സുന്നി പള്ളികളിലടക്കം എല്ലാ ആരാധനാലയങ്ങളിലും സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണം: മന്ത്രി കെ.ടി ജലീല്‍
Shabarimala
സുന്നി പള്ളികളിലടക്കം എല്ലാ ആരാധനാലയങ്ങളിലും സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണം: മന്ത്രി കെ.ടി ജലീല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 9th October 2018, 7:52 am

കോഴിക്കോട്: സുന്നി പള്ളികളിലടക്കം എല്ലാ ആരാധനാലയങ്ങളിലും സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന് മന്ത്രി കെ.ടി ജലീല്‍. പള്ളികളില്‍ പ്രവേശനം അനുവദിച്ചാലെ ആരാധന സ്വാതന്ത്ര്യം ലഭിക്കുകയുള്ളുവെന്നും മന്ത്രി വ്യക്തമാക്കി. ശബരിമല സ്ത്രീ പ്രവേശനത്തിലെ സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ തിടുക്കം കാട്ടിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു

അതേസമയം, ശബരിമല സ്ത്രീ പ്രവേശന വിധിയില്‍ സര്‍ക്കാര്‍ പുന:പരിശോധന ഹരജി നല്‍കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കോടതി വിധി മാനിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.


ഇതിനിടെ, സുപ്രീം കോടതി വിധിക്കെതിരെ പന്തളം രാജകുടുംബം, നായര്‍ സര്‍വീസ് സൊസൈറ്റി, ദേശീയ അയ്യപ്പ ഭക്ത വനിതാ കൂട്ടായ്മ, സന്നദ്ധ സംഘടനയായ ചേതന എന്നിവര്‍ പുന:പരിശോധന ഹര്‍ജി സമര്‍പ്പിച്ചു.

സ്ത്രീ പ്രവേശന വിധിയില്‍ ഗുരുതരമായ പിഴവുണ്ടെന്ന് നായര്‍ സര്‍വീസ് സൊസൈറ്റി സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. വിശ്വാസവും ആചാരവും പിന്തുടരാനുളള ഭരണഘടനാവകാശമാണ് വിധിയിലൂടെ നിഷേധിക്കുന്നത്. അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണ്. ഇതിന് പൗരാണിക തെളിവുകളുകളുണ്ടെന്നും എന്‍.എസ്.എസ് വാദിക്കുന്നു.