| Monday, 25th June 2018, 1:38 pm

ഇത് അവളെ അപമാനിക്കുന്ന തീരുമാനം; ദിലീപിനെ തിരിച്ചെടുത്ത അമ്മയോട് ചോദ്യങ്ങളുമായി വനിതാ സംഘടന

ഡൂള്‍ന്യൂസ് ഡെസ്‌ക്

സിനിമാ നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്തതിനെ രൂക്ഷമായി വിമര്‍ശിച്ച് സിനിമയിലെ വനിതാ സംഘടനയായ വുമണ്‍ ഇന്‍ സിനിമാ കളക്ടീവ് രംഗത്ത്. തങ്ങളുടെ ഫേസ്ബുക്ക് കുറിപ്പിലൂടെ അമ്മയോട് ചോദിക്കാന്‍ ആഗ്രഹിക്കുന്ന ചോദ്യങ്ങള്‍ എന്ന പേരിലാണ് വനിതാ സംഘടന തീരുമാനത്തെ എതിര്‍ത്ത് രംഗത്ത് വന്നിരിക്കുന്നത്.

ദിലീപിനെ എന്തിനാണ് പുറത്താക്കിയത്?, നേരത്തെ ഉണ്ടായിട്ടുള്ളതില്‍ നിന്നും വ്യത്യസ്തമായ എന്ത് പുതിയ സാഹചര്യമാണ് താരത്തെ തിരിച്ചെടുക്കാൻ ഉണ്ടായത് എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ ചോദിച്ച് തുടങ്ങുന്ന ഫേസ്ബുക്ക് കുറിപ്പില്‍ അതിക്രമത്തെ അതിജീവിച്ച സിനിമാ നടിയെ അപമാനിക്കുന്ന തീരുമാനമല്ലേ സംഘടന കൈക്കൊണ്ടത് എന്നും വുമണ്‍ ഇന്‍ സിനിമാ കളക്ടീവ് ചോദിക്കുന്നുണ്ട്.



ഒരു ജനാധിപത്യ സംഘടന എന്ന നിലയില്‍ ഇപ്പോള്‍ എടുത്തിരിക്കുന്ന തീരുമാനം ഏത് തരത്തിലുള്ള സന്ദേശമാണ് കേരള സമൂഹത്തിന് നല്‍കുക എന്നും സംഘടന ചോദിക്കുന്നു. വിചാരണ ഘട്ടത്തിലുള്ള ഒരു കേസില്‍ ഉള്‍പ്പെട്ട വ്യക്തിയെ സംബന്ധിച്ചെടുക്കുന്ന തീരുമാനങ്ങള്‍ നാട്ടിലെ നീതിന്യായ സംവിധാനങ്ങളോടുള്ള വെല്ലുവിളി അല്ലേയെന്നും ഫേസ്ബുക്ക് കുറിപ്പില്‍ ചോദ്യമുണ്ട്.


ALSO READ: ദിലീപിനെ ‘അമ്മ’യില്‍ തിരിച്ചെടുക്കാന്‍ ധാരണയായതായി റിപ്പോര്‍ട്ട്


ഇത്തരമൊരു സ്ത്രീവിരുദ്ധ തീരുമാനം എടുത്ത അമ്മയുടെ നടപടിയില്‍ ശക്തമായി അപലപിക്കുന്നു എന്ന് പറഞ്ഞ് അവസാനിപ്പിക്കുന്ന പോസ്റ്റില്‍ തങ്ങള്‍ അവള്‍ക്കൊപ്പമാണെന്നും സംഘടന പറയുന്നുണ്ട്.


ALSO READജിഗ്നേഷ് മെവാനിയെ വെടിവെച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ആള്‍ അറസ്റ്റില്‍


നേരത്തെ അമ്മയുടെ ജനറല്‍ ബോഡി യോഗത്തിലാണ് ദിലീപിനെ തിരിച്ചെടുക്കനുള്ള തീരുമാനം ഉണ്ടായത്. ദിലീപിനെ പെട്ടന്ന് പുറത്താക്കിയത് ശരിയായില്ലെന്നും തിരിച്ചെടുക്കാണമെന്നും ആവശ്യപ്പെട്ടത് നടി ഊര്‍മ്മിള ഉണ്ണിയും നടന്‍ സിദ്ദീഖുമാണ്. സംഘടനയില്‍ നിന്ന് പുറത്താക്കിയതിനെതിരെ ദിലീപ് കോടതിയില്‍ പോവാഞ്ഞത് ആശ്വാസമാണെന്ന് സിദ്ദീഖ് പ്രതികരിച്ചിരുന്നു. തന്റെ കാലത്ത് സംഘടനയെ കോടതിയിലേക്ക് വലിച്ചിഴയ്ക്കുന്ന സാഹചര്യം ഉണ്ടാകാതിരുന്നതില്‍ ആശ്വസിക്കുന്നതായി മുന്‍ പ്രസിഡന്റ് ഇന്നസെന്റും പറഞ്ഞു. മോഹന്‍ലാലാണ് അമ്മയുടെ പുതിയ പ്രസിഡന്റ്.

പോസ്റ്റിന്റെ പൂർണ്ണ രൂപം

ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാൻ അമ്മയുടെ ജനറൽ ബോഡി തീരുമാനിച്ചതായി വാർത്താ മാധ്യമങ്ങളിൽ നിന്ന് അറിഞ്ഞു. അത് ശരിയാണെങ്കിൽ

വിമെൻ ഇൻ സിനിമാ കളക്ടീവ് ചില കാര്യങ്ങൾ ചോദിക്കാൻ ആഗ്രഹിക്കുന്നു.

1,അമ്മ സംഘടന എന്തിനായിരുന്നു ദിലീപ് എന്ന നടനെ പുറത്താക്കിയത്?

2. സംഘടനയിലേക്ക് ഇപ്പോൾ തിരിച്ചെടുക്കുവാൻ തീരുമാനിക്കുമ്പോൾ നേരത്തേ ഉണ്ടായിരുന്നതിൽ നിന്ന് വ്യത്യസ്തമായി എന്തു പുതിയ സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്?

3. ബലാൽസംഗം പോലുള്ള ഒരു കുറ്റകൃത്യത്തിൽ ആരോപിതനായ വ്യക്തിയെ ആണ് വിചാരണ പോലും പൂർത്തിയാവുന്നതിനു മുമ്പ് നിങ്ങൾ തിരിച്ചെടുക്കുന്നത്. അതിൽ നിങ്ങൾക്ക് യാതൊരു അപാകതയും തോന്നുന്നില്ലെ?

4. അതിക്രമത്തെ അതിജീവിച്ച ആളും ഈ സംഘടനയുടെ തന്നെ അംഗമല്ലെ ?

5. ഇപ്പോൾ എടുത്ത ഈ തീരുമാനം വഴി അതിക്രമത്തെ അതിജീവിച്ചവളെ വീണ്ടും അപമാനിക്കുകയല്ലെ നിങ്ങൾ ചെയ്യുന്നത്?

6. ഒരു ജനാധിപത്യ സംഘടന എന്ന നിലയിൽ ഇപ്പോൾ എടുത്ത തീരുമാനം എന്തു തരത്തിലുള്ള സന്ദേശമാണ് കേരള സമൂഹത്തിനു നൽകുക?

7. വിചാരണാ ഘട്ടത്തിലുള്ള ഒരു കേസിൽ ഉൾപ്പെട്ട വ്യക്തിയെ സംബന്ധിച്ചുള്ള ഇത്തരം തീരുമാനങ്ങൾ ഈ നാട്ടിലെ നിയമ നീതിന്യായ സംവിധാനങ്ങളോടുള്ള വെല്ലുവിളിയല്ലെ?

നിങ്ങളുടെ തികച്ചും സ്ത്രീവിരുദ്ധമായ തീരുമാനത്തെ ഞങ്ങൾ അപലപിക്കുന്നു. WCCഅവൾക്കൊപ്പം.

We use cookies to give you the best possible experience. Learn more