ചെന്നൈ: ഭര്‍ത്താവിന്റെ വിവാഹേതരബന്ധം വിമാനയാത്രയില്‍ കണ്ടെത്തിയ ഭാര്യ ബഹളം വച്ച് വിമാനം താഴെയിറക്കിച്ചു. കഴിഞ്ഞദിവസം ബാലിയില്‍ നിന്ന് ദോഹയിലേക്ക് പോവുകയായിരുന്ന ഖത്തര്‍ ഏയര്‍വേയ്‌സ് വിമാനത്തിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഭാര്യ വിമാനത്തിനുള്ളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതിനെത്തുടര്‍ന്ന വിമാനം ചെന്നൈയില്‍ ഇറക്കുകയായിരുന്നു.
ഭര്‍ത്താവ് വിമാനയാത്രയില്‍ ഉറങ്ങവേയായിരുന്നു ഇറാനിയന്‍ യുവതി ഭര്‍ത്താവിന്റെ ഫോണിന്റെ ലോക്ക് തുറന്ന് പരിശോധിച്ചത്. ഭര്‍ത്താവിന്റെ വിവാഹേതര ബന്ധം മനസിലാക്കിയ ഇവര്‍ പരിസരം മറന്ന് പൊട്ടിത്തെറിക്കുകയായിരുന്നു.
വിമാനത്തില്‍ ബഹളംവെച്ച ഇവരെ ഭര്‍ത്താവും കൂടെയുണ്ടായിരുന്ന മകളും ചേര്‍ന്ന് സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അതിനു സാധിച്ചില്ല. സംഭവത്തില്‍ ഇടപെടാനെത്തിയ വിമാനജീവനക്കാരെ യുവതിയും ഭര്‍ത്താവും ചേര്‍ന്ന് അവഹേളിച്ചതായും ആരോപണമുണ്ട്. സംഭവം നിയന്ത്രണവിധേയമല്ലെന്ന് മനസിലാക്കിയ പൈലറ്റ് വിമാനം ചെന്നൈ വിമാനത്താവളത്തിലേക്ക് തിരിച്ചു വിടുകയായിരുന്നു.
“നവംബര്‍ അഞ്ചിനു രാവിലെയായിരുന്നു സംഭവം. യുവതിയും ഭര്‍ത്താവും മകളുമാണ് അവിടെയുണ്ടായിരുന്നത്. എല്ലാവരും ഇറാന്‍ സ്വദേശികളാണ്. ബഹളം നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ വിമാനം ചെന്നൈയില്‍ ഇറക്കുകയായിരുന്നു. അവര്‍ ജീവനക്കാരെ അവഹേളിക്കുകയും ചെയ്തു.” സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ പറഞ്ഞു.
Dont Miss: ഗുജറാത്ത് പിടിക്കാന്‍ രാഹുലിനു രഹസ്യസേന; 40 അംഗ സേനാംഗങ്ങളുടെ ചുമതല ജനവികാരം മനസിലാക്കല്‍
ചെന്നൈ വിമാനത്താവളത്തില്‍ ദമ്പതികളെ ഇറക്കിയ ശേഷം വിമാനം യാത്ര തുടരുകയായിരുന്നു. സുരക്ഷാ പ്രശ്നങ്ങള്‍ ഇല്ലാത്തതിനാലും യുവതിയുടെ വിശദീകരണം കണക്കിലെടുത്തും ദമ്പതികളെയും കുട്ടിയെയും ചെന്നൈ വിമാനത്താവളത്തില്‍ ഇരുത്തി.
പിന്നീട് യുവതി ശാന്തയായതിന് ശേഷം ക്വാലാലംപൂരിലേക്ക് പോയ വിമാനത്തില്‍ ഇവരെ കയറ്റിവിടുകയും ചെയ്തു. അതേസമയം, യാത്രക്കാരുടെ സ്വകാര്യത കണക്കിലെടുത്ത് ഇക്കാര്യത്തില്‍ പ്രതികരിക്കാനില്ലെന്ന് ഖത്തര്‍ എയര്‍വേഴ്സ് അധികൃതര്‍ അറിയിച്ചു.