കോഴിക്കോട്: രൂപീകരിക്കപ്പെട്ട കാലം മുതല്‍ ഇന്നു വരേയും വിമര്‍ശനങ്ങളും പരിഹാസങ്ങളും നേരിടേണ്ടി വന്ന സംഘടനയാണ് വിമെന്‍ ഇന്‍ സിനിമ കലക്ടീവ് (ഡബ്ല്യു.സി.സി). തൊഴില്‍ മേഖല എന്ന നിലയില്‍ ഉണ്ടാവേണ്ട വളര്‍ച്ച മലയാള സിനിമ ഇന്‍ഡസ്ട്രിക്ക് ഇന്നും കൈവന്നിട്ടില്ല എന്ന് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞതിന്റെ പേരിലും സിനിമാ മേഖലയിലെ ആദ്യ സ്ത്രീകൂട്ടായ്മയായ ഡബ്ല്യു.സി.സി വലിയ രീതിയില്‍ ആക്രമിക്കപ്പെട്ടു. സ്ത്രീകളുടെ അവകാശപോരാട്ടങ്ങളെ സമൂഹം എക്കാലത്തും പരിഹസിച്ചു തോല്‍പ്പിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. പുതുതായി തുടങ്ങിയ ഒരു സംഘടനയെന്ന നിലയില്‍ ഇത്രയും അടികള്‍ നേരിടേണ്ടിവന്ന മറ്റൊരു സംഘടനയുമില്ല, അഭിനേത്രിയും ഡബ്ല്യു.സി.സി അംഗവുമായ സജിത മഠത്തില്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
ഡബ്ല്യു.സി.സിയുടെ അംഗങ്ങളായ റിമ കല്ലിങ്കല്‍, പാര്‍വതി, ഗീതു മോഹന്‍ദാസ് എന്നിവര്‍ സ്ത്രീപക്ഷ ആശയങ്ങള്‍ മുന്നോട്ട് വെച്ചതിന്റെ പേരില്‍ പലപ്പോഴായി ട്രോളുകളാലും മറ്റും സാമൂഹ്യമാധ്യമങ്ങളില്‍ ആക്രമിക്കപ്പെട്ടവരാണ്. ഏഷ്യാനെറ്റില്‍ ജനുവരിയില്‍ സംപ്രേഷണം ചെയ്ത “ബഡായി ബംഗ്ലാവ്” എന്ന പരിപാടിയിലും, അമ്മ മഴവില്‍ ഷോ 2018ലും ആശയങ്ങളെ “ട്രോളി തോല്‍പ്പിക്കാ”നുള്ള ശ്രമങ്ങള്‍ സ്‌കിറ്റ് രൂപങ്ങളില്‍ അവതരിപ്പിക്കപ്പെട്ടിരുന്നു.
മമ്മൂട്ടിയുടെ കസബ എന്ന ചിത്രത്തിനെതിരെ പാര്‍വതി സംസാരിച്ച സംഭവത്തെ മുന്‍നിര്‍ത്തിയാണ് ചാനല്‍ ഷോകളിലും അമ്മ മഴവില്‍ ഷോയിലും ഡബ്ല്യു.സി.സിക്കെതിരെ സ്‌കിറ്റുകള്‍ അവതരിപ്പിച്ചത്. സുരഭി, മഞ്ജുപിള്ള, അനന്യ, കുക്കു, പൊന്നമ്മ ബാബു തുടങ്ങിയവര്‍ മുഖ്യ വേഷത്തിലെത്തിയ അമ്മ മഴവില്‍ സ്‌കിറ്റില്‍ മമ്മൂട്ടിയും, മോഹന്‍ലാലും, സിദ്ദീക്കും അഭിനയിച്ചിട്ടുണ്ട്.
“തങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്ന കാര്യങ്ങളെ സമൂഹം എക്കാലത്തും പരിഹാസങ്ങളിലൂടെ നേരിടാനാണ് ശ്രമിച്ചിട്ടുള്ളത്. ഇതുവരെ നിശബ്ദത പാലിച്ചിരുന്ന പല വിഷയങ്ങളെക്കുറിച്ചും ഇന്ന് സംസാരിച്ച് തുടങ്ങിയിരിക്കുന്നു. എന്നാല്‍, ഇത്തരം ആശയങ്ങളെ ട്രോളി തോല്‍പ്പിക്കാനാണ് പലരും ശ്രമിക്കുന്നത്”, സജിത മഠത്തില്‍ പറഞ്ഞു.
“ജനാധിപത്യം എന്ന് അവകാശപ്പെടുകയും എന്നാല്‍ സമൂഹത്തിലെ ഒരു വിഭാഗം മാത്രം ഭരണപക്ഷത്തിരിക്കുകയും ചെയ്യുന്ന ഒരു രാജ്യത്താണ് നമ്മള്‍ ജീവിക്കുന്നത്. ഇതിനേക്കാളും അപഹാസ്യമല്ല ആ സ്‌കിറ്റ്. നമ്മുടെ സമൂഹത്തിലെ ഓരോ സ്ഥാപനങ്ങളും ഓരോ വ്യവസ്ഥിതിയും പ്രവര്‍ത്തിയും അപഹാസ്യമാണ്”, തിരക്കഥാകൃത്തും വിമെന്‍ ഇന്‍ സിനിമ കലക്ടീവിലെ അംഗവും സാമൂഹ്യ പ്രവര്‍ത്തകയുമായ ദീദി ദാമോദരന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു. “സിനിമ ഇന്‍ഡസ്ട്രി ഇത്രയും കാലം പറഞ്ഞതില്‍ കൂടുതല്‍ ഒന്നും സ്‌കിറ്റിലും പറഞ്ഞിട്ടില്ല. മലയാള സിനിമ ഇന്‍ഡസ്ട്രിതന്നെയാണ് ഏറ്റവും വലിയ മോക്കറി. സമ്പൂര്‍ണമായും സ്ത്രീവിരുദ്ധമായൊരു ഇന്‍ഡസ്ട്രിയില്‍ നില്‍ക്കുമ്പോള്‍ ആ സ്‌കിറ്റ് ഒട്ടും പ്രധാനമല്ല”.
“സമൂഹത്തിന്റെ തന്നെ മൊത്തം മനോഭാവവും അടിസ്ഥാനവും നമ്മളെ കൊഞ്ഞനംകുത്തുമ്പോള്‍ ഒരു സ്‌കിറ്റുകൊണ്ട് നമ്മള്‍ പരിഹസിക്കപ്പെട്ടു എന്നു പറയുന്നത് സിംപ്ലിഫൈ ചെയ്യലായിരിക്കും. സമൂഹത്തില്‍ ജനങ്ങളല്ല, പുരുഷാരമാണ് ഉള്ളത്. ആ സ്‌കിറ്റൊക്കെ സമൂഹത്തിന്റെ മാനിഫെസ്റ്റേഷനാണ്. സ്ത്രീകളെക്കൊണ്ട് തന്നെ അത്തരം ഒരു സ്‌കിറ്റ് അവതരിപ്പിക്കാനും മാത്രം ശക്തമാണ് ഇവിടുത്തെ പാട്രിയാര്‍ക്കി”, ദീദി ദാമോദരന്‍ കൂട്ടിച്ചേര്‍ത്തു.
ആര്‍ക്കും തമാശയ്ക്ക് വിധേയരാക്കേണ്ടവരല്ല സ്ത്രീകളെന്നും നമ്മള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരസ്പരവും കൂട്ടായും പങ്കുവയ്ക്കാനും അത് പരിഹരിക്കാനുമാണ് വിമെന്‍ ഇന്‍ സിനിമ കളക്ടീവ് എന്ന കൂട്ടായ്മ ലക്ഷ്യം വയ്ക്കുന്നതെന്നും പത്മപ്രിയ നേരത്തെ തിരുവനന്തപുരത്ത് നടന്ന സൂര്യാ ഫെസ്റ്റിവലില്‍ പ്രതികരിച്ചിരുന്നു.
“അവകാശത്തിന്റെ പ്രശ്നങ്ങള്‍ ഇപ്പോഴുദിച്ച ഒന്നല്ല. സ്ത്രീകള്‍ക്ക് സിനിമയില്‍ ഒരു പ്രാതിനിധ്യവും ഉണ്ടായിരുന്നില്ല. തുല്ല്യ ജോലിക്ക് തുല്ല്യ വേതനം എന്ന കാര്യം നമുക്ക് പറയാന്‍ പോലും കഴിയുന്നില്ല. ഈ വ്യവസ്ഥിതിയില്‍ കഴിയുന്നവര്‍ – സ്ത്രീ രൂപത്തിലായായിരുന്നാലും പുരുഷ രൂപത്തിലായിരുന്നാലും- തുല്യതക്കായുള്ള പോരാട്ടങ്ങളെ എതിര്‍ക്കുകതന്നെ ചെയ്യും. ഇതുതന്നെയാണ് മലയാള സിനിമയുടെ ഗതികേടും. ആ സ്‌കിറ്റിനു മുന്‍പില്‍ നിന്ന സ്ത്രീകളുടെ അവകാശങ്ങള്‍ക്കുംകൂടി വേണ്ടിയാണ് പരിഹസിക്കപ്പെട്ടവര്‍ ശബ്ദമുയര്‍ത്തിയതെന്ന് തിരിച്ചറിയാന്‍പോലും കഴിയാത്തവിധത്തില്‍ അടിമത്വം ആനന്ദമാണ് എന്ന് പഠിപ്പിച്ചുവച്ചിരിക്കുകയാണ് സമൂഹം”, ദീദി ദാമോദരന്‍ പ്രതികരിച്ചു.
എന്നാല്‍, ഇത്തരം പരിഹാസങ്ങളോ കൊഞ്ഞനം കുത്തലുകളോ തങ്ങള്‍ മുന്നോട്ട് വെക്കുന്ന ആശയങ്ങളെ ഒരുതരത്തിലും ബാധിക്കുകയില്ലെന്ന് ഡബ്ല്യു.സി.സി ഭാരവാഹികള്‍ പറയുന്നു. “ഡബ്ല്യു.സി.സിയുടെ ഫേസ്ബുക്ക് പേജിന്റെ റേറ്റിങ് കുറച്ചാല്‍ ഡബ്ല്യു.സി.സിയെ ഇല്ലാതാക്കാമെന്ന അബദ്ധ ധാരണയിലാണ് അവര്‍. എന്നാല്‍, അതുകൊണ്ട് ഞങ്ങള്‍ മുന്നോട്ട് വെക്കുന്ന ശക്തമായ ആശയങ്ങള്‍ ഇല്ലാതാകില്ല. ഞങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന പ്രശ്നങ്ങള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന കാലത്തോളം ഞങ്ങളുടെ ആശയങ്ങളുടെ പ്രസക്തി ഇല്ലാതാകില്ല. അതിന് ഈ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുകതന്നെ വേണം”, സജിതാ മഠത്തില്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.