദേശീയ തലത്തിലുള്ള നെറ്റ്‌വര്‍ക്കിംഗിലൂടെ തദ്ദേശീയമായ ഇത്തരം കൂട്ടായ്മകള്‍ക്ക് സംഘടിത രൂപം നല്കാനുമാണ് ശ്രമിക്കുന്നത്. ഒപ്പം സിനിമാരംഗത്ത് പൊതുവിലും പ്രാദേശിക വ്യത്യാസങ്ങള്‍ കണക്കിലെടുത്തുമുള്ള ‘ബെസ്റ്റ് പ്രാക്ടീസസ് മാന്വല്‍’ നിര്‍മ്മിക്കാനും ഈ കോണ്‍ഫറന്‍സ് ലക്ഷ്യമിടുന്നുണ്ടെന്നും വിധു വിന്‍സെന്റ് കൂട്ടിച്ചേര്‍ത്തു.

സമത്വം എന്നത് വിദൂര സ്വപ്‌നം പോലുമല്ലാതിരുന്ന തങ്ങളുടെ തൊഴില്‍ മേഖലയില്‍ ഇന്ന് കാണുന്ന ഇടം കണ്ടെത്തുക എന്നത് ശ്രമകരമായിരുന്നു ഈ അംഗങ്ങള്‍ക്ക്. വ്യക്തിപരമായും, തൊഴില്‍പരമായും അവര്‍ക്ക് മേല്‍ നിരന്തരം സമ്മര്‍ദ്ദം വന്നുകൊണ്ടെയിരുന്നുവെന്ന് അംഗങ്ങളില്‍ പലരും തുറന്നും പറഞ്ഞതാണ്. വളരെ പതുക്കെയെങ്കിലും കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തില്‍ ഡബ്ല്യൂ.സി.സിയും ഇപ്പോള്‍ ഒരു അവിഭാജ്യ ഘടകമായി മാറി കഴിഞ്ഞു.

ഈ വേളയില്‍ അവര്‍ ഇതുവരെ സഞ്ചരിച്ച വഴികള്‍ ചര്‍ച്ച ചെയ്യുന്നത് പരസ്പരം തിരുത്തിയും പിന്താങ്ങിയും മുന്നോട്ട് പോകുന്ന എല്ലാ പുരോഗമന മുന്നേറ്റങ്ങള്‍ക്കും ഒരു മുതല്‍ക്കൂട്ടാകും.

2017 ഫെബ്രുവരി 17 നായിരുന്നു മലയാളത്തിലെ ഒരു അഭിനേത്രി ജോലി കഴിഞ്ഞ് മടങ്ങിയ വാഹനത്തിനുള്ളില്‍ വെച്ച് ആകമിക്കപ്പെട്ട വാര്‍ത്ത മലയാളികള്‍ അറിഞ്ഞത്. തുടര്‍ന്ന് സംഭവത്തിന് പിന്നില്‍ ദിലീപാണെന്ന പരാതി ഉയരുകയും ഇത് മലയാള സിനിമാപ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെ ഭിന്നിപ്പ് ഉണ്ടാക്കുകയും ചെയ്തു.

ഒരു സ്ത്രീയെന്ന നിലയില്‍ തങ്ങളുടെ സഹപ്രവര്‍ത്തകക്കുണ്ടായ ദുരനുഭവത്തോട് നീതിയോ അനുഭാവമോ പുലര്‍ത്താത്ത രീതിയില്‍ പെരുമാറിയ സിനിമാ മേഖലയുടെയും മാധ്യമങ്ങളുടെയും നിലപാടുകളില്‍ അസ്വസ്ഥരായ ഒരു കൂട്ടം സ്ത്രീസിനിമാ പ്രവര്‍ത്തകരാണ് ഡബ്ല്യൂ.സി.സി.രൂപീകരിക്കുന്നത്.

കേസിന്റെ അന്വേഷണത്തില്‍ തങ്ങള്‍ക്കുള്ള അതൃപ്തി അറിയിക്കുവാനായി 2017 മെയ് 18 ന് ഇവര്‍ മുഖ്യമന്ത്രി പിണറായി വിജയനെ കാണുകയും സിനിമാ മേഖലയിലെ സ്ത്രീ തൊഴിലാളികളുടെ സാഹചര്യങ്ങളെ കുറിച്ച് പഠിക്കാന്‍ ഒരു കമ്മീഷനെ ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെടുകയും ചെയ്തു.

പിന്നീടിങ്ങോട്ട് സിനിമ ഇന്‍ഡസ്ട്രിയില്‍ എല്ലാ തരത്തിലുമുള്ള സമത്വത്തിനും, സ്ത്രീ തൊഴിലാളികളുടെ അവകാശത്തിനും വേണ്ടി ഡബ്ല്യൂ.സി.സി. ശബ്ദിച്ചു കൊണ്ടേയിരുന്നു. ആര്‍ടിസ്റ്റുകളായ പാര്‍വ്വതി, റിമ കല്ലിങ്കല്‍ എന്നിവരുള്‍പ്പെടുന്ന അംഗങ്ങള്‍ തുറന്നു സംസാരിച്ചതിന്റെ പേരില്‍ സൈബറിടങ്ങളില്‍ ആക്രമിക്കപ്പെട്ടു. പലര്‍ക്കും സിനിമകള്‍ പോലും നഷ്ടമായി. എന്നാല്‍ പിന്മാറാന്‍ തയ്യാറാവാതെ ഡബ്ല്യൂ.സി.സി. പ്രവര്‍ത്തനം തുടര്‍ന്നു.

കുറ്റാരോപിതനായ ദിലീപിനെ എ.എം.എം.എ എന്ന അഭിനേതാക്കളുടെ സംഘടനയിലേക്ക് തിരിച്ചെടുത്തതിനെ ശക്തമായി എതിര്‍ത്ത് അവര്‍ വീണ്ടും തങ്ങളുടെ നിലപാട് വ്യക്തമാക്കി. പിന്നീട് നടന്ന നാടകീയ സംഭവങ്ങളെ തുടര്‍ന്ന് റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, ഗീതു മോഹന്‍ദാസ് എന്നിവര്‍ എ.എം.എം.എയില്‍നിന്ന് രാജിവെക്കുകയും ചെയ്തു. എ.എം.എം.എ ചര്‍ച്ചക്ക് തയ്യാറെങ്കിലും അതും പരാജയപ്പെട്ടതോടെ ഡബ്ല്യൂ.സി.സി. പരസ്യമായി പത്രസമ്മേളനം നടത്തി തങ്ങളുടെ പരാതികള്‍ മാധ്യമങ്ങളോട് പറഞ്ഞു. അതോടെ എ.എം.എം.എക്ക് ദിലീപിനെ പുറത്താക്കുകയല്ലാതെ മറ്റ് തരമില്ലെന്നായി.

നവമാധ്യമങ്ങളിലൂടെ ഡബ്ല്യൂ.സി.സി. അവരുടെ സാന്നിധ്യം അറിയിച്ചു കൊണ്ടേയിരുന്നു. വിമര്‍ശനങ്ങളും പിന്തുണയും ഒരു പോലെ ലഭിച്ച സംഘടന വിജയകരമായി തന്നെയാണ് രണ്ട് വര്‍ഷം പിന്നിടുന്നത്.

സൗമ്യ ആര്‍. കൃഷ്ണ
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേര്‍സിറ്റിയില്‍ നിന്ന് ബിരുദവും കേരള മീഡിയ അക്കാദമിയില്‍ നിന്ന് ജേണലിസത്തില്‍ പി.ജി.ഡിപ്ലോമയും പൂര്‍ത്തിയാക്കി. 2018 സെപ്തംബര്‍ മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.