അമ്മയുടെ എക്‌സിക്യുട്ടീവ് ബോര്‍ഡ് പിരിച്ചുവിട്ടതിന് പിന്നാലെ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ പോസ്റ്റുമായി വിമന്‍ ഇന്‍ സിനിമാ കളക്ടീവ്. പുനരാലോചിക്കാം, പുനര്‍നിര്‍മിക്കാം, മാറ്റങ്ങള്‍ക്കായി ഒന്നിച്ചു നില്‍ക്കാം എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്. ‘പ്രവര്‍ത്തനത്തിനുള്ള ഞങ്ങളുടെ ആഹ്വാനം’ എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റ് പങ്കുവെച്ചത്.
‘പുനരാലോചിക്കാം, പുനര്‍നിര്‍മിക്കാം, മാറ്റങ്ങള്‍ക്കായി ഒന്നിച്ചു നില്‍ക്കാം. നീതിയുടെയും ആത്മാഭിമാനത്തിന്റെയും ഭാവി രൂപപ്പെടുത്തുക എന്നത് നമ്മുടെ കടമയാണ്. പുതിയൊരു വിപ്ലവം നമുക്ക് സൃഷ്ടിക്കാം,’ എന്നാണ് പോസ്റ്റില്‍ പങ്കുവെച്ച വാചകം.
2018ല്‍ അമ്മ അസോസിയേഷന്റെ നടപടികളില്‍ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് ഡബ്ല്യൂ.സി.സിയിലെ ആറ് നടിമാര്‍ അമ്മയില്‍ നിന്ന് രാജി വച്ചിരുന്നു. ആറ് വര്‍ഷത്തിന് ശേഷം അമ്മ സംഘടനയുടെ എക്‌സിക്യുട്ടിവ് കമ്മിറ്റി മുഴുവനായി പിരിച്ചുവിടേണ്ട അവസ്ഥയാണ് സംജാതമായത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് ശേഷം നിരവധി നടന്മാര്‍ക്കെതിരെ പരാതിയുമായി സിനിമാമേഖലയുമായി ബന്ധപ്പെട്ട സ്ത്രീകള്‍ വന്നിരുന്നു. അമ്മയുടെ ജനറല്‍ സെക്രട്ടറി സിദ്ദിഖിനെതിരെയും എക്‌സിക്യുട്ടിവ് കമ്മിറ്റിയംഗം ബാബുരാജിനെതിരെയും ലൈംഗികാതിക്രമ പരാതിയുമായി സ്ത്രീകള്‍ രംഗത്തെത്തി.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സംഘടനയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ ഇന്ന് മാധ്യമങ്ങളെ കാണുന്നു എന്ന വാര്‍ത്തക്കിടെയാണ് എക്‌സിക്യുട്ടിവ് കമ്മിറ്റി പിരിച്ചുവിട്ടെന്ന വിവരം പുറത്തുവിട്ടത്. ‘വിമര്‍ശിച്ചതിനും തിരുത്തിയതിനും നന്ദി’ എന്ന് രാജിയുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പ്രസ് റിലീസില്‍ മോഹന്‍ലാല്‍ പറഞ്ഞു.
രണ്ട് മാസത്തിനുള്ളില്‍ പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കുമെന്നും അതുവരെ സംഘടനയുടെ കാര്യങ്ങള്‍ താത്കാലിക കമ്മിറ്റി നോക്കുമെന്നും അറിയിച്ചിട്ടുണ്ട്.
Content Highlight: Women in Cinema Collective posted new photo in social media