തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് സിനിമയിലെ വനിതാ താരങ്ങളുടെ കൂട്ടായ്മയായ വുമന്‍ കളക്ടീവ് ഇന്‍ സിനിമ. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു പ്രതിഷേധവുമായി കൂട്ടായ്മ എത്തിയത്.
ആരെങ്കിലും ഉന്നയിച്ചാല്‍ മാത്രമെ വിഷയം ചര്‍ച്ച ചെയ്യു എന്ന നിലപാട് അംഗീകരിക്കാനാകില്ലെന്ന വനിതാ കൂട്ടായ്മ വ്യക്തമാക്കി. അത്തരത്തിലുള്ള സംഘടനയുടെ പ്രസക്തിയെന്താണെന്ന ചോദ്യവും വനിതാ കൂട്ടായ്മ ഉന്നയിക്കുന്നു. നടിക്കെതിരെക്കെതിരെ നടക്കുന്ന പ്രചരണങ്ങളും വിവാദ പരാമര്‍ശങ്ങളും ചര്‍ച്ച ചെയ്യണമെന്ന് നടിമാരായ റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, ഗീതു മോഹന്‍ദാസ് തുടങ്ങിയവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് തള്ളിയ സംഘടന ചര്‍ച്ച ചെയ്യാന്‍ തയ്യാറാകാതെ വരികയായിരുന്നു. മാത്രവുമല്ല പിന്നീട് നടന്ന പത്രസമ്മേളനത്തില്‍ ആരും അത്തരത്തിലൊരു ആവശ്യം ഉന്നയിച്ചിരുന്നില്ലെന്ന് ആവര്‍ത്തിക്കുകയും ചെയ്തു.
സ്വന്തം നിലയ്ക്ക് നടിക്ക് പിന്തുണ നല്‍കാനുള്ള ശേഷിയും കരുത്തും വനിതാ കൂട്ടായ്മയ്ക്കുണ്ടെന്നും അവര്‍ ചൂണ്ടികാട്ടി. സ്വന്തം നിലയ്ക്ക് നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും അവര്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. നടിയ്ക്കൊപ്പം അമ്മ നില്‍ക്കുമെന്നാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നതെന്നും കൂട്ടായ്മ പ്രത്യാശിച്ചു.
നേരത്തെ, എന്തു തന്നെ പറഞ്ഞാലും അമ്മയിലെ അംഗങ്ങളെ ഞങ്ങള്‍ സംരക്ഷിക്കുമെന്ന് ആവര്‍ത്തിച്ച് താരസംഘടനയായ അമ്മ പറഞ്ഞിരുന്നു. ജനറല്‍ ബോഡി യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അമ്മ ഭാരവാഹികള്‍.
ദിലിപീനെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ അനുവദിക്കില്ലെന്ന് അമ്മ വൈസ് പ്രസിഡന്റ് കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞു. ദിലീപിനെ മാത്രമല്ല അമ്മയിലെ ഒരംഗങ്ങളെയും ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം വിശദീകരിക്കുകയും ചെയ്തിരുന്നു.
വാര്‍ത്താ സമ്മേളനത്തില്‍ കേസിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യം താരങ്ങളെ പ്രകോപിപ്പിച്ചു. അനാവശ്യ ചോദ്യങ്ങള്‍ ചോദിക്കരുതെന്ന് പറഞ്ഞ് നടന്‍ മുകേഷ് മാധ്യമങ്ങളോട് പൊട്ടിത്തെറിക്കുകയും ചെയ്തു.
നടി ആക്രമിക്കപ്പെട്ട സംഭവം യോഗത്തില്‍ ചര്‍ച്ചയായോ, നടിയ്ക്കെതിരെ ചില താരങ്ങള്‍ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശം ചര്‍ച്ചയായോ തുടങ്ങിയ ചോദ്യങ്ങളാണ് അമ്മ ഭാരവാഹികളെ പ്രകോപിപ്പിച്ചത്.