ഇറാനിലേത് 'ഗൈഡന്‍സ് പട്രോള്‍' അല്ല 'മര്‍ഡര്‍ പട്രോള്‍'; ഇറാനില്‍ സദാചാര പൊലീസിന്റെ അറസ്റ്റിന് പിന്നാലെ യുവതി മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം
World News
ഇറാനിലേത് 'ഗൈഡന്‍സ് പട്രോള്‍' അല്ല 'മര്‍ഡര്‍ പട്രോള്‍'; ഇറാനില്‍ സദാചാര പൊലീസിന്റെ അറസ്റ്റിന് പിന്നാലെ യുവതി മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 17th September 2022, 12:40 pm

ടെഹ്റാന്‍: വസ്ത്രധാരണത്തിന്റെ പേരില്‍ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ കോമയിലായ ഇറാനിയന്‍ യുവതി മരിച്ചു. 22 കാരിയായ മഹ്സ അമിനിയാണ് മരണപ്പെട്ടത്. ശരിയായ രീതിയില്‍ വസ്ത്രം ധരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അമിനിയെ സദാചാര പൊലീസ് അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ചയായിരുന്നു അമിനിയെ സംഘം തടഞ്ഞുവെച്ചത്. ഇതിനുപിന്നാലെ കോമയിലായ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

പൊലീസിന്റെ മര്‍ദനമാണ് അമിനിയുടെ മരണത്തിനാ കാരണമായതെന്നാണ് ആരോപണം. അറസ്റ്റ് ചെയ്തതിന് പിന്നാലെ മഹ്സയ്ക്ക് തലയ്ക്ക് മര്‍ദനമേറ്റെന്നും ഇതാണ് മരണത്തിന് കാരണമായതെന്നുമാണ് പരാതി.

അതേസമയം, ഉദ്യോഗസ്ഥര്‍ യുവതിയെ മര്‍ദിച്ചിട്ടില്ലെന്നാണ് ടെഹ്റാന്‍ പൊലീസ് പറയുന്നത്. മഹ്സ അമിനി അടക്കം ഒട്ടേറെ യുവതികളെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നിരുന്നുവെന്നും ഇതിനിടെ ഹാളില്‍വെച്ച് മഹ്സ കുഴഞ്ഞുവീഴുകയാണുണ്ടായതെന്നും പൊലീസ് പറഞ്ഞു.

മഹ്സ അമിനിയുടെ മരണത്തിന് പിന്നാലെ ഇറാനില്‍ ‘സദാചാര പൊലീസി’നെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ആണ് നടക്കുന്നത്. യുവതിയെ ചികിത്സിച്ചിരുന്ന ആശുപത്രിക്ക് മുന്നില്‍ നിരവധി പേര്‍ കഴിഞ്ഞ ദിവസം തടിച്ചുകൂടിയിരുന്നു. ഇവര്‍ ‘സദാചാര പൊലീസി’നെതിരായ പ്രതിഷേധ മുദ്രാവാക്യങ്ങളും മുഴക്കിയിരുന്നു. സമൂഹമാധ്യമങ്ങളിലും പൊലീസിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

ഇറാനിലേത് ‘ഗൈഡന്‍സ് പട്രോള്‍’ അല്ല ‘മര്‍ഡര്‍ പട്രോള്‍’ ആണെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. ‘മര്‍ഡര്‍ പട്രോള്‍’ എന്ന ഹാഷ്ടാഗ് ഉപയോഗിച്ചാണ് പലരും ട്വിറ്ററില്‍ പ്രതിഷേധമറിയിച്ചത്. ഇറാനിലെ യുവതിയുടെ മരണത്തില്‍ ക്രിമിനല്‍ അന്വേഷണം നടത്തണമെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണലും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇസ്‌ലാമിക രാഷ്ട്രമായ ഇറാനില്‍ മതപരമായരീതിയിലുള്ള വസ്ത്രധാരണം അടക്കം ഉറപ്പുവരുത്തുക എന്നതാണ് ‘ഗൈഡന്‍സ് പട്രോളി’ന്റെ ചുമതല. സദാചാര പൊലീസ്, ഫാഷന്‍ പൊലീസ് തുടങ്ങിയ പേരുകളിലും ഈ പൊലീസ് വിഭാഗം അറിയപ്പെടുന്നുണ്ട്. നേരത്തെയും പലതവണ ഇറാനിലെ ഗൈഡന്‍സ് പട്രോളിന്റെ നടപടികള്‍ രാജ്യാന്തരതലത്തില്‍ ചര്‍ച്ചയായിരുന്നു.

Content Highlight: Women died after being arrested by moral police in iran reagring her dressing, protest