എസ്. രാജേന്ദ്രന്‍ എം.എല്‍.എക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു
Kerala News
എസ്. രാജേന്ദ്രന്‍ എം.എല്‍.എക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 11th February 2019, 12:29 pm

തിരുവനന്തപുരം: ദേവികുളം സബ്കളക്ടര്‍ രേണുകാ രാജിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ എസ്. രാജേന്ദ്രന്‍ എം.എല്‍.എക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു.

രേണു രാജിനെ പൊതുസമൂഹത്തില്‍ അപമാനിക്കുന്ന തരത്തില്‍ എസ് രാജേന്ദ്രന്‍ സംസാരിച്ചു എന്നതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

പൊതുസമൂഹത്തില്‍ ഒരു സ്ത്രീയെ അപമാനിക്കുന്ന രീതിയില്‍ എം.എല്‍.എ സംസാരിച്ചുവെന്ന് മാധ്യമവാര്‍ത്തയിലൂടെ വ്യക്തമാണെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരിക്കുന്നത്.


അഴിമതി വിരുദ്ധ ചട്ടങ്ങളും പിഴ ഈടാക്കാനുള്ള വ്യവസ്ഥകളും ഒഴിവാക്കി; വീണ്ടും റഫാലില്‍ തെളിവുകള്‍ പുറത്തു വിട്ട് ദ ഹിന്ദു


എസ്. രാജേന്ദ്രനില്‍ നിന്ന് വനിതാ കമ്മീഷന്‍ വിശദീകരണം തേടും. എസ്. രാജേന്ദ്രന്റെ വിശദീകരണം കേട്ടശേഷമായിരിക്കും കേസ് ഏത് രീതിയില്‍ മുന്നോട്ടുകൊണ്ടുപോകണമെന്ന് വനിതാ കമ്മീഷന്‍ തീരുമാനമെടുക്കുക.

താന്‍ സബ്കളക്ടറെ അധിക്ഷേപിച്ചിട്ടില്ലെന്നും അവള്‍ എന്നത് അത്ര മോശം മലയാളം വാക്കല്ല എന്നുമായിരുന്നു എം.എല്‍.എയുടെ ന്യായീകരണം.

അതേസമയം മൂന്നാര്‍ പഞ്ചായത്തിലെ കൈയേറ്റം സംബന്ധിച്ച കോടതിയില്‍ സമര്‍പ്പിക്കാനുള്ള റിപ്പോര്‍ട്ട് സബ്കളക്ടര്‍ രേണു രാജ് എ.ജിക്ക് കൈമാറി. റിപ്പോര്‍ട്ടിലെ നിയമപരമായ പിശകുകളും മറ്റും എ.ജി പരിശോധിച്ച ശേഷം ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.
“”അധികൃതര്‍ സ്റ്റോപ്പ് മെമ്മോ കൊടുത്തിട്ടും പഞ്ചായത്ത് അനധികൃത നിര്‍മാണം തുടര്‍ന്നു. 2010-ലെ കോടതി വിധിയുടെ ലംഘനമാണിത്. അത് കൊണ്ട് തന്നെ ഇതൊരു കോടതിയലക്ഷ്യ നടപടിയായി കാണണം. എസ്.രാജേന്ദ്രന്‍ എം.എല്‍.എയുടെ സാന്നിധ്യത്തിലാണ് അനധികൃത നിര്‍മാണം നടന്നത്. നടപടിയെടുക്കാന്‍ ചെന്ന റവന്യൂ ഉദ്യോഗസ്ഥരെ തടഞ്ഞു. തുടങ്ങിയ കാര്യങ്ങളാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം എസ്.രാജേന്ദ്രന്‍ എം.എല്‍.എ തന്നെ വ്യക്തിപരമായ അധിക്ഷേപിച്ച കാര്യം സബ്കളക്ടര്‍ രേണു രാജിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല. എന്നാല്‍ റവന്യൂ പ്രിന്‍സിപ്പള്‍ സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തിപരമായി അധിക്ഷേപിച്ച കാര്യം പറയുന്നുണ്ട്.

കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മൂന്നാര്‍ പഞ്ചായത്തിന്റെ 60 മുറികളുള്ള കെട്ടിടസമുച്ചയ നിര്‍മാണമാണ് വിവാദമായത്. പുഴയോരത്ത് നിര്‍മാണം പാടില്ലെന്ന ഹൈക്കോടതി ഉത്തരവിനെ വെല്ലുവിളിച്ചാണ് വനിതാ വ്യവസായ കേന്ദ്രമെന്നപേരില്‍ പഴയ മൂന്നാര്‍ ബസ്സ്റ്റാന്‍ഡില്‍ നിര്‍മാണം. സ്റ്റോപ്പ് മെമ്മോ നല്‍കിയെങ്കിലും ഇതവഗണിച്ച് പണി തുടര്‍ന്നപ്പോള്‍ വെള്ളിയാഴ്ച റവന്യൂസംഘം തടയാനെത്തിയിരുന്നു.
ഇവരെ രാജേന്ദ്രന്റെയും മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്റ് ആര്‍. കറുപ്പസ്വാമിയുടെയും നേതൃത്വത്തില്‍ തടയാനെത്തിയപ്പോഴായിരുന്നു വിവാദ പരാമര്‍ശം. ഉദ്യോഗസ്ഥരെ പറഞ്ഞയച്ച സബ്കളക്ടര്‍ക്കെതിരേ മോശമായ ഭാഷയില്‍ പറഞ്ഞത് മാധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു.