| Wednesday, 3rd August 2022, 5:37 pm

ഗര്‍ഭഛിദ്രം നടത്താനുള്ള അവകാശം സ്ത്രീകള്‍ക്ക് തന്നെ; അമേരിക്കയെ തിരുത്തി കന്‍സാസിലെ വോട്ടര്‍മാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ഗര്‍ഭഛിദ്രം നടത്താനുള്ള സ്ത്രീകളുടെ അവകാശത്തെ നിഷേധിക്കുന്ന ഭരണഘടന ഭേദഗതിയെ നിരസിച്ച് കന്‍സാസിലെ വോട്ടര്‍മാര്‍. 2022 ജൂണിലായിരുന്നു ഭരണഘടന ഭേദഗതി ചെയ്തുകൊണ്ട് സുപ്രീം കോടതി ഉത്തരവ് വന്നത്.
ഇതിനെരെ യു.എസിനകത്തും പുറത്തും വന്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു.

ഗര്‍ഭഛിദ്രത്തിനുള്ള സ്ത്രീകളുടെ അവകാശം പുനഃസ്ഥാപിക്കാന്‍ 60 ശതമാനത്തിലധികം വോട്ടര്‍മാര്‍ അനുകൂലിച്ചിട്ടുണ്ട്. ഔദ്യോഗിക ഫലം ഒരാഴ്ചക്കുള്ളില്‍ പുറത്തുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പിനെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അഭിനന്ദിക്കുകയും റോ നല്‍കിയ രാജ്യവ്യാപകമായ ഗര്‍ഭഛിദ്രാവകാശം പുനഃസ്ഥാപിക്കുന്നതിനുള്ള നിയമം പാസാക്കണമെന്ന് കോണ്‍ഗ്രസിനോട് ആവശ്യപ്പെടുകയും ചെയ്തു.

ഗര്‍ഭഛിദ്രം നടത്താനുള്ള നടപടിക്രമങ്ങള്‍ നിഷേധിച്ച് ഉത്തരവിറങ്ങിയതിന് ശേഷമുള്ള ആദ്യത്തെ തെരഞ്ഞെടുപ്പ് പരീക്ഷയായിരുന്നു ഇത്. ബാലറ്റ് ഫലം മറ്റൊരു ദിശയിലേക്കാണ് നീങ്ങിയിരുന്നതെങ്കില്‍ ഗര്‍ഭഛിദ്രം നടത്താനുള്ള അവകാശത്തിന്റെ നിരോധനം വീണ്ടും വരുമായിരുന്നെന്ന് വോട്ടര്‍മാര്‍ പറഞ്ഞു.

1973 ലെ റോയ് Vs വേഡ് വിധി പ്രകാരം രാജ്യവ്യാപകമായി സ്ത്രീകള്‍ക്ക് ഗര്‍ഭഛിദ്രം നടത്താനുള്ള അവകാശമുണ്ടായിരുന്നു. എന്നാല്‍ ജൂണില്‍ ആ വിധി അസാധുവാക്കി ഭേദഗതി കൊണ്ടുവന്നിരുന്നു. അതിനു ശേഷം കന്‍സാസിലെ ചൂടേറിയ ചര്‍ച്ച ഇതുതന്നെയായിരുന്നു.

റോയ് Vs വേഡില്‍ ഭേദഗതി നടത്തിയപ്പോള്‍ അത് കന്‍സാസിലെ വോട്ടര്‍മാരെ സാരമായി ബാധിക്കുമെന്ന് ബൈഡന്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ നടന്ന തെരഞ്ഞെടുപ്പിലെ ഫലം അത് ശരിവെക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട നിയമം ഭേദഗതി ചെയ്തതില്‍ അമേരിക്കക്കാര്‍ ഒട്ടും സന്തോഷവാന്മാരായിരുന്നില്ലെന്നും ,സുപ്രീം കോടതിയുടെ ആ തീരുമാനം പൊതുജനങ്ങള്‍ക്കെതിരായിരുന്നുവെന്നും ഇത് സൂചിപ്പിക്കുന്നു.

1973ല്‍ രാജ്യത്തുടനീളം ഗര്‍ഭഛിദ്രം നിയമവിധേയമാക്കിയ റോയ് Vs വേഡ് എന്ന സുപ്രധാന കേസിലെ വിധിയായിരുന്നു യു.എസ് സുപ്രീംകോടതി ജൂണ്‍ അവസാനവാരം പുറത്തുവിട്ട വിധിയിലൂടെ റദ്ദാക്കിയിരുന്നത്. കണ്‍സര്‍വേറ്റീവ് ജഡ്ജിമാര്‍ക്ക് ഭൂരിപക്ഷമുള്ള കോടതി ആറിനെതിരെ ഒമ്പത് വോട്ടുകള്‍ക്കായിരുന്നു 50 വര്‍ഷത്തോളം പഴക്കമുള്ള കേസിലെ വിധി തിരുത്തിക്കൊണ്ട് വിവാദ വിധി പ്രസ്താവിച്ചത്.

Content Highlight: Women have the right to have an abortion; Voters in Kansas changed US court verdict

We use cookies to give you the best possible experience. Learn more