| Monday, 17th February 2020, 12:10 pm

സൈന്യത്തില്‍ തുല്യത കൊണ്ടു വരണം; വനിതകള്‍ക്ക് കരസേനാ മേധാവികളാകാം: കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സൈന്യത്തിന്റെ ഉയര്‍ന്ന പദവില്‍ സ്ത്രീകളെ നിയമിക്കാനാവില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി.

ശരിയായ തുല്യത സൈന്യത്തിലും കൊണ്ടു വരണമെന്നും ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ സ്ത്രീകളോട് ഇക്കാര്യത്തില്‍ വിവേചനം കാണിച്ചുവെന്നും ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിധിച്ചു.

സൈന്യത്തിനക്ക് വനിതകളുടെ റിക്രൂട്ട്‌മെന്റുമായും സ്ഥാനക്കയറ്റവുമായും ബന്ധപ്പെട്ട്് സ്ഥിരം സംവിധാനം ആവശ്യമാണെന്നും സ്ഥാനക്കയറ്റമടക്കമുള്ള കാര്യങ്ങളില്‍ തുല്യത പാലിക്കണമെന്നും സുപ്രീം കോടതി വിധിച്ചു.

സ്ത്രീകളെ അധിക്ഷേപിക്കുന്നത് ആര്‍മിക്കും സ്ത്രീകള്‍ക്കും മോശമാണെന്നും കോടതി ചൂണ്ടിക്കാട്ടി. നിലവില്‍ സൈന്യത്തിനകത്ത് വനിതകളുടെ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് പ്രത്യേക സംവിധാനങ്ങളില്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വനിതകള്‍ക്ക് കരസേനാ യൂണിറ്റ് മേധാവികളാകാമെന്ന ദല്‍ഹി ഹൈക്കോടതി വിധി ശരിവെച്ചു കൊണ്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.

ഫെബ്രുവരി 5ന് വനിതാ കമാന്‍ഡര്‍ പോസ്റ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഹരജിയില്‍ വാദം കേള്‍ക്കുകയായിരുന്ന കോടതിയില്‍ വനിതാ കമാന്‍ഡര്‍മാരെ അംഗീകരിക്കാന്‍ പുരുഷ പട്ടാളം മാനസികമായി തയ്യാറല്ലെന്ന് കേന്ദ്രം അറിയിച്ചിരുന്നു. യാഥാസ്ഥിത ചുറ്റുപാടില്‍ നിന്നും വരുന്ന പുരുഷ പട്ടാളത്തിന് ഇത് ബുദ്ധിമുട്ടുണ്ടാക്കുമെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സ്ത്രീകള്‍ക്ക് ശാരീരികമായും. മാനസികമായും കുടുംബപരമായും കമാന്‍ഡര്‍ പോസ്റ്റ് ഏറ്റെടുക്കുന്നതില്‍ പ്രയാസം നേരിടുമെന്നും കേന്ദ്രം കോടതിയിലറിയിച്ചു. യുദ്ധ തടവുകാരായി വനിതകളെ തട്ടികൊണ്ടു പോയാല്‍ പ്രശ്‌നങ്ങളുണ്ടാകുമെന്നും കേന്ദ്രം കോടതിയിലറയിച്ചിരുന്നു.

പുരുഷന്മാര്‍ക്ക് നല്‍കുന്ന അതേ പദവികള്‍ സ്ത്രീകള്‍ക്കും നല്‍കണം. അവരുടെ സേവന വേതന വ്യവസ്ഥകളിലുള്ള വിവേചനവും മാറ്റണമെന്നും കോടതി പറഞ്ഞു.

നിലവില്‍ കേന്ദ്രസര്‍ക്കാര്‍ സ്ത്രീകളോട് വിവേചനമാണ് കാണിച്ചു കൊണ്ടിരിക്കുന്നത് എന്നും അതുകൊണ്ടു തന്നെ സ്ത്രീകളെ തുല്യരായി കാണേണ്ടത് അത്യാവശ്യമാണെന്നും അതിന് അനുസരിച്ചുള്ള നടപടി ക്രമങ്ങള്‍ എടുക്കണമെന്നും സുപ്രീംകോടതി പറഞ്ഞു.

We use cookies to give you the best possible experience. Learn more