ന്യൂദല്‍ഹി: മുസ്‌ലിം സ്ത്രീകളെ വില്‍പ്പനയ്ക്ക് വെച്ചെന്ന രീതിയില്‍ അപമാനിച്ച ‘സുള്ളി ഡീല്‍സ്’ ആപ്പിനെതിരെ കേസെടുത്ത് ദേശീയ വനിതാ കമ്മീഷന്‍.അനധികൃതമായി മുസ്‌ലിം സ്ത്രീകളുടെ ഫോട്ടോകള്‍ ശേഖരിച്ച് മുസ്‌ലിം സ്ത്രീകള്‍ ലേലത്തിനെന്ന അടിക്കുറിപ്പോടെയാണ് ആപ്പ് പ്രവര്‍ത്തിച്ചത്.
സംഭവത്തില്‍ പ്രതിഷേധവുമായി ആക്ടിവിസ്റ്റുകളടക്കം നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ദേശീയ വനിതാ കമ്മീഷന്‍ ദല്‍ഹി പൊലീസിന് നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെ ദല്‍ഹി പൊലീസ് സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. സുള്ളി ഡീല്‍സ് എന്ന ആപ്പ് ലഭ്യമാക്കിയ ഓപണ്‍ സോഴ്‌സ് പ്ലാറ്റ്‌ഫോമായ ഗിറ്റ്ഹബിന് നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്.
ജൂലൈ 12നകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് വനിതാ കമ്മീഷന്‍ ദല്‍ഹി പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. എഫ്.ഐ.ആര്‍. കോപ്പി, തിരിച്ചറിഞ്ഞതും അറസ്റ്റ് ചെയ്തതുമായ പ്രതികളുടെ വിവരങ്ങള്‍, സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് എന്നിവ സമര്‍പ്പിക്കാനാണ് വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
മുസ്‌ലിം സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ ഉപയോഗിക്കുന്ന പദമാണ് സുള്ളി. നിമയവിരുദ്ധമായി മുസ്‌ലിം സ്ത്രീകളുടെ ഫോട്ടോ ശേഖരിച്ച് അപകീര്‍ത്തികരമായി ഉപയോഗിച്ചതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.