പാരീസ്: അടുത്തവര്‍ഷം ഫ്രാന്‍സില്‍ നടക്കുന്ന വനിത ലോകകപ്പിനായുള്ള ഗ്രൂപ്പുകളുടേയും ഫിക്‌സ്ചറിന്റേയും കാര്യത്തില്‍ അന്തിമ തീരുമാനമായി. ഇന്നലെ നടന്ന നറുക്കെടുപ്പിലാണ് തീരുമാനമായത്. 6 ഗ്രൂപ്പുകളിലായി 24 ടീമുകളാണുള്ളത്. ആതിഥേയരായ ഫ്രാന്‍സും കൊറിയ റിപ്പബ്ലിക്കും തമ്മിലുള്ള പോരാട്ടത്തോടെയാകും ടൂര്‍ണമെന്റ് തുടങ്ങുക.
നിലവിലെ ചാംപ്യന്‍മാരായ അമേരിക്ക ഗ്രൂപ്പ് എഫിലാണ്. തായ്‌ലന്‍ഡും ചിലെയും സ്വീഡനുമാണ് ഗ്രൂപ്പിലെ മറ്റുടീമുകള്‍. ഇംഗ്ലണ്ടും സ്‌കോട്ട്‌ലന്‍ഡും അര്‍ജന്റീനയും ജപ്പാനുമടങ്ങുന്ന ഗ്രൂപ്പ് ഡിയാണ് മരണഗ്രൂപ്പ്. ജര്‍മനിയും സ്‌പെയിനും ഗ്രൂപ്പ് ബിയിലാണ് സ്ഥാനം. ഇറ്റലിയും ബ്രസീലും ഗ്രൂപ്പ് സിയില്‍ ഏറ്റുമുട്ടും. ഗ്രൂപ്പ് ഇയില്‍ നെതര്‍ലന്‍ഡാകും കാനഡയ്ക്ക് വെല്ലുവിളിയാകുക.
നിലവിലെ ചാംപ്യന്‍മാരായ അമേരിക്കയും രണ്ട് വട്ടം ചാംപ്യന്‍മാരായ ജര്‍മനിയുമാണ് ടൂര്‍ണമെന്റ് ഫേവറിറ്റുകള്‍. ഇവര്‍ക്ക് പുറമെ യുവകരുത്തുമായെത്തുന്ന കാനഡയും ആതിഥേയ രാജ്യമായ ഫ്രാന്‍സും കപ്പുയര്‍ത്താന്‍ കെല്‍പുള്ളവരാണ്.