| Sunday, 18th November 2018, 10:54 am

സ്ത്രീകള്‍ ബലാല്‍സംഗ പരാതി ഉന്നയിക്കുന്നത് പഴയ കാമുകന്‍മാരെ തിരികെ കിട്ടാന്‍: ഹരിയാന മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡിഗഢ്: സ്ത്രീകള്‍ ബലാല്‍സംഗ പരാതി ഉന്നയിക്കുന്നത് പഴയ കാമുകന്‍മാരെ തിരികെ കിട്ടാനാണെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ഖട്ടര്‍. ഹരിയാനയില്‍ ബലാല്‍സംഗക്കേസുകള്‍ വര്‍ധിച്ചു വരുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ഖട്ടറുടെ പരാമര്‍ശം.

ബലാല്‍സംഗങ്ങള്‍ നേരത്തെയും ഉണ്ടായിരുന്നെന്നും എന്നാല്‍ ഇത്തരം കേസുകളിലുണ്ടായിരിക്കുന്ന വര്‍ധന ആശങ്കയുണ്ടാക്കുന്നുണ്ടെന്നും ഖട്ടര്‍ പറഞ്ഞു. 80 മുതല്‍ 90 ശതമാനം വരെ പീഡനങ്ങളും നടക്കുന്നത് പരസ്പരം അറിയാവുന്നവര്‍ക്കിടയിലാണ്.


ഒരുപാട് കാലം ഒരുമിച്ച് ചുറ്റിത്തിരിയുന്ന ഇവര്‍ക്കിടയില്‍ പ്രശ്നമുണ്ടാകുമ്പോള്‍ ബലാല്‍സംഗം ചെയ്യപ്പെട്ടുവെന്നു സ്ത്രീകള്‍ കഥയുണ്ടാക്കി പരാതിപ്പെടുകയാണെന്നും ലാല്‍ ഖട്ടര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധങ്ങളുയര്‍ന്നിട്ടുണ്ട്.

സ്ത്രീകള്‍ക്കെതിരായ പ്രസ്താവനയിലൂടെ ഖട്ടറിന്റേയും അദ്ദേഹം നയിക്കുന്ന സര്‍ക്കാരിന്റേയും സ്ത്രീവിരുദ്ധത വ്യക്തമായെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു. ബലാല്‍സംഗങ്ങള്‍ നടക്കുന്നതിന്റെ ഉത്തരവാദി സ്ത്രീകളാണെന്ന രീതിയിലുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശം ദൗര്‍ഭാഗ്യകരമാണെന്നും സുര്‍ജേവാല പറഞ്ഞു.


അതേസമയം, സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ ഖട്ടര്‍ മുന്‍പും പറഞ്ഞിട്ടുണ്ട്. സ്ത്രീകള്‍ ധരിക്കുന്ന വസ്ത്രമാണ് പീഡനങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്നും പാശ്ചാത്യ രീതികള്‍ ഉപേക്ഷിച്ച് ഇന്ത്യയുടെ പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ചാല്‍ പീഡനങ്ങള്‍ കുറയ്ക്കാമെന്നും 2014ല്‍ അദ്ദേഹം പറഞ്ഞിരുന്നു.

ALSO WATCH:

We use cookies to give you the best possible experience. Learn more