00:00 | 00:00
പ്രളയം തകര്‍ത്ത പെണ്‍കൃഷിക്കൂട്ടായ്മകള്‍
ശ്രീഷ്മ കെ
2018 Sep 17, 07:15 am
2018 Sep 17, 07:15 am

പ്രളയത്തിനു ശേഷം കേരളം പൂര്‍വസ്ഥിതിയിലേക്കു തിരിച്ചെത്തുമ്പോഴും, കുട്ടനാട്ടില്‍ ഇപ്പോഴും സാധാരണജീവിതം പുനസ്ഥാപിക്കപ്പെട്ടിട്ടില്ല. ആകെയുള്ള 23 പാടശേഖരങ്ങള്‍ മുഴുവനും വെള്ളത്തിനടിയിലായ കുട്ടനാടന്‍ ഗ്രാമങ്ങളില്‍ കൃഷി നാശത്തിന്റെ ഭീകരത അനുഭവിക്കുന്നത് പരമ്പരാഗത കര്‍ഷകര്‍ മാത്രമല്ല എന്നതാണ് യാഥാര്‍ത്ഥ്യം.

പ്രളയമെടുത്ത കൃഷിയിടങ്ങളില്‍ ചിലത് ചില പെണ്‍കൂട്ടായ്മകളുടെ നാളുകള്‍ നീണ്ട പ്രവര്‍ത്തനഫലമായി പടുത്തുയര്‍ക്കപ്പെട്ടതാണ്. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആലപ്പുഴ ജില്ലയില്‍ വിവിധയിടങ്ങളിലായി സ്ത്രീകള്‍ മുന്നിട്ടു നടത്തുന്ന കൃഷികളും പാടേ നശിച്ചവയില്‍ ഉള്‍പ്പെടുന്നു.

ചിട്ടി പിടിച്ചും കടം വാങ്ങിച്ചും സ്വരുക്കൂട്ടിവച്ച പണം കൊണ്ടാണ് ഇവരില്‍ പലരും കൃഷി നടത്തിപ്പോന്നിരുന്നത്. നെല്ലും പച്ചക്കറികളും ജൈവവളം ഉപയോഗിച്ചു മാത്രം കൃഷി ചെയ്തിരുന്ന ഈ പെണ്‍കൂട്ടായ്മകളിലെ അംഗങ്ങളില്‍ പലര്‍ക്കും ആകെയുണ്ടായിരുന്ന ഉപജീവന മാര്‍ഗ്ഗം കൂടിയായിരുന്നു ഇത്. ഒരു മാസത്തിനു ശേഷവും വെള്ളമിറങ്ങാത്ത നെല്‍പ്പാടങ്ങള്‍ എന്നു തിരിച്ചു പിടിക്കാനാകും എന്ന ആശങ്കയിലാണ് ആലപ്പുഴയിലെ ഈ സ്ത്രീകള്‍.