റിയാദ്: സൗദി അറേബ്യയിലെ റൗല ഷരീഫ് സന്ദര്‍ശിക്കാനുള്ള അനുമതി നല്‍കുന്നതില്‍ സ്ത്രീകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ തീരുമാനം. ഇത്ത്‌മർന്ന എന്ന ആപ്പ് വഴി ബുക്കിങ്ങ് നടത്തുന്നതിലാണ് നിയന്ത്രണം കൊണ്ടുവരുന്നത്.
പുരുഷന്മാര്‍ക്ക് മാത്രമായിരിക്കും ഇനി ആപ്പ് വഴി മദീനയിലെ റൗല ഷരീഫ് (മുഹമ്മദ് നബിയുടെ ഖബറിടം സ്ഥിതി ചെയ്യുന്ന സ്ഥലം) സന്ദര്‍ശിക്കാനായി ബുക്ക് ചെയ്യാനാവുക.
സൗദിയിലെ പ്രാദേശിക ദിനപത്രമാണ് ഞായറാഴ്ച ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം റൗല ഷരീഫ് സ്ഥിതി ചെയ്യുന്ന പള്ളി സ്ത്രീകള്‍ക്ക് സന്ദര്‍ശിക്കാമെന്നും പള്ളിയിലുള്ളപ്പോള്‍ ഓണ്‍സൈറ്റ് റിസര്‍വേഷന്‍ രീതിയിലൂടെ ഇവര്‍ക്ക് റൗല ഷരീഫ് സന്ദര്‍ശനം ബുക്ക് ചെയ്യാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
റൗല ഷരീഫ് സന്ദര്‍ശിക്കുന്നതിനുള്ള ഓരോ അനുമതിയും ലഭിക്കുന്നതിന് ഹജ്ജ് ആന്‍ഡ് ഉംറ മന്ത്രാലയം 30 ദിവസത്തെ ഇടവേള നിശ്ചയിച്ചിട്ടുണ്ട്. കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് 30 ദിവസത്തിലൊരിക്കല്‍ മാത്രം സന്ദര്‍ശനമെന്ന നിബന്ധന നിശ്ചയിച്ചിരിക്കുന്നത്.
റൗല ഷരീഫില്‍ പ്രാര്‍ത്ഥന നടത്തുന്നതിന് പ്രത്യേകം സമയപരിധിയൊന്നും നിശ്ചയിച്ചിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. എന്നാല്‍ പ്രാര്‍ത്ഥിക്കുന്നതിന് ഇത്ത്‌മർന്ന ആപ്പ് (Eatmarna) വഴി പ്രത്യേകം റിസര്‍വേഷന്‍ ചെയ്യേണ്ടതുണ്ട്.
സന്ദര്‍ശനത്തിനുള്ള അനുമതിക്ക് വേണ്ടി അപേക്ഷിക്കുന്നവര്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചിരിക്കണം. ആരോഗ്യ ആപ്പ് തവ്ക്കല്‍ന്ന (Tawkkalna) വഴി വാക്‌സിന്‍ സ്വീകരിച്ചതിന്റെ സ്റ്റാറ്റസ് കാണിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
സൗദിയില്‍ ദിവസേന റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകളുടെ എണ്ണം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 3000 പിന്നിടുന്ന സ്ഥിതിയാണ്.
കൊവിഡിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങളും രാജ്യം കൂടുതല്‍ കടുപ്പിച്ചിട്ടുണ്ട്. സാമൂഹിക അകലം പാലിക്കുന്നതും ശരീര താപനില പരിശോധിക്കുന്നതുമടക്കമുള്ള കാര്യങ്ങളിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്.
പൊതു സ്ഥലങ്ങളിലും അതോടൊപ്പം സ്വകാര്യ സ്ഥാപനങ്ങളിലും സാമൂഹിക അകല നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ 1000 സൗദി റിയാല്‍ വരെ പിഴ ഈടാക്കുമെന്നാണ് ഉത്തരവ് വന്നിരിക്കുന്നത്.
കൊവിഡ് നിയന്ത്രണം ലംഘിക്കുകയാണെങ്കില്‍ 1000 റിയാല്‍ ഈടാക്കുമെന്നും എന്നാല്‍ പിന്നീട് തുടര്‍ച്ചയായി സാമൂഹിക അകലം പാലിക്കാതിരുന്നാല്‍ പിഴ ഇരട്ടിയാക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഒരു ലക്ഷം റിയാല്‍ വരെ (19,80,000 ഇന്ത്യന്‍ രൂപ) ഇത്തരത്തില്‍ പിഴ ഈടാക്കുമെന്നാണ് പറയുന്നത്.