പത്തംതിട്ട: സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിന്റെ പശ്ചാത്തലത്തില്‍ നട അടച്ചിടാന്‍ തന്ത്രിയുടെ തീരുമാനം. മേല്‍ശാന്തിമാരും തന്ത്രിമാരും കൂടിയാലോചനകള്‍ക്കുശേഷമാണ് ഇത്തരമൊരു തീരുമാനം.
തീരുമാനത്തിനു പിന്നാലെ മേല്‍ശാന്തി ശബരിമല നട അടച്ചു. നെയ്യഭിഷേകം നിര്‍ത്തിവെച്ചു. ദര്‍ശനത്തിനായെത്തിയ ഭക്തരെ ക്ഷേത്രത്തിനു മുമ്പില്‍ നിന്ന് മാറ്റുകയും ചെയ്തു.
ഇന്നു പുലര്‍ച്ചേ മൂന്ന് മണിക്കും നാലുമണിക്കും ഇടയിലാണ് കോഴിക്കോട് സ്വദേശി ബിന്ദുവും മലപ്പുറം സ്വദേശി ശബരിമലയില്‍ ദര്‍ശനം നടത്തിയത്. സന്നിധാനത്ത് ഇവര്‍ എത്തിയെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പൊലീസ് സുരക്ഷയോടെയാണ് ബിന്ദുവും കനകദുര്‍ഗയും സന്നിധാനത്ത് ദര്‍ശനം നടത്തിയത്. മഫ്ടിയിലാണ് പൊലീസ് സന്നിധാനത്തേക്ക് യുവതികളെ എത്തിച്ചത്.
രാത്രി ഒരു മണിയോടെ പമ്പയില്‍ നിന്ന് മല കയറിയ ബിന്ദുവും കനകദുര്‍ഗയും മൂന്നരയോടെ സന്നിധാനത്ത് എത്തുകയും നാല് മണിയോടെ ദര്‍ശനം നടത്തി മടങ്ങുകയുമായിരുന്നു.
നേരത്തെ ഡിസബംര്‍ 24ന് ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയിരുന്നെങ്കിലും ബിന്ദുവിനും കനക ദുര്‍ഗ്ഗയ്ക്കും പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങേണ്ടി വന്നിരുന്നു. തങ്ങളെ പൊലീസ് നിര്‍ബന്ധിച്ച് ഇറക്കുകയായിരുന്നെന്ന് ഇവര്‍ ആരോപിച്ചിരുന്നു. ശബരിമല ദര്‍ശനത്തില്‍ നിന്ന് പുറകോട്ടില്ലെന്നും ബിന്ദുവും കനകദുര്‍ഗ്ഗയും മലയിറങ്ങിയ ശേഷവും വ്യക്തമാക്കിയിരുന്നു.
തനിക്ക് ശാരീരികപ്രശ്‌നങ്ങളുണ്ട് എന്നത് പൊലീസിന്റെ ആരോപണമാണെന്നും ഗസ്റ്റ് റൂമിലേക്കെന്ന് പറഞ്ഞാണ് പൊലീസ് തങ്ങളെ ബലമായി മല ഇറക്കിയതെന്നും ഇരുവരും പറഞ്ഞിരുന്നു.
തുടര്‍ന്ന് കനകദുര്‍ഗയും ബിന്ദുവും മെഡിക്കല്‍ കോളെജില്‍ നിരാഹാര സമരം നടത്തിയിരുന്നു. എന്നാല്‍ ശബരിമലയിലേക്ക് വീണ്ടും പോകാന്‍ സംരക്ഷണമൊരുക്കുമെന്ന് പൊലീസ് വീണ്ടും ഉറപ്പ് നല്‍കിയതായും ഇരുവരും മെഡിക്കല്‍ കോളേജില്‍ നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചു കൊണ്ട് വ്യക്തമാക്കിയിരുന്നു.
ശബരിമലയില്‍ ദര്‍ശനത്തിന് സൗകര്യമൊരുക്കുമെന്ന് സര്‍ക്കാരും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് യുവതികള്‍ ശബരിമലയില്‍ പ്രവേശനം നടത്തിയത്.