രാജ്യത്ത് സ്ത്രീകള്‍ക്ക് നേരേയുള്ള അതിക്രമങ്ങള്‍ ദിനംപ്രതി വര്‍ധിച്ചുക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രതിഷേധങ്ങള്‍ നാനാതുറയിലും ശക്തിപ്പെട്ടുക്കൊണ്ടിരിക്കയാണ്. രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ പ്രതിഷേധങ്ങളും ഇതിനെതിരെ ഉയര്‍ന്നുവരികയും ചെയ്യുന്നുണ്ട്. ഇപ്പോള്‍ സമാനമായ രീതിയില്‍ കേരളത്തിലും അത്തരത്തിലൊരു പ്രതിഷേധത്തിന് സെക്രട്ടറിയേറ്റ് പടിക്കലും സാക്ഷിയാവുകയാണ്.
ALSO READ: കേരള പൊലീസിന്റെ സംഘപരിവാര്‍ മനോവീര്യം, കുറയ്ക്കാനെന്തിങ്കിലും ചെയ്യാനാകുമോ, സര്‍?
രാജ്യത്തെ സ്ത്രീകള്‍ക്കു നേരേയുള്ള അതിക്രമങ്ങള്‍ക്കെതിരെ കേരളത്തിലെ വിവിധ മേഖലകളിലെ സ്ത്രീകള്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നിരാഹാര സത്യാഗ്രഹം സംഘടിപ്പിക്കുകയാണ്. ഇന്ത്യയുടെ മതേതരത്വത്തിനും ജനാധിപത്യത്തിനും വേണ്ടി ആഗ്രഹിക്കുന്ന എഴുത്തുകാര്‍ മുതല്‍ സാധാരണക്കാരായ സ്ത്രീകള്‍ വരെയാണ് സത്യഗ്രഹത്തിന്റെ ഭാഗമാകുകയാണ്.
പ്രധാനമായും ജമ്മുകാശ്മീരിലെ കഠ്‌വയില്‍ എട്ടുവയസ്സുകാരിയെ അമ്പലത്തിനുള്ളില്‍ വച്ച് ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിനും കൂടിയുള്ള പ്രതിഷേധമാണ് ഈ സമരമെന്നാണ് നിരാഹാര സത്യാഗ്രഹത്തിന്റെ വക്താക്കള്‍ പറഞ്ഞത്. മാത്രമല്ല ഉത്തര്‍പ്രദേശിലെ ഉന്നാവോ പീഡനത്തില്‍ പെണ്‍കുട്ടിയ്ക്ക് അനുകൂലമായി നിലകൊള്ളാന്‍ അധികാരികള്‍ തയ്യാറാവാത്തതിനെയും ഈ പ്രതിഷേധത്തിലൂടെ വിമര്‍ശിക്കുന്നുണ്ട്.
തങ്ങളുടെ പെണ്‍കുട്ടികള്‍ക്കായി ഒരോ സ്ത്രീകളും തെരുവിലിറങ്ങണമെന്നാണ് ഈ സമരം ആവശ്യപ്പെടുന്നത്. സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ ചൂഷണ വിധേയരാകുന്ന വിഭാഗമാണ് സ്ത്രീകള്‍. പെണ്‍കുട്ടികളെ സ്ഥിരം വേട്ടയാടുന്ന സംഘപരിവാര്‍ ശക്തികളെ ഇല്ലായ്മ ചെയ്യുന്നതിനായിട്ടാണ് തങ്ങളുടെ സമരം ലക്ഷ്യമിടുന്നതെന്ന് സ്ത്രീസമരക്കൂട്ടായ്മയിലെ സമരക്കാര്‍ പറയുന്നു.
അതിക്രമങ്ങള്‍ക്കെതിരെ സ്ത്രീകള്‍ ഒന്നടങ്കം ഇൗ സമരത്തിലൂടെ തെരുവിലേക്കിറങ്ങുകയാണ്. ഏകദേശം അറുപതിലധികം സ്ത്രീകള്‍ ഇപ്പോള്‍ നടക്കുന്ന സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള സ്ത്രീകള്‍ ഈ സമരത്തില്‍ പങ്കാളികളാകുന്നുവെന്നാണ് സമരത്തില്‍ പങ്കാളിയായ മാധ്യമപ്രവര്‍ത്തകയായ കെ.കെ.ഷാഹിന ഡൂള്‍ന്യൂസിനോട് പറഞ്ഞത്. ” സ്ത്രീകള്‍ക്കതിരെ രാജ്യത്തുടനീളം നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെയാണ് ഇപ്പോള്‍ ഈ സമരം സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 9 മണിമുതല്‍ തുടങ്ങി വെകുന്നേരം വരെ നീളുന്ന ഈ നിരാഹാര സമരത്തില്‍ വിവിധ മേഖലകളിലെ പ്രമുഖരായ എല്ലാ സ്ത്രീകളും പങ്കെടുക്കുന്നുണ്ട്. സി.എസ്.ചന്ദ്രിക, ജെ. ദേവിക, കെ.കെ.രമ, ട്രാന്‍സ്‌ജെന്‍ഡറായ ശീതള്‍ ശ്യാം, മണല്‍ ഖനനത്തിനെതിരെ സമരം നടത്തിയ ജസീറ, ശ്രീജ നെയ്യാറ്റിന്‍കര തുടങ്ങിയ മുഖ്യധാരയില്‍ ഒരോ വിഷയങ്ങളിലും പ്രതികരിച്ച സ്ത്രീകള്‍ ഈ സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്”.
ALSO READ: 21 വര്‍ഷത്തിനു ശേഷവും ജപ്പാന്‍ കുടിവെള്ളം ഇനിയും വീടുകളില്‍ എത്തിയില്ല
പ്രധാനമായും കാശ്മീര്‍ ഉന്നാവോ വിഷയങ്ങളില്‍ പ്രതിഷേധിച്ച് സ്ത്രീകള്‍ തങ്ങളുടെ പ്രതികരണം അറിയിക്കാന്‍ കണ്ടെത്തിയ വേദിയാണ് ഇപ്പോള്‍ സംഘടിപ്പിച്ചിരിക്കുന്ന ഈ നിരാഹാര സമരം. ഈ കേസുകൡ പ്രതികള്‍ക്ക് ശിക്ഷ നേടിക്കൊടുക്കുന്നതുവരെ വിവിധ മാര്‍ഗ്ഗത്തിലൂടെയുള്ള സമരങ്ങള്‍ സംഘടിപ്പിക്കുക തന്നെ ചെയ്യും. അതിന്റെ ആദ്യ പടിയെന്ന നിലയ്ക്കാണ് സെക്രട്ടറിയേറ്റിനു മുന്നില്‍ സ്ത്രീകള്‍ ഒത്തുകൂടി ഇപ്പോള്‍ നടത്തുന്ന പ്രതിഷേധം. സമരത്തിന്റെ പ്രധാനമായും എടുത്തുപറയേണ്ട സവിശേഷതയെന്നത് സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള സ്ത്രീകളാണ് ഈ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. ഇവരെയെല്ലാം ഇവിടെ സമരത്തില്‍ ഒരുമിപ്പിച്ചു നിര്‍ത്തുന്നത് സംഘപരിവാര്‍ ശക്തികള്‍ക്കതിരെ ഉയര്‍ന്നുവരുന്ന വികാരമാണെന്നും ഷാഹിന പറയുന്നു.
അതിനുദാഹരണമാണ് സോഷ്യല്‍ മീഡിയയില്‍ പരസ്പരം കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്ന സ്ത്രീകളാണ് ഈ സമരത്തില്‍ ഒരേ വേദിയിലിരുന്ന് നിരാഹാര സമരത്തിന് പിന്തുണ നല്‍കുന്നത്. അവരെ ഇത്തരത്തില്‍ ഒന്നിപ്പിച്ചു നിര്‍ത്തുന്നത് സംഘപരിവാര്‍ ശക്തികള്‍ക്കെതിരെ പ്രവര്‍ത്തിക്കണം എന്ന് പൊതു രാഷ്ട്രീയ വികാരമാണ്. സമരത്തില്‍ കാണുന്ന ഏറ്റവും വലിയ പ്രത്യേകതയാണതെന്നാണ് കെ.കെ. ഷാഹിന പറയുന്നത്.
ഇതൊരു പ്രധാനപ്പെട്ട രാഷ്ട്രീയ സന്ദര്‍ഭം കൂടിയാണ്. ഫാസിസ്റ്റ് വിരുദ്ധചേരി എപ്പോഴും വിഘടിച്ച് നില്‍ക്കുമെന്നും, നമ്മള്‍ വളരെയധികം സൂഷ്മ രാഷ്ട്രീയത്തില്‍ ഉറച്ചുനില്‍ക്കുന്നവരാണെന്നും പരസ്പരം ഒന്നിച്ച് ഒരേ വേദിയില്‍ നില്‍ക്കാന്‍ കഴിയാത്തവരാണെന്നും സംഘപരിവാര്‍ ശക്തികള്‍ക്ക് ഒരു പൊതുധാരണയുണ്ട്. അവരുടെ അത്തരം പ്രതീക്ഷകളെ തകിടം മറിക്കുന്ന ഒന്നാണ് സ്ത്രീകളുടെ നിരാഹാരത്തിലൂടെ ഇന്ന് ഇവിടെ നടക്കുന്നത്. സ്ത്രീകള്‍ക്കെതിരെയുള്ള വര്‍ധിച്ചുവരുന്ന അതിക്രമങ്ങൡ സംഘപരിവാര്‍ ശക്തികള്‍ക്കെതിരായുള്ള ഐക്യം രൂപപ്പെടുത്തിയെടുക്കുകയെന്നതാണ് ഈ സമരപ്രഖ്യാപനത്തിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നും കെ.കെ. ഷാഹിന ഡൂള്‍ന്യൂസിനോട് പറഞ്ഞു.
എഴുത്തുകാര്‍ മുതല്‍ വളരെ സാധാരണക്കാരായുള്ള സ്ത്രീകള്‍ വരെ പങ്കെടുക്കുന്ന സമരത്തിന്റെ പ്രധാന ലക്ഷ്യം സംഘപരിവാര്‍ എന്ന ഫാസിസ്റ്റ് ശക്തികളുടെ സ്വാധീനം വേരുപിടിക്കുന്ന സമൂഹത്തില്‍ സ്ത്രീകള്‍ക്കു നേരേയും അതിക്രമങ്ങള്‍ വര്‍ധിക്കുകയാണ്. കുറ്റക്കാര്‍ക്കെതിരെ കൃത്യമായ നിയമനടപടികള്‍ സ്വീകരിക്കാന്‍ രാജ്യത്തെ ഉന്നത ഭരണകൂടത്തിന്റെ നയങ്ങള്‍ക്കെതിരെയുമാണെന്നാണ് സ്ത്രീകളുടെ നിരാഹാര സമരത്തിലൂടെ ഉദ്ദേശിക്കുന്നതെന്നും സമരസമിതി അംഗങ്ങള്‍ പറയുന്നു.