ആരാധനാലയങ്ങളില്‍ മതം നോക്കാതെ സ്ത്രീപ്രവേശനം: ഹരജി തള്ളി
national news
ആരാധനാലയങ്ങളില്‍ മതം നോക്കാതെ സ്ത്രീപ്രവേശനം: ഹരജി തള്ളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 3rd November 2018, 9:13 am

ന്യൂദല്‍ഹി: പ്രായമോ മതമോ പരിഗണിക്കാതെ സ്ത്രീകളെ ആരാധനാലയങ്ങളില്‍ പ്രവേശിപ്പിക്കണമെന്ന ഹരജി ദല്‍ഹി ഹൈക്കോടതി തള്ളി. അഡ്വ. സഞ്ജീവ് കുമാറാണു സ്ത്രീകളെ ആരാധനാലയങ്ങളില്‍ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

ക്ഷേത്രങ്ങളിലും മുസ്‌ലിം പള്ളികളിലും പാഴ്‌സികളുടെ ആരാധനാലയങ്ങളിലും പ്രായമോ മതമോ നോക്കാതെ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നായിരുന്നു ഹരജിക്കാരന്റെ പ്രധാന ആവശ്യം. എന്നാല്‍ ഹരജി കോടതി തള്ളി.


ഹരജിയില്‍ പറയുന്ന ആരാധനാലയങ്ങള്‍ തങ്ങളുടെ പരിധിയില്‍ വരുന്നതല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോന്‍, ജസ്റ്റിസ് വി.കെ. റാവു എന്നിവരുള്‍പ്പെട്ട ബെഞ്ച് ഹരജി തള്ളിയത്.

ആര്‍ത്തവ കാലത്തുള്‍പ്പെടെ മതപരിഗണനയില്ലാതെ സ്ത്രീകളെ ക്ഷേത്രങ്ങളില്‍ പ്രവേശിപ്പിക്കുക, പൂജാരി, ഇമാം, വികാരി എന്നീ സ്ഥാനങ്ങളില്‍ സ്ത്രീകളെ നിയമിക്കുക, ആറ്റുകാല്‍, ചക്കുളത്തുകാവ് ക്ഷേത്രങ്ങളില്‍ പുരുഷന്‍മാര്‍ക്കും തുല്യപരിഗണന നല്‍കുക, സ്ത്രീകള്‍ക്കു മാത്രം പ്രവേശനമുള്ള ക്ഷേത്രങ്ങളില്‍ പുരുഷന്‍മാര്‍ക്കും പ്രവേശനം നല്‍കുക, ആര്‍ത്തവ സമയത്തു വ്രതമനുഷ്ഠിക്കാനും പ്രാര്‍ഥിക്കാനും മുസ്‌ലിം സ്ത്രീകള്‍ക്ക് അനുവാദമില്ലാത്തതിനെ ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കുക, ആര്‍ത്തവ കാലത്തു ഹിന്ദു സ്ത്രീകള്‍ക്ക് അടുക്കളയില്‍ കയറാനും പ്രാര്‍ഥിക്കാനും അനുവാദം നല്‍കുക എന്നീ ആവശ്യങ്ങളും ഹരജിയില്‍ ഉന്നയിച്ചിരുന്നു.