കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് ഒരു വനിതയ്ക്ക് നല്‍കണം: ഷമ മുഹമ്മദ്
Kerala News
കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് ഒരു വനിതയ്ക്ക് നല്‍കണം: ഷമ മുഹമ്മദ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 16th March 2022, 8:56 pm

തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ രാജ്യസഭാ പ്രതിനിധിയായി ഒരു വനിതയെ തീരുമാനിക്കണമെന്നാണ് തന്റെ അഭിപ്രായമെന്ന് കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദ്. ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് അവര്‍ ചര്‍ച്ചയിലായിരുന്നു അവരുടെ പ്രതികരണം

കേരളം സ്ത്രീകള്‍ അധികമുള്ള ഒരു സംസ്ഥാനമാണ്. 99 ശതമാനം വിദ്യാഭ്യാസമുള്ള സംസ്ഥാനമാണ്. അതുകൊണ്ട് തന്നെ ഒരു സ്ത്രീയെ കോണ്‍ഗ്രസ് പാര്‍ട്ടി രാജ്യസഭയിലേക്ക് പരിഗണിക്കണം. 40 വര്‍ഷമായി വനിതകള്‍ക്ക് കോണ്‍ഗ്രസില്‍ നിന്ന് രാജ്യസഭാ സീറ്റ് കിട്ടാത്ത സംസ്ഥാനമാണ് കേരളം. മറ്റ് എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും കോണ്‍ഗ്രസ് വനിതകള്‍ക്ക് അവസരം നല്‍കിയിട്ടുണ്ടെന്നും ഷമ പറഞ്ഞു.

ശ്രീനിവാസന്‍ കൃഷ്ണന്റെ പേര് കോണ്‍ഗ്രസ് ഹൈക്കമാന്റ് നിര്‍ദേശിച്ചത് തന്റെ അറിവിലില്ലാത്ത കാര്യമാണെന്നും അതൊരു റൂമര്‍ മാത്രമാകാനെ സാധ്യതയുള്ളു എന്നും ഷമ മുഹമ്മദ് പറഞ്ഞു.

കോണ്‍ഗ്രസ് പാര്‍ട്ടി ഒരു പ്രതിസന്ധിയിലാണ്. അഞ്ച് സംസ്ഥാനങ്ങളില്‍ വലിയ തോല്‍വിയാണ് കോണ്‍ഗ്രസ് നേരിട്ടത്. ഈ സമയത്താണ് ആരാണ് ശരിയായ കോണ്‍ഗ്രസുകാരെന്നും, അരാണ് അല്ലാത്തവരെന്നും മനസിലാക്കാന്‍ പറ്റുന്നത്.

ഇപ്പോള്‍ ജി- 23യിലെ കബില്‍ സിബല്‍ അടക്കമുള്ള നേതാക്കള്‍ പാര്‍ട്ടിയെ വിമര്‍ശിക്കുകയാണ്. സിബല്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവാണ്. മന്ത്രി ആയിരുന്നയാളാണ്. എന്നാല്‍ അദ്ദേഹം ഈ സമയത്ത് വിമര്‍ശനമുന്നയിക്കുന്നത് ശരിയല്ലെന്നും ഷമ പറഞ്ഞു.

ഈ ആഗസ്റ്റില്‍ കോണ്‍ഗ്രസില്‍ സംഘടനാ തെരഞ്ഞെടുപ്പ് വരുന്നുണ്ടെന്നും ഇതിന് ശേഷം വലിയ മാറ്റം ഉണ്ടാകുന്ന തീരുമാനങ്ങള്‍ പാര്‍ട്ടിയില്‍ ഉണ്ടാകുമെന്നും ഷമ വ്യക്തമാക്കി.

അതേസമയം, പ്രിയങ്ക ഗാന്ധിയുടെ വിശ്വസ്തനായ ശ്രീനിവാസന്‍ കൃഷ്ണന്റെ പേരാണ് രാജ്യസഭയിലേക്ക്
ഹൈക്കമാന്റ് കെ.പി.സി.സിയോട് നിര്‍ദേശിച്ചിരിക്കുന്നത്.

പ്രിയങ്ക ഗാന്ധിയുടെ ടീമില്‍ ഉള്‍പ്പെട്ടയാളാണ് തൃശൂര്‍ സ്വദേശിയായ ശ്രീനിവാസന്‍ കൃഷ്ണന്‍(57). ഒരു ബിസിനസുകാരന്‍ കൂടിയാണ് അദ്ദേഹം.

മുന്‍ ഐ.ഐ.എസ് ഉദ്യോഗസ്ഥന്‍, 1995ല്‍ കെ. കരുണാകരന്‍ കേന്ദ്ര മന്ത്രിയായിരിക്കെ അദ്ദേഹത്തന്റെ പി.എ എന്നീ നിലയിലും ശ്രീനിവാസന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.