ന്യൂദല്‍ഹി: 74ാമത് റിപ്പബ്ലിക് ദിനാഘോഷയാത്രയില്‍ സ്ത്രീശാക്തീകരണമാണ് കേരളത്തിന്റെ നിശ്ചലദൃശ്യത്തിന്റെ വിഷയം. ബേപ്പൂര്‍ റാണി എന്ന പേരിലാണ് ടാബ്ലോ പരേഡിലെത്തുക.
ഉരുവിന്റെ മാതൃകയില്‍ ‘നാരീശക്തിയും സ്ത്രീ ശാക്തീകരണത്തിന്റെ നാടോടി പാരമ്പര്യവും’ എന്നതിനെ കേന്ദ്രപ്രമേയമാക്കിയാണ് ടാബ്ലോ ഒരുക്കിയിരിക്കുന്നത്. കര്‍ത്തവ്യ പഥില്‍ പത്ത് മണിക്കാണ് റിപ്പബ്ലിക് ദിന പരേഡ് ആരംഭിക്കുന്നത്. രാഷ്ട്രപതി ദ്രൗപതി മുര്‍മു, പ്രധാനമന്ത്രി തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും.
14 സംസ്ഥാനങ്ങളുടെയും മൂന്ന് കേന്ദ്ര ഭരണപ്രദേശങ്ങളുടെയും ആറ് മന്ത്രാലയങ്ങളുടെയും നിശ്ചലദൃശ്യങ്ങള്‍ ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷ യാത്രയിലുണ്ട്.
ബംഗാളും സ്ത്രീ ശാക്തീകരമാണ് ടാബ്ലോയുടെ വിഷയമായി തെരഞ്ഞെടുത്തത്.
സ്ത്രീ ശാക്തീകരണത്തിന്റെ അടയാളമായി യുനെസ്‌കോയുടെ സാംസ്‌കാരിക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയ കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ ബംഗാളിന്റെ ടാബ്ലോയാകും.
കൃഷ്ണന്റെ ഗീതാദര്‍ശനവും വിശ്വരൂപവുമാണ് ഹരിയാനയുടെ ടാബ്ലോ. ശക്തിപീഠങ്ങളും ശ്രീശക്തിയും എന്ന ആശയത്തോടെയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ചിത്രരഥം അവതരിപ്പിക്കുക. ദേവഘട്ടിലെ ബാബധാം ക്ഷേത്ര മാതൃകയ്ക്ക് മുന്നില്‍ ബിര്‍സ മുണ്ടയുടെ പ്രതിമയാണ് ഝാര്‍ഖണ്ഡ് അവതരിപ്പിക്കുക.
മാനസ്ഖണ്ഡ് എന്ന ആശയവുമായി ജഗദേശ്വരക്ഷേത്രവും ദേവദാരുമരങ്ങളും പക്ഷിമൃഗാദികളുമൊത്തുചേരുന്ന മനോഹര പ്രകൃതിദൃശ്യമാണ് ഉത്തരാഖണ്ഡിന്റെ ടാബ്ലോ.
പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ യുദ്ധ സ്മാരകത്തില്‍ ആദരം അര്‍പ്പിക്കുന്നതോടെയാണ് രാജ്യത്ത് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് തുടക്കമാകുക. രാഷ്ട്രപതി ദ്രൗപദി മുര്‍മു കര്‍ത്തവ്യപഥില്‍ ദേശീയ പതാക ഉയര്‍ത്തും. ഈജിപ്ത് പ്രസിഡന്റ് അബ്ദല്‍ ഫത്ത അല്‍ സിസിയാണ് ഇത്തവണ രാജ്യത്തിന്റെ റിപ്പബ്ലിക് ദിന മുഖ്യാതിഥി.
അതേസമയം, കഴിഞ്ഞ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ ടാബ്ലോ നിഷേധിച്ചത് വലിയ വാര്‍ത്തയായിരുന്നു. ടാബ്ലോകള്‍ക്ക് നിലവാരം പോരാ എന്ന വാദമുന്നയിച്ചായിരുന്നു കേന്ദ്രം ഒഴിവാക്കിയിരുന്നത്.