| Thursday, 29th August 2019, 9:23 pm

'ഇസ്‌ലാം വിടുന്നവരെ കൊല്ലാന്‍ തന്നെയാണ് മതം പറയുന്നത്'; മത വിമര്‍ശനത്തിന്റെയും പ്രണയത്തിന്റെയും പേരില്‍ കുടുംബത്തില്‍ നിന്ന് ഭീഷണി നേരിടുന്നതായി യുവതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: മത വിമര്‍ശനത്തിന്റെയും പ്രണയത്തിന്റെയും പേരില്‍ കുടുംബത്തില്‍ നിന്ന് ഭീഷണി നേരിടുന്നതായി വിദ്യാര്‍ഥിയുടെ കുറിപ്പ്. ഷെറീന സി.കെ എന്ന വിദ്യാര്‍ഥിയാണ് കുടുംബാംഗങ്ങള്‍ ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തതായി ഫേസ്ബുക്കില്‍ കുറിപ്പിട്ടിരിക്കുന്നത്.

ഷെറീന മലപ്പുറം സ്വദേശിയാണെന്നും തൃശൂരിലാണ് താമസമെന്നും ഫേസ്ബുക്ക് പ്രൊഫൈലില്‍ പറയുന്നുണ്ട്. ഒരാഴ്ചയായി സഹോദരന്മാര്‍ മാനസികമായും ശാരീരികമായും ഉപദ്രവിക്കുകയാണെന്നും ഷെറീന ഫേസ്ബുക്കില്‍ പറയുന്നു. തനിക്ക് എന്ത് സംഭവിച്ചാലും അതിനു ഉത്തരവാദി സഹോദരന്മാരും ബന്ധുക്കളും ആയിരിക്കുമെന്നും യുവതി പറയുന്നു.

‘കഴിഞ്ഞ ദിവസം എന്റെ വലിയ സഹോദരന്‍ കഴുത്തില്‍ പിടിച്ചു ഞെരിക്കുകയും മുടിപിടിച്ചു വലിച്ചു മര്‍ദിക്കുകയും ചെയ്തു. മതപണ്ഡിതനായ എന്റെ ഒരു സഹോദരന്‍ പറഞ്ഞത് ഇസ്‌ലാം വിടുന്നവരെ കൊല്ലാന്‍ തന്നെയാണ് മതം പറയുന്നത് എന്നാണ്. കെവിന്‍ വധക്കേസ് പുറത്ത് വന്നത് തെളിവുള്ളതു കൊണ്ടുമാത്രമാണെന്നും തെളിവ് ഇല്ലാതെ എന്നെ തീര്‍ക്കാന്‍ അറിയാം എന്നുമാണ് വലിയ സഹോദരന്റെ ഭാര്യ പറഞ്ഞത്’- ഷെറീന പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഞാന്‍ സേഫ് ആണ്. സഹോദരന്മാരുടെ ഒരാഴ്ചത്തെ ശാരീരികവും മാനസികവുമായ പീഡനം ആണ് എന്നെ ഈ ഒരു അവസ്ഥയില്‍ എത്തിച്ചത്. മതവിശ്വാസവും മതവിമര്‍ശനവും എന്റെ പ്രണയവും തന്നെയാണ് അവരെ കൊണ്ട് ഇത് ചെയ്യിക്കാനുള്ള കാരണം. പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്താലും കൊല്ലും എന്നതായിരുന്നു ഭീഷണി. ഫോണ്‍ പിടിച്ചു വാങ്ങി അഞ്ചു ദിവസം യാതൊരു കമ്മ്യൂണിക്കേഷന്‍ ഇല്ലാതെ ഇരുന്നു. ചില സാങ്കേതിക പ്രശ്‌നങ്ങള്‍ എന്നെ പരാതി കൊടുക്കുന്നതില്‍ നിന്ന് പിന്തിരിച്ചു.

കഴിഞ്ഞ ദിവസം എന്റെ വലിയ സഹോദരന്‍ കഴുത്തില്‍ പിടിച്ചു ഞെരിക്കുകയും മുടിപിടിച്ചു വലിച്ചു മര്‍ദ്ദിക്കുകയും ചെയ്തു. മതപണ്ഡിതന്‍ ആയ എന്റെ ഒരു സഹോദരന്‍ പറഞ്ഞത് ഇസ്‌ലാം വിടുന്നവരെ കൊല്ലാന്‍ തന്നെയാണ് മതം പറയുന്നത് എന്നാണ്. കെവിന്‍ വധക്കേസ് പുറത്ത് വന്നത് തെളിവ് ഉള്ളത് കൊണ്ട് മാത്രം ആണെന്നും തെളിവ് ഇല്ലാതെ എന്നെ തീര്‍ക്കാന്‍ അറിയാം എന്നുമാണ് വലിയ സഹോദരന്റെ ഭാര്യ പറഞ്ഞത്.

ഞാന്‍ ഇനി ആത്മഹത്യ ചെയ്യാന്‍ ഒന്നും പോവില്ല. പോരാടാന്‍ തന്നെയാണ് തീരുമാനം. പൊലീസ് സ്റ്റേഷന്‍ലേക്ക് പോവുകയാണ്. പരാതി കൊടുത്താല്‍ കൊല്ലും എന്നാണ് സഹോദരങ്ങളുടെ ഉള്‍പ്പെടെ ഭീഷണി. അതിനാല്‍ ഇനി എനിക്ക് എന്ത് സംഭവിച്ചാലും അതിനു ഉത്തരവാദി എന്റെ സഹോദരന്മാരും ബന്ധുക്കളും ആയിരിക്കും.

എന്ന്
ഷെറീന സി.കെ

We use cookies to give you the best possible experience. Learn more