| Saturday, 5th February 2022, 9:00 pm

പെണ്ണുണ്ടോ എന്നാ ഇത് 'പെണ്ണ് കേസാക്കാം' | Swapna Suresh | Trollodu Troll

അനുഷ ആന്‍ഡ്രൂസ്

സ്വര്‍ണ്ണക്കടത്തുകേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ തന്റെ ആത്മകഥ പ്രസിദ്ധീകരിച്ചതിന് പിറകെ, അതേ കേസില്‍ കുറ്റാരോപിതയായ സ്വപ്ന സുരേഷ് തന്റെ വ്യക്തിത്വത്തെ ചേദ്യം ചെയ്യുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ ആതമകഥയിലുണ്ട് എന്ന് പറഞ്ഞു. താന്‍ ഒരു ആത്മകഥ എഴുതിയാല്‍ അത് ഇതിലും കൂടുതല്‍ വിറ്റുപോകും എന്നും, ഒരു സ്ത്രീയെ കിട്ടിയപ്പോള്‍ ഈ കേസിന്റെ മറ്റൊന്നിനേക്കുറിച്ചും ആര്‍ക്കും അറിയേണ്ടി വന്നില്ല, തന്നെ ഒരു വൃത്തികെട്ട സ്ത്രീ എന്ന രീതിയില്‍ അവതരിപ്പിച്ച് കേസ് അവസാനിപ്പിക്കാനാണ് എല്ലാവരും ശ്രമിച്ചതെന്നും സ്വപ്ന പറഞ്ഞു.

അപ്പോള്‍ മുതല്‍, ‘ആണോ ചേച്ചി, ചേച്ചിടെ പുസ്തകം ഞാന്‍ രണ്ട് കോപ്പി വാങ്ങും, ചേച്ചി എഴുതുമ്പോള്‍ നന്നായി തുറന്ന് എഴുതണേ’ എന്ന് തുടങ്ങി ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ കൊണ്ട് നിറയുകയാണ് ഒരോ കമന്റ് ബോക്‌സുകളും. ഈ കേസും ശിവശങ്കരന്റെ ഇടപെടലുകളും തന്റെ ജീവിതം നശിപ്പിച്ചു എന്ന സ്വപ്‌നയുടെ പ്രസ്താവനയെ വരേ, ‘എന്നെ നശിപ്പിച്ചത് ശിവശങ്കര്‍’ എന്ന് രീതിയില്‍ ചില മാധ്യമങ്ങള്‍ വളച്ചൊടിച്ചിട്ടുണ്ട്.

ഈ ഡബിള്‍ മീനിങ്ങ് ഒരു ഒളിമ്പിക്‌സ് ഇവന്റ് ആയിരുന്നെങ്കില്‍ ഈ പ്രതിഭകളെ അങ്ങോട്ട് പറഞ്ഞു വിടാമായിരുന്നു.

ഇത്തരത്തില്‍ കുറ്റാരോപിതരായ സ്ത്രീകള്‍ നാട്ടുകാരുടെ സ്വത്താണ് എന്നൊരു പൊതുബോധം ആളുകളിലുണ്ട്. ഈ സ്ത്രീകളുടെ പേരുകള്‍ ചേര്‍ത്ത് തലക്കെട്ടുകള്‍ ഉണ്ടാക്കി അതിന് പതിനായിരം ഡബിള്‍ മീനിങ്ങുകള്‍ കൂട്ടിചേര്‍ത്ത് ആളെ കൂട്ടുന്ന ഒരു പ്രത്യേക കഴിവ് തന്നെ നമ്മുടെ നാട്ടില്‍ രൂപപ്പെട്ടിട്ടുണ്ട്.

മാധ്യമങ്ങള്‍ മാത്രമല്ല പ്രേക്ഷകരും ഏതെങ്കിലും ഒരു കേസില്‍ ഒരു പെണ്ണിന്റെ നിഴല്‍ കണ്ടാല്‍ മതി ഉടനെ അതില്‍ അവിഹിതത്തിന് എന്തെങ്കിലും സ്‌കോപ്പ് ഉണ്ടോ എന്നാണ് അന്വേഷിക്കുന്നത്.

അതുമാത്രമല്ല, സമൂഹേത്തെ സംബന്ധിച്ചെടുത്തോളം സ്ത്രീകളും കുട്ടികളും എന്നും ഒരേ കാറ്റഗറിയില്‍ ഉള്‍പ്പെടുന്നവരാണ്. അതുകൊണ്ട് സ്ത്രീകള്‍ ശരീരം കൊണ്ട് മാത്രമാണ് വളരുന്നത്. അവര്‍ക്ക് സ്വയം ചിന്തിക്കാനോ സ്വന്തമായി തീരുമാനമെടുക്കാനോ കഴിവില്ല. മാത്രമല്ല ഏതെങ്കിലുമൊക്കെ ക്രൈമില്‍ ഉള്‍പ്പെട്ട സ്ത്രീകളുടെ അനാവശ്യമായ എല്ലാ വിവരങ്ങളിലേക്കും തലയിടാനുള്ള അവകാശം ലഭിച്ചതുപോലെയാണ് പലരുടേയും പെരുമാറ്റം.

സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികളൊക്കെ തന്നെ സ്വപ്‌ന വിരിച്ച മായാവലയത്തില്‍ പെട്ട്, അവളുടെ കൗശലത്തില്‍ വീണ് പോയവരാണ് എന്ന തരത്തില്‍, ‘സ്വപ്‌ന വലയത്തില്‍ പെട്ട്’, ‘സ്വപ്‌നയുടെ സ്വപ്നം’, ‘സ്വപ്‌നസുന്ദരി ഉന്നതരുടെ ഇഷ്ടതോഴി’ എന്നൊക്കെ തലക്കെട്ട് കൊടുത്ത് ഒരുപാട് കാലം മാധ്യമങ്ങള്‍ അവരുടെ വണ്ടി ഓടിച്ചതാണ്.

സമാനമായി, സോളാര്‍ വിഷയത്തിലും ‘പെണ്ണ്‌കേസില്‍ പെട്ട് പോയ നേതാക്കള്‍’ എന്ന് തരത്തിലായിരുന്നു ആ കേസിനെ തന്നെ വിശദീകരിച്ചിരുന്നത്. സ്വപ്നയുടെ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളേക്കാളും, സരിതയുടെ സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളേക്കാളും ഈ കേസില്‍ അവരെ ലൈംഗിക വസ്തുവായി ചിത്രീകരിക്കാനായിരുന്നു മിക്ക മാധ്യമങ്ങളും ശ്രമിച്ചിരുന്നത്.


സോളാര്‍ കേസും സ്വര്‍ണക്കടത്ത് കേസും വ്യത്യസ്തമാണെങ്കിലും യു.ഡി.എഫിന് സരിതയും എല്‍.ഡി.എഫിന് സ്വപ്നയുമാണ് എന്ന് തുടങ്ങി കുറ്റവാളി ഒരു സ്ത്രീയായതുകൊണ്ട് മാത്രം അവരെ വെച്ച് മലയാളികളുടെ ലൈംഗീക ദാരിദ്ര്യത്തെ സൂചിപ്പിക്കുന്ന തരത്തിലായിരുന്നു മാധ്യമ ഇടപെടലുകള്‍.

ഈ പ്രവണത ഇന്നോ ഇന്നലെയോ തുടങ്ങിയതുമല്ല, ഇന്ത്യയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിരുന്ന, പിന്നീട് വ്യാജമാണെന്ന് തെളിഞ്ഞ, ഐ.എസ്.ആര്‍.ഒ ചാരേക്കേസില്‍ പോലും അതില്‍ ഉള്‍പ്പെട്ട സ്ത്രീകളുമായി ബന്ധപ്പെടുത്തി പല കലാകാരന്‍മാരും ഉണ്ടാക്കിയെടുത്ത ടിപ്പിക്കല്‍ ചാരസുന്ദരി കഥകളാണ് അന്ന് പുറത്തു വന്നിരുന്നത്.

എന്തൊരു ഗതികേടാണ് ഇതൊക്കെ. ഇത്തരത്തില്‍ സ്ത്രീകളുടെ പങ്കിനെ ചൂണ്ടികാണിച്ചുകൊണ്ടുള്ള ‘ഹ്യൂമന്‍ ഇന്‍ട്രസ്റ്റിങ്ങ് സ്റ്റോറികള്‍’ എഴുതുന്നവര്‍ക്ക് ആ പണി നിര്‍ത്തി നോവല്‍ എഴുതിക്കൂടേ. നല്ല ഭാവിയുണ്ട്.


Content Highlight : women culprits being portrayed sexually offensive by media

അനുഷ ആന്‍ഡ്രൂസ്

ഡൂള്‍ന്യൂസില്‍ മള്‍ട്ടിമീഡിയ ജേണലിസ്റ്റ്. ചെന്നൈ എസ്.ആര്‍.എം. യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദം.