കൊച്ചി: കുഞ്ഞിന് ജന്മം നല്‍കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം സ്ത്രീകള്‍ക്കുണ്ടന്ന് ഹൈക്കോടതി. ഇത് വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും ഇതില്‍ നിന്നും സ്ത്രീകളെ തടയാനാവില്ലന്നും ജസ്റ്റിസ് വി.ജി. അരുണ്‍ വ്യക്തമാക്കി.
സഹപാഠിയില്‍ നിന്നും ഗര്‍ഭിണിയായ എം.ബി.എ വിദ്യാര്‍ത്ഥിനി നല്‍കിയ ഹരജിയിലാണ് കോടതി നിരീക്ഷണം. 27 ആഴ്ച പിന്നിട്ട ഗര്‍ഭം ഒഴിവാക്കാന്‍ ഹരജിക്കാരിക്ക് കോടതി അനുമതി നല്‍കി. മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടുള്‍പ്പെടെ പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.
സഹപാഠിയില്‍ നിന്നും ഗര്‍ഭിണിയായ പെണ്‍കുട്ടി കടുത്ത മാനസികാഘാതം അനുഭവിക്കുന്നുണ്ടെന്നും ജീവന് വരെ അപായമുണ്ടായേക്കാമെന്ന പ്രത്യേക മെഡിക്കല്‍ ബോര്‍ഡിന്റെ വിലയിരുത്തല്‍. ഇത് പരിഗണിച്ചാണ് യുവതിക്ക് ഗര്‍ഭച്ഛിദ്രത്തിനുള്ള അനുമതി കോടതി നല്‍കിയത്.
ഗര്‍ഭിണിയാണന്ന് അറിഞ്ഞത് മുതല്‍ മാനസികമായി അസ്വസ്ഥത നേരിടുകയാണെന്നും, ഇനിയും ഗര്‍ഭാവസ്ഥയില്‍ തുടരുന്നത് മാനസികാഘാതം വര്‍ധിപ്പിക്കുമെന്നും, വിദ്യാഭ്യാസത്തേയും ജോലി ലഭ്യതയുമടക്കം തന്റെ ഭാവിയെ ദോഷകരമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് യുവതി കോടതിയില്‍ ഹരജി നല്‍കിയത്.
മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി ആക്ട് പ്രകാരം 24 ആഴ്ച പിന്നിട്ടതിനാല്‍ ഗര്‍ഭച്ഛിദ്രം നടത്താന്‍ ആശുപത്രികള്‍ തയാറല്ലാത്തതിനാലാണ് യുവതി കോടതിയെ സമീപിച്ചത്.
കോടതി നിര്‍ദേശപ്രകാരം കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡാണ് യുവതിയെ പരിശോധിച്ച് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. തുടര്‍ന്നാണ് കുഞ്ഞിന് ജന്മം നല്‍കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം മാതാവിനാണെന്ന് വിലയിരുത്തി കൊണ്ട് ഗര്‍ഭം ഒഴിവാക്കാന്‍ കോടതി അനുമതി നല്‍കിയത്.
ഗര്‍ഭച്ഛിദ്രവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുടേയും പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി വ്യക്തമാക്കി യുവതി സാക്ഷ്യപത്രം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലോ മറ്റേതെങ്കിലും ആശുപത്രികളിലോ ഗര്‍ഭച്ഛിദ്രം നടത്താനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്. നടപടികള്‍ക്കായി ആശുപത്രി സൂപ്രണ്ട് മെഡിക്കല്‍ സംഘത്തെ ചുമതലപ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചു. പുറത്തെടുക്കുന്ന കുഞ്ഞിന് ജീവനുണ്ടങ്കില്‍ അതിനെ സംരക്ഷിക്കണമെന്നും കോടതി കളമശേരി മെഡിക്കല്‍ കോളജിന് നിര്‍ദേശം നല്‍കി.
Content Highlight: Women have the right to decide whether or not to give birth to child; Kerala High Court