ജമ്മു: ജമ്മുകശ്മീര്‍ ബി.ജെ.പിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി കശ്മീരില്‍ നിന്നുള്ള ബി.ജെ.പി അംഗം. പാര്‍ട്ടി സംസ്ഥാന സ്റ്റേറ്റ് യൂണിറ്റില്‍ വനിതാ അംഗങ്ങളെ പുരുഷ നേതാക്കന്മാര്‍ ചൂഷണം ചെയ്‌തെന്നും സംഘടനയ്ക്കുള്ളില്‍ തന്നെ അവഹേളിക്കുകയും ചെയ്‌തെന്നുമാണ് യുവതിയുടെ പരാതി.
ജമ്മുവിലെ കണ്‍വെന്‍ഷന്‍ സെന്ററില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം. മുന്‍ പ്രധാനമന്ത്രി വാജ്‌പേയിക്ക് ആദരവര്‍പ്പിക്കുന്ന ചടങ്ങിനുശേഷം ബി.ജെ.പി അംഗമായ പ്രിയ ജറാല്‍ ബി.ജെ.പി ജമ്മുകശ്മീര്‍ പ്രസിഡന്റ് രവീന്ദര്‍ റെയ്‌നയെ സമീപിക്കുകയും സ്ത്രീകളെ സംരക്ഷിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
Also Read:വീണ്ടും സദാചാര ഗുണ്ടായിസം; മലപ്പുറത്ത് ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായ യുവാവ് തൂങ്ങിമരിച്ച നിലയില്‍
ആരോപണമുന്നയിച്ച പ്രിയയെ തടയാന്‍ ജമ്മുകശ്മീര്‍ നിയമസഭാ സ്പീക്കര്‍ നിര്‍മ്മല്‍ സിങ് ശ്രമിച്ചു. എന്നാല്‍ യുവതി പരാതി ഉന്നയിക്കുന്നത് തുടരുകയായിരുന്നു.
“ഇപ്പോള്‍ ഇത് ഉന്നയിക്കുന്നത് ശരിയല്ല” എന്ന് റെയ്‌ന പറഞ്ഞപ്പോള്‍ ” പലതവണയായി ഇത് പറയേണ്ടെന്ന് വെക്കുന്നു. ഇനിയത് പറ്റില്ല” എന്നായിരുന്നു പ്രിയയുടെ പ്രതികരണം.
പാര്‍ട്ടിയില്‍ സ്ത്രീകളോട് യാതൊരു ബഹുമാനവുമില്ലെന്നും പുരുഷ നേതാക്കന്മാര്‍ക്ക് എങ്ങെ സ്ത്രീകളോട് പെരുമാറണമെന്ന് അറിയില്ലെന്നുമായിരുന്നു പ്രിയയുടെ ആരോപണം. “മിണ്ടാതെ ഇരിക്കുന്ന തരത്തിലുള്ള സ്ത്രീയല്ല ഞാന്‍. ഞാന്‍ പറയാനുള്ളത് പറയുക തന്നെ ചെയ്യും. ” എന്നും അവര്‍ പറഞ്ഞു.
പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കന്മാരോട് ചെറിയ ചില വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായാലേ പ്രമോഷന്‍ ലഭിക്കൂവെന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാവ് തന്നോട് പറഞ്ഞെന്നാണ് പ്രിയയുടെ ആരോപണം. ഇതിന്റെ പേരില്‍ ആ നേതാവിനെ താന്‍ ചീത്തവിളിച്ചെന്നും അവര്‍ പറയുന്നു.