| Thursday, 22nd August 2024, 8:00 pm

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; സ്ഥാപക അംഗത്തിന് നേരെയുള്ള സൈബര്‍ അറ്റാക്കുകള്‍ക്കെതിരെ ശക്തമായി അപലപിച്ച് ഡബ്യൂ.സി.സി.

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കഴിഞ്ഞ ദിവസമായിരുന്നു ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നത്. 296 പേജുള്ള റിപ്പോര്‍ട്ടിന്റെ 233 പേജുകളിലെ ഉള്ളടക്കമായിരുന്നു പുറത്തുവിട്ടത്. മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ചുണ്ടെന്നും സിനിമാ രംഗത്ത് സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ പ്രതികരണവുമായി നിരവധിയാളുകള്‍ മുന്നോട്ട് വന്നിരുന്നു.

ഇതിനിടയില്‍ ‘ഡബ്യൂ.സി.സി. മുന്‍ സ്ഥാപക അംഗത്തിന്റേത്’ എന്ന് പറഞ്ഞു വന്ന മൊഴികള്‍ ഹൈലൈറ്റ് ചെയ്ത് കൊണ്ട് നിരവധി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വന്നിരുന്നു. പിന്നാലെ സിനിമയിലെ ചില നായികമാരെ ലക്ഷ്യം വെച്ച് സൈബര്‍ അറ്റാക്കുകള്‍ ഉണ്ടായി. ഇപ്പോള്‍ അതിനെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഡബ്യൂ.സി.സി.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഡബ്യൂ.സി.സിയുടെ പ്രതികരണം. ഈ സൈബര്‍ അറ്റാക്കുകള്‍ക്കെതിരെ തങ്ങള്‍ ശക്തമായി അപലപിക്കുന്നു എന്നാണ് പോസ്റ്റില്‍ പറയുന്നത്. ഓരോ അംഗത്തിനും അവരുടെ സ്വന്തം അനുഭവങ്ങളെക്കുറിച്ച് ഭയം കൂടാതെ സംസാരിക്കാന്‍ അവകാശമുണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ഡബ്യൂ.സി.സി. കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

‘ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതില്‍ ഞങ്ങള്‍ ഏറെ സന്തോഷിക്കുമ്പോഴും ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ ഞങ്ങളോടൊപ്പം ഈ ആഹ്ലാദത്തില്‍ കൂടെ നിന്ന നിങ്ങളെ അറിയിക്കണമെന്ന് കരുതുന്നു.
250 ഓളം പേജുകള്‍ ഉള്ള ഈ പഠനം സിനിമാ രംഗത്ത് ഗൗരവമായി ഇടപെടുന്ന എല്ലാവരും തുറന്ന മനസോടെ വായിക്കുകയും തങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യുകയും, ഈ തൊഴിലിടത്തെ സ്ത്രീ വിരുദ്ധതയുടെ ചരിത്രപരമായ കാരണങ്ങള്‍ മനസിലാക്കി അവ പരിഹരിക്കുവാന്‍ മുന്‍കൈ എടുക്കുമെന്നുമാണ് ഞങ്ങള്‍ പ്രതീക്ഷിച്ചത്.

എന്നാല്‍ മാധ്യമങ്ങളുടെ ഹൈലറ്റുകളില്‍ ‘ഡബ്യൂ.സി.സി. മുന്‍ സ്ഥാപക അംഗത്തിന്റേത് ‘ എന്ന് പറയുന്ന മൊഴികള്‍ക്ക് പുറകെ പോയി സ്ത്രീകള്‍ക്കെതിരെ സ്ത്രീകളെ പ്രതിഷ്ഠിക്കുന്നതിനും മുതിര്‍ന്ന കലാകാരികളെ അപമാനിക്കുന്നതുമായ തരത്തില്‍ ഒട്ടേറെ ഓണ്‍ലൈന്‍ റിപ്പോര്‍ട്ടുകള്‍ കാണുകയുണ്ടായി. അതിജീവിതക്കൊപ്പം ഉറച്ച് നിന്ന ഞങ്ങളുടെ ‘ഇപ്പോഴത്തേയും’ സ്ഥാപക അംഗത്തിനെതിരെ നടക്കുന്ന ഈ സൈബര്‍ അറ്റാക്കുകള്‍ക്കെതിരെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു.

ഓരോ അംഗത്തിനും അവരുടെ സ്വന്തം അനുഭവങ്ങളെക്കുറിച്ച് ഭയം കൂടാതെ സംസാരിക്കാന്‍ അവകാശമുണ്ടെന്ന് ഡബ്യൂ.സി.സി. കരുതുന്നു. മറിച്ചു പറയുന്നത് പുരുഷാധിപത്യത്തിന്റെ പൊതു രീതിയാണ്. ഒരു സിവില്‍ സമൂഹം, സ്ത്രീകള്‍ അവരുടെ ജോലിസ്ഥലത്ത് ഇരകളാക്കപ്പെടുന്നതിനെക്കുറിച്ച് തിരിച്ചറിഞ്ഞ് പരിഹരിക്കാന്‍ ശ്രമിക്കുമ്പോള്‍, അതേ സമൂഹത്തിലെ അപരിഷ്‌കൃത ഘടകങ്ങള്‍, പ്രസ്തുത വിവരങ്ങള്‍ കലാകാരികളെ കല്ലെറിയാനും അപമാനിക്കാനും ഉപയോഗിക്കുന്നത് കണ്ടു കൊണ്ടിരിക്കാന്‍ ആവില്ല.


ഈ വ്യവസായത്തില്‍ സ്ത്രീകളോട് പൊതുവേ നിലനില്‍ക്കുന്ന പിന്തിരിപ്പന്‍ മനോഭാവം തന്നെയാണ് ഇത് വീണ്ടും തെളിയിക്കുന്നത്. കഴിവുകൊണ്ടും കഠിനാധ്വാനം കൊണ്ടും സ്വന്തമായി ഇടം ഉണ്ടാക്കിയ ഒട്ടനവധി സ്ത്രീകള്‍ എക്കാലത്തും സിനിമാരംഗത്ത് ഉണ്ടായിരുന്നു. നിരവധി പ്രതിബന്ധങ്ങള്‍ക്കിടയിലും തീജ്വാല പോലെ ഈ സ്ത്രീകള്‍ തിളങ്ങി നില്‍ക്കുന്ന, നിന്നിരുന്ന ഒരു ഇടമാണിത്. അവരെ അപമാനിക്കാനല്ല ഈ പഠനം ഉപയോഗിക്കേണ്ടത്. പരിഹരിക്കേണ്ടവ മനസിലാക്കി തിരുത്തി മുന്നോട്ടു പോകാനുള്ള ആര്‍ജ്ജവമാണ് വേണ്ടത്.

Content Highlight: Women Collective In Cinema, WCC Strongly Condemned The Cyber Attacks Against The Founder Member

We use cookies to give you the best possible experience. Learn more