| Friday, 9th July 2021, 3:43 pm

ഫോട്ടോ ഉപയോഗിച്ച് മുസ്‌ലിം സ്ത്രീകളെ ലേലത്തില്‍ വെച്ച 'സുള്ളി ഡീല്‍സ്' ആപ്പിനെതിരെ പ്രതിഷേധം ശക്തം; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുസ്‌ലിം സ്ത്രീകളെ വില്‍പ്പനയ്ക്ക് വെച്ചെന്ന രീതിയില്‍ അപമാനിച്ച ‘സുള്ളി ഡീല്‍സ്’ ആപ്പിനെതിരെ കേസെടുത്ത് ദേശീയ വനിതാ കമ്മീഷന്‍.അനധികൃതമായി മുസ്‌ലിം സ്ത്രീകളുടെ ഫോട്ടോകള്‍ ശേഖരിച്ച് മുസ്‌ലിം സ്ത്രീകള്‍ ലേലത്തിനെന്ന അടിക്കുറിപ്പോടെയാണ് ആപ്പ് പ്രവര്‍ത്തിച്ചത്.

സംഭവത്തില്‍ പ്രതിഷേധവുമായി ആക്ടിവിസ്റ്റുകളടക്കം നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ദേശീയ വനിതാ കമ്മീഷന്‍ ദല്‍ഹി പൊലീസിന് നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെ ദല്‍ഹി പൊലീസ് സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. സുള്ളി ഡീല്‍സ് എന്ന ആപ്പ് ലഭ്യമാക്കിയ ഓപണ്‍ സോഴ്‌സ് പ്ലാറ്റ്‌ഫോമായ ഗിറ്റ്ഹബിന് നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്.

ജൂലൈ 12നകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് വനിതാ കമ്മീഷന്‍ ദല്‍ഹി പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. എഫ്.ഐ.ആര്‍. കോപ്പി, തിരിച്ചറിഞ്ഞതും അറസ്റ്റ് ചെയ്തതുമായ പ്രതികളുടെ വിവരങ്ങള്‍, സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് എന്നിവ സമര്‍പ്പിക്കാനാണ് വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

മുസ്‌ലിം സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ ഉപയോഗിക്കുന്ന പദമാണ് സുള്ളി. നിമയവിരുദ്ധമായി മുസ്‌ലിം സ്ത്രീകളുടെ ഫോട്ടോ ശേഖരിച്ച് അപകീര്‍ത്തികരമായി ഉപയോഗിച്ചതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

നേരത്തെ ദല്‍ഹി പൊലീസിലെ സൈബര്‍ സെല്‍ സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന് പിന്നലെയാണ് വനിതാ കമ്മീഷനും ഇടപെട്ടത്.

മുസ്‌ലിം ആക്ടിവിസ്റ്റുകളും, മാധ്യമപ്രവര്‍ത്തകരടക്കമുള്ളവരുടെ ചിത്രങ്ങളാണ് സുള്ളി ഡീല്‍സ് ആപ്പില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇത്തരത്തില്‍ 100 ലേറെ സ്ത്രീകളുടെ ചിത്രങ്ങള്‍ അനധികൃതമായി ഉപയോഗിച്ചിട്ടുണ്ടെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തങ്ങളുടെ ചിത്രങ്ങള്‍ ഇത്തരത്തില്‍ പ്രചരിച്ചതിന് പിന്നാലെ നിരവധി മുസ്‌ലിം സ്ത്രീകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ നിന്ന് മാറിനിന്നിരുന്നു. ഇത് വളരെ ഗൗരവമുള്ള സൈബര്‍ കുറ്റകൃത്യമാണെന്നും ദല്‍ഹി വനിതാ കമ്മീഷന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Women Commission took case against Sulli Deals App against auction of Muslim women

We use cookies to give you the best possible experience. Learn more