| Monday, 9th July 2018, 12:35 pm

അഭിമന്യു കുടുംബസഹായധനത്തിലേക്ക് വിവാഹമോതിരം നല്‍കി യുവതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

എറണാകുളം: മഹാരാജാസ് കോളേജില്‍ പോപുലര്‍ ഫ്രണ്ട്-ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകരാല്‍ കൊല ചെയ്യപ്പെട്ട എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കുടുംബ സഹായ ഫണ്ടിലേക്ക് വിവാഹ മോതിരം സംഭാവന ചെയ്ത് യുവതി.

മരട് സ്വദേശി തട്ടാരിട്ട സുബൈറിന്റെ ഭാര്യ സജ്‌നയാണ് തന്റെ വിവാഹമോതിരം അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കാനുള്ള ഫണ്ടിലേക്ക് സംഭാവന ചെയ്തത്.

തൃപ്പൂണിത്തറ എം.എല്‍.എ ആയ എം സ്വരാജാണ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ഈ സംഭവം പുറത്തുവിട്ടത്. അഭിമന്യുവിന്റെ അരുംകൊലചെയ്തപ്പോള്‍ താന്‍ നിധിപോലെ സൂക്ഷിച്ചിരുന്ന വിവാഹമോതിരം സംഭാവന ചെയ്യാന്‍ സജ്‌ന തയ്യാറായി എന്നും എം. സ്വരാജ് എഴുതുന്നു. സുബൈറിന്റേയും സജ്‌നയുടേയും മകള്‍ അന്‍സിയയില്‍ നിന്നും വിവാഹമോതിരം ഏറ്റുവാങ്ങിയെന്നും സ്വരാജ് പറയുന്നുണ്ട്.

അഭിമന്യുവിന്റെ കൊലപാതകത്തിന് ശേഷം നിര്‍ധനരായ കുടുംബത്തെ സഹായിക്കാന്‍ സംസ്ഥാനവ്യാപകമായി പല സംഘടനകളും മുന്നോട്ട് വരുന്നുണ്ട്. സി.പി.ഐ.എം, എസ്.എഫ്.ഐ തുടങ്ങിയ സംഘടനകള്‍ പണം സ്വരൂപിക്കുന്നുണ്ട്. പല പ്രമുഖരും ഫണ്ടിലേക്ക് പണം സംഭാവന ചെയ്തിരുന്നു.

അഭിമന്യു സ്മരണാർത്ഥം ഗ്രന്ഥശാലയും വട്ടവട ഗ്രാമപഞ്ചായത്ത് സ്ഥാപിക്കുന്നുണ്ട്. ഇതിലേക്ക് പുസ്തകങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ക്യാംപെയ്‌നും നടക്കുന്നുണ്ട്.



We use cookies to give you the best possible experience. Learn more