മുസാഫര്‍നഗര്‍: സ്ത്രീകള്‍ക്ക് മൊബൈല്‍ ഫോണ്‍ അനാവശ്യമാണെന്ന് ബി.എസ്.പി എം.എല്‍.എ രാജ്പാല്‍ സൈനി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മൊബൈല്‍ ഫോണ്‍ അനാവശ്യമാണെന്നും അത് അവരുടെ ശ്രദ്ധ മറ്റ് പല കാര്യങ്ങളിലുമാക്കുമെന്നാണ് എം.എല്‍.എ പറയുന്നത്.
“സ്ത്രീകള്‍ക്കെന്തിനാണ് മൊബൈല്‍ ഫോണ്‍? എന്റെ ഭാര്യയും അമ്മയും സഹോദരിയും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നില്ലല്ലോ, അവര്‍ക്കതിന്റെ ആവശ്യം പോലുമില്ല”. എം.എല്‍.എ പറയുന്നു.[]
പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഇത്തരത്തില്‍ സ്ത്രീകളെ രണ്ടാം കിട പൗരന്‍മാരായി കാണുന്ന പ്രവണത അടുത്ത കാലത്തായി വര്‍ധിച്ച് വരികയാണ്. അധികാരത്തിലിരിക്കുന്നവര്‍ തന്നെയാണ് ഇങ്ങനെ സ്ത്രീകളെ മുഖ്യധാരയില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ പ്രേരിപ്പിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതെന്നുമാണ് ഏറെ കൗതുകം.
ഹരിയാനയിലെ ഒരു ഖാപ് പഞ്ചായത്തില്‍ (ഗ്രാമവാസികളുടെ സഭ) കഴിഞ്ഞ ജൂലായില്‍ പ്രണയ വിവാഹവും 40 വയസ്സിന് താഴെ പ്രായമുള്ള സ്ത്രീകള്‍ മൊബൈല്‍ ഉപയോഗിക്കുന്നതും പുറത്ത് പോകുന്നതും വിലക്കിയിരുന്നു.
ഹരിയാനയില്‍ വര്‍ധിച്ച് വരുന്ന സ്ത്രീപീഡനങ്ങള്‍ ഒഴിവാക്കാന്‍ പെണ്‍കുട്ടികളെ പെട്ടന്ന് വിവാഹം കഴിപ്പിക്കാനും അവിടെയുള്ള ഖാപ്പ് സഭ ഉത്തരവിട്ടിരുന്നു. മാത്രമല്ല പീഡനങ്ങള്‍ വര്‍ധിക്കാനുള്ള പ്രധാന കാരണം നാട്ടിലെ പെണ്‍കുട്ടികളാണെന്നും ആരോപിച്ചിരുന്നു.
ടെലിവിഷനുകളും സിനിമകളുമാണ് പീഡനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതെന്നും ഇവര്‍ ആരോപിച്ചിരുന്നു. ഇത് തടയാന്‍ ഇവര്‍ നിര്‍ദേശിച്ച മാര്‍ഗമാകട്ടെ പെണ്‍കുട്ടികളെ പതിനാറ് വയസ്സില്‍ വിവാഹം കഴിപ്പിക്കുകയും. ഇതോടെ പെണ്‍കുട്ടികളുടെ ലൈംഗികാവശ്യങ്ങള്‍ തീര്‍ക്കാന്‍ ഭര്‍ത്താക്കന്മാര്‍ ഉണ്ടാകുമെന്ന് ഇതിനായി മറ്റിടങ്ങളിലേക്ക് അവര്‍ക്ക് പോവേണ്ടി വരില്ലെന്നും ഖാപ്പ് പ്രഖ്യാപിച്ചു. ഇതോടെ നാട്ടിലെ ലൈംഗികാതിക്രമങ്ങള്‍ ഇല്ലാതാകുമത്രേ.
ബലാത്സംഗം തടയാന്‍ ബാല വിവാഹമാണ് പോംവഴിയെന്ന് ഹരിയാന മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാലയും മുമ്പ് പറഞ്ഞിരുന്നു. “നമ്മള്‍ ചരിത്രത്തില്‍ നിന്നും പഠിക്കേണ്ടിയിരിക്കുന്നു, പ്രത്യേകിച്ച് മുഗള്‍ ഭരണകാലത്ത് നിന്ന്. മുഗള്‍ഭരണകാലത്തെ ഭരണകര്‍ത്താക്കളില്‍ നിന്ന് തങ്ങളുടെ പെണ്‍മക്കളെ രക്ഷിക്കാന്‍ അവരെ പെട്ടന്ന് വിവാഹം കഴിപ്പിക്കുകയായിരുന്നു അന്നത്തെ മാതാപിതാക്കള്‍ ചെയ്തിരുന്നത്. ഏതാണ്ട് ആ അവസ്ഥ തന്നെയാണ് ഇന്നുള്ളത്. അത് കൊണ്ട് ആ രീതി ഇന്നും പിന്തുടരണമെന്നാണ് ഞാന്‍ പറയുന്നത്.”എന്നായിരുന്നു ഓം പ്രകാശ് ചൗട്ടാല പറഞ്ഞത്.