| Wednesday, 21st September 2016, 6:46 pm

ഗര്‍ഭച്ഛിദ്രം നടത്താന്‍ സ്ത്രീകള്‍ക്ക് അവകാശമുണ്ടെന്ന് മുംബൈ ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

1971ലെ ഗര്‍ഭച്ഛിദ്ര നിയമം സ്ത്രീകളുടെ മാനസികാവസ്ഥ കൂടി പരിഗണിക്കുന്ന രീതിയില്‍ ഭേദഗതി ചെയ്യണമെന്നും കോടതി പറഞ്ഞു.


മുംബൈ: വ്യക്തമായ കാരണമില്ലെങ്കിലും ശാരീരിക പ്രശ്‌നങ്ങള്‍ ഇല്ലെങ്കിലും ആവശ്യമെങ്കില്‍ ഗര്‍ഭച്ഛിദ്രം നടത്താനുളള പൂര്‍ണ്ണ സ്വാതന്ത്ര്യം ഒരു സ്ത്രീക്കുണ്ടെന്ന്  മുംബൈ ഹൈക്കോടതി.

1971ലെ ഗര്‍ഭച്ഛിദ്ര നിയമം സ്ത്രീകളുടെ മാനസികാവസ്ഥ കൂടി പരിഗണിക്കുന്ന രീതിയില്‍ ഭേദഗതി ചെയ്യണമെന്നും കോടതി പറഞ്ഞു. താന്‍ 15 ആഴ്ച ഗര്‍ഭിണിയാണെന്നും എന്നാല്‍  ഭര്‍ത്താവ് ഉപേക്ഷിച്ച് പോയതിനാല്‍ തനിക്ക് ഗര്‍ഭച്ഛിദ്രത്തിനുളള അനുമതി നല്‍കണമെന്ന ആവശ്യം ഉന്നയിച്ച് ഒരു തടവുകാരി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതി ഇക്കാര്യം ചൂണ്ടിക്കാണിച്ചത്.

ഗര്‍ഭധാരണം ഒരു സ്ത്രീയെ മാനസികമായും ശാരീരികമായും സ്വാധീനിക്കുന്ന അവസ്ഥയാണെന്നും തനിക്ക് വേണ്ടെന്നു തോന്നിയാല്‍ 20 ആഴ്ചയ്ക്ക് മുന്‍പെ ഭ്രൂണം ഗര്‍ഭച്ഛിദ്രം നടത്താനുളള അവകാശം സ്ത്രീകള്‍ക്ക് നല്‍കണമെന്നും കോടതി പറഞ്ഞു. ഇതും പ്രാഥമിക അവകാശത്തിന് കീഴില്‍ വരുമെന്നും കോടതി ചൂണ്ടിക്കാട്ടി.

നിലവിലെ നിയമപ്രകാരം കുട്ടിയുടെയോ അമ്മയുടെയോ ജീവന് ഭീഷണി ഉണ്ടെങ്കില്‍ 20 ആഴ്ചകള്‍ക്കുളളില്‍ മെഡിക്കല്‍ വിദഗ്ധരുടെ നിര്‍ദേശത്തോടെ മാത്രമേ ഗര്‍ഭച്ഛിദ്രം നടത്താന്‍ സാധിക്കൂ. ഗര്‍ഭം ധരിക്കാനും പ്രസവിക്കാനും സ്ത്രീക്ക് പൂര്‍ണ്ണ അവകാശമുണ്ടെങ്കിലും ഗര്‍ഭച്ഛിദ്രത്തിന് അനിയന്ത്രിതമായ അവകാശം നിലവിലെ നിയമത്തില്‍ സ്ത്രീയ്ക്കില്ല.

We use cookies to give you the best possible experience. Learn more