യു.പിയില്‍ മാനേജരുടെ പീഡനത്തിന് ഇരയായ സുരക്ഷാ ഉദ്യോഗസ്ഥ ചികിത്സയിലിരിക്കെ മരിച്ചു
national news
യു.പിയില്‍ മാനേജരുടെ പീഡനത്തിന് ഇരയായ സുരക്ഷാ ഉദ്യോഗസ്ഥ ചികിത്സയിലിരിക്കെ മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 29th August 2023, 9:20 am

ഗാസിയാബാദ്: ഗാസിയാബാദിലെ ഹൗസിങ് സൊസൈറ്റിയില്‍ സുരക്ഷാ ഉദ്യോഗസ്ഥയായി ജോലി ചെയ്തിരുന്ന പത്തൊമ്പതുകാരി ബലാത്സംഗത്തിന് ഇരയായി മരിച്ചു. സ്റ്റോറേജ് റൂമില്‍ വെച്ച് സൊസൈറ്റി മാനേജര്‍ ലൈംഗികമായി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ദല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍ ചികിത്സയിരിലിക്കെയാണ് മരണം.

കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് പ്രതിയായ അജയ്‌യെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്. ഞായറാഴ്ച ഉച്ചക്കാണ് ബലാത്സംഗത്തിന് ഇരയായി പെണ്‍കുട്ടിയെ അഡ്മിറ്റ് ചെയ്തിട്ടുണ്ടെന്ന് ആശുപത്രിയില്‍ നിന്നും വിളിച്ചറിയിക്കുന്നതെന്ന് ഡി.സി.പി വിവേക് യാദവ് പറഞ്ഞു.


‘കുടുംബത്തോട് സംസാരിച്ചപ്പോള്‍ സൊസൈറ്റി മാനേജറാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നും മറ്റ് രണ്ട് പേര്‍ മര്‍ദിച്ചതായും അറിയിച്ചു. ഇതേ തുടര്‍ന്ന് കൂട്ടബലാത്സംഗത്തിന് മൂന്ന് പേര്‍ക്കെതിരെ ഞങ്ങള്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു,’അദ്ദേഹം പറഞ്ഞു.

ഞായറാഴ്ച രാത്രി ഒന്‍പത് മണിയോടെ മാനേജരുടെ മാത്രം പേര് എഴുതി നല്‍കി മജിസ്‌ട്രേറ്റിന് മുന്‍പാകെ പെണ്‍കുട്ടി മൊഴി നല്‍കി. സംസാരിക്കാന്‍ കഴിയാത്തതിനാല്‍ എഴുതി നല്‍കുകയാണ് പെണ്‍കുട്ടി ചെയ്തത്. അതിന് ശേഷമാണ് മാനേജരെ അറസ്റ്റ് ചെയ്തതെന്നും ഡി.സി.പി അറിയിച്ചു.


ഞായറാഴ്ച രാത്രി പെണ്‍കുട്ടിയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് സഫ്ദര്‍ജങ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെയാണ് പെണ്‍കുട്ടി മരണപ്പെടുന്നത്. ഹാജര്‍ രജിസ്റ്റര്‍ പരിശോധിക്കാനെന്ന പേരില്‍ മെയ്‌ന്റേനെന്‍സ് ഓഫീസിലേക്ക് അവളെ മാനേജര്‍ വിളിപ്പിക്കാറുണ്ടെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. മോശമായ വാക്കുകള്‍ അവളോട് അദ്ദേഹം പറയാറുണ്ടെന്നും അവര്‍ പറഞ്ഞു.

ഞായറാഴ്ച രാവിലെ 11.15 ഓടുകൂടി സ്റ്റോറേജ് റൂമിലേക്ക് വെള്ളം നിറക്കാനായി പോയതായിരുന്നു അവള്‍. പിന്നീട് അരമണിക്കൂര്‍ കഴിഞ്ഞ് തിരിച്ചു വന്നപ്പോള്‍ അവളാകെ അസ്വസ്ഥയായിരുന്നുവെന്നും മറ്റ് ഗാര്‍ഡുകള്‍ പറഞ്ഞു.
‘ അരമണിക്കൂറിന് ശേഷം തിരിച്ചുവന്നതിന് ശേഷം അവള്‍ ആകെ അസ്വസ്ഥയായിരുന്നു, അവള്‍ കരഞ്ഞു. അതിന് ശേഷം അവള്‍ വല്ലാതെ പരിഭ്രമയാകുകയും മെയിന്‍ ഗേറ്റ് അടക്കുകയും ചെയ്തു. പൊലീസിനെ വിളിക്കാന്‍ ആവശ്യപ്പെടുകയും അല്ലാതെ ഗേറ്റ് തുറക്കില്ലെന്ന് അവള്‍ പറയുകയും ചെയ്തു. പിന്നീട് സംസാരിക്കുന്നതിനിടെ അവള്‍ തളര്‍ന്ന് വീഴുകയായിരുന്നു. ഞങ്ങള്‍ അവളെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു,’ സഹപ്രവര്‍ത്തക പറഞ്ഞു.


ആശുപത്രിയില്‍ പ്രവേശിച്ചപ്പോള്‍ പെണ്‍കുട്ടിയുടെ രക്തസമര്‍ദം കൂടുതലായിരുന്നെന്നും ശ്വാസ കോശ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നും ഡോക്ടര്‍മാരെ ഉദ്ധരിച്ച് പൊലീസ് പറഞ്ഞു.
അതേസമയം, പെണ്‍കുട്ടി തനിക്ക് നേരിട്ട ദുരനുഭവങ്ങള്‍ പറയുന്ന ഓഡിയോ ക്ലിപ്പ് പുറത്ത് വന്നു. സ്റ്റോറേജ് റൂമിലെത്തിയപ്പോള്‍ മാനേജര്‍ കതക് അടക്കുകയായിരുന്നെന്നും പണം വാഗ്ദാനം ചെയ്ത് അയാള്‍ തന്നെ ചുംബിക്കാന്‍ ശ്രമിച്ചെന്നും ഓഡിയോയില്‍ പെണ്‍കുട്ടി പറയുന്നുണ്ട്. സ്റ്റോറേജ് റൂമില്‍ സി.സി.ടി.വി ക്യാമറകള്‍ ഒന്നുമുണ്ടായിരുന്നില്ല.

Content highlights: women guard raped by manager in gaziabad, died