തിരുവനന്തപുരം: ഹനാനെ സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തിപ്പെടുത്തിയവര്‍ക്കെതിരെ കേസെടുത്തു. സംസ്ഥാന വനിതാ കമ്മീഷനാണ് കേസെടുത്തത്.
ഹനാനെതിരെ നടന്നത് സോഷ്യല്‍ മീഡിയ ഗുണ്ടായിസമാണെന്നും എന്തും വിളിച്ചുപറയുന്നവരുടെ കേന്ദ്രമായി സോഷ്യല്‍ മീഡിയ മാറിയെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ പറഞ്ഞു. ഹനാനെ നാളെ നേരില്‍ക്കാണുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഹനാന്‍ ചെറുത്തുനില്‍പ്പിന്റെ പ്രതീകമാണെന്നും ജോസഫൈന്‍ പറഞ്ഞു.
നേരത്തെ ഹനാനെതിരെ വ്യാജപ്രചാരണം നടത്തിയവര്‍ക്കെതിരെ കേസെടുക്കണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടിരുന്നു. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഹനാനെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നു. കേരളാ പൊലീസിന്റെ സൈബര്‍ സുരക്ഷാ വിഭാഗമാണ് ഇക്കാര്യം വിശദമായി പരിശോധിക്കുന്നത്.
സംഭവത്തില്‍ പരാതിയൊന്നും കിട്ടിയിട്ടില്ലെങ്കിലും ഇത്തരക്കാര്‍ പൊലീസിന്റെ നിരീക്ഷണത്തിലാണെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. വിവിധ ഫേസ്ബുക്ക് ഗ്രൂപ്പുകളെ പൊലീസ് നിരീക്ഷിക്കുന്നുണ്ട്.
ഫോര്‍വേഡ് മെസേജുകള്‍ നിയന്ത്രിക്കുന്നതിനായി അടുത്തിടെ വാട്സ്ആപ്പ് നടപ്പിലാക്കിയ പുതിയ സുരക്ഷാ സംവിധാനം ഉപയോഗിച്ച് പൊലീസിന് ഇത്തരക്കാരെ അനായാസം കണ്ടെത്താന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.
WATCH THIS VIDEO: