പ്രമേയം എന്താണങ്കിലും സിനിമയല്ലേ, ഒരു നായിക വേണ്ടേ?; മമ്മൂട്ടിയുടെ പോസ്റ്റില്‍ ഷാഹിദ കമാല്‍
Film News
പ്രമേയം എന്താണങ്കിലും സിനിമയല്ലേ, ഒരു നായിക വേണ്ടേ?; മമ്മൂട്ടിയുടെ പോസ്റ്റില്‍ ഷാഹിദ കമാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 5th October 2023, 8:28 pm

മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്‌ക്വാഡിന് അഭിനന്ദനങ്ങളുമായി വനിത കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍. പൊലീസ് സംവിധാനത്തെ പറ്റി ചിത്രത്തില്‍ പറയുന്ന മിക്ക കാര്യങ്ങളും കൃത്യമാണെന്ന് ഷാഹിദ പറഞ്ഞു. എന്നാല്‍ 20 ശതമാനം പൊലീസുകാര്‍ മാത്രമാണ് നല്ലതെന്ന കണക്കിനോട് യോജിക്കുന്നില്ലെന്നും 40 ശതമാനമെങ്കിലും നല്ലവരാണെന്നും ഷാഹിദ പറഞ്ഞു. പ്രമേയം എന്താണെങ്കിലും സിനിമയല്ലേയെന്നും ഒരു നായിക വേണ്ടേയെന്നും മമ്മൂട്ടി പങ്കുവെച്ച പോസ്റ്റില്‍ ഷാഹിദ കമന്റായി കുറിച്ചു.

‘കണ്ണൂര്‍ സ്‌ക്വാഡ് കണ്ടു. തിയേറ്ററില്‍ പോയി തന്നെയാണ് കണ്ടത്. അഭിനന്ദനങ്ങള്‍. ഒരു റിയല്‍ സ്റ്റോറി. പൊലീസുകാരേയും അവരുടെ ജോലിയേയും പെരുമാറ്റ രീതിയേയും എല്ലാം അടുത്തറിയുന്ന വ്യക്തി എന്ന നിലയില്‍ മനസിലാക്കാന്‍ കഴിഞ്ഞ ചിലത്, കണ്ണൂര്‍ സ്‌ക്വാഡില്‍ ഉണ്ടായിരുന്ന ആരോ കൃത്യമായി പറഞ്ഞു തന്നതാണ് കഥയിലെ പ്രസക്തഭാഗം.

ലോണ്‍ എടുക്കാന്‍ പോയപ്പോള്‍ അവിടെയുള്ള ക്‌ളാര്‍ക്കിന്റെ പെരുമാറ്റരീതി കറക്ടാണ്. സ്‌പെഷ്യല്‍ സ്‌ക്വാഡിനെ പറ്റി ലോക്കല്‍ പോലിസിനുള്ള മനോഭാവവും പുച്ഛവും കൃത്യമായി ചൂണ്ടിക്കാണിച്ചു. ഉയര്‍ന്ന ഓഫിസര്‍മാരില്‍ നിന്നുള്ള അനാവശ്യ ഇടപെടലും സമ്മര്‍ദവും. 80-20 അനുപാതം ശരിയല്ല. 40 ശതമാനം പൊലിസും നല്ലതാണ്. പിന്നെ മറ്റൊന്ന് പ്രമേയം എന്താണങ്കിലും സിനിമയല്ലേ. ഒരു നായിക വേണ്ടേ?,’ ഷാഹിദ കമന്റ് ചെയ്തു.

അതേസമയം രണ്ടാം വാരത്തിലും മികച്ച പ്രകടനവുമായി തിയേറ്ററുകളില്‍ തുടരുകയാണ് കണ്ണൂര്‍ സ്‌ക്വാഡ്. നവാഗതനായ റോബി വര്‍ഗീസ് രാജാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ കഥ ഷാഫിയും തിരക്കഥ ഡോക്ടര്‍ റോണിയും ഷാഫിയും ചേര്‍ന്നാണ് ഒരുക്കിയത്.

കിഷോര്‍ കുമാര്‍, വിജയരാഘവന്‍, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ.യും തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാര്‍. മമ്മൂട്ടി കമ്പനിയുടെ നിര്‍മാണത്തില്‍ ഒരുങ്ങിയ നാലാമത്തെ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്.

Content Highlight: Women Commission member Shahida Kamal congratulates the Mammootty film Kannur squad