| Tuesday, 4th April 2017, 11:06 am

യുവതി പശുവിനെ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് ദല്‍ഹിയില്‍ സംഘര്‍ഷം: അഞ്ചുപേര്‍ക്ക് പരുക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: യുവതി പശുവിനെ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് ദല്‍ഹിയില്‍ സംഘര്‍ഷം. സംഘര്‍ഷമുടലെടുത്തശേഷം രണ്ടു വ്യത്യസ്ത സംഭവങ്ങളിലായി അഞ്ചുപേര്‍ക്ക് മര്‍ദ്ദനമേറ്റു.

മാര്‍ച്ച് 31നുണ്ടായ സംഭവമാണ് സംഘര്‍ഷത്തിനു വഴിവെച്ചത്. പുലര്‍ച്ചെ ആറുമണിക്ക് ജെയ്ശങ്കറും ഭാര്യ ശര്‍മ്മിളയും സാവിത്രി കാമ്പിലെ ടോയ്‌ലറ്റിലേക്കു പോകവെ ഇവര്‍ക്കുനേരെ ഒരു പശു പാഞ്ഞടുക്കുകയായിരുന്നു. തുടര്‍ന്ന് പശുവിനെ ഓടിക്കാനായി താനൊരു കല്ലെടുത്ത് എറിയുകയാണുണ്ടായതെന്നാണ് ശര്‍മ്മിള പറഞ്ഞതെന്ന് പൊലീസ് പറയുന്നു.

സംഭവം നടന്ന് മിനിറ്റുകള്‍ക്കുള്ളില്‍ പശുവിന്റെ ഉടമസ്ഥര്‍ സ്ഥലത്തെത്തി ദമ്പതികളെ മര്‍ദ്ദിക്കുകയാണുണ്ടായതെന്നും പൊലീസ് പറയുന്നു.

“അയാള്‍ എന്നെയും എന്നെ രക്ഷിക്കാന്‍ ശ്രമിച്ച സഹോദരനെയും തൂമ്പകൊണ്ട് അടിച്ചു. എന്റെ തലയ്ക്ക് നല്ല സ്റ്റിച്ചുണ്ട്. സഹോദരന്റെ കൈ പൊട്ടിയിട്ടുണ്ട്.” ജെയ്ശങ്കര്‍ പറയുന്നു. ചിലര്‍ ഇടപെട്ട് അക്രമികളെ തടഞ്ഞതുകൊണ്ടാണ് തങ്ങള്‍ ജീവനോടെ ബാക്കിയായതെന്നും അദ്ദേഹം പറയുന്നു.


Must Read: മംഗളം ചാനല്‍ മേധാവി അജിത് കുമാറും സംഘവും ക്രൈംബ്രാഞ്ചിന് മുന്നില്‍ കീഴടങ്ങി; ഫോണും ലാപ്‌ടോപ്പും മോഷണം പോയെന്ന് പരാതി


തുടര്‍ന്ന് തങ്ങള്‍ ആശുപത്രിയില്‍ ചികിത്സ തേടുകയും പൊലീസില്‍ പരാതിപ്പെടുകയും ചെയ്തു.

പൊലീസ് അന്വേഷണം ആരംഭിച്ചതിനു പിന്നാലെയായിരുന്നു രണ്ടാമത്തെ അക്രമസംഭവം. മാര്‍ച്ച് 31ന് ദമ്പതികള്‍ക്കുനേരെ നടന്ന അതിക്രമം തടയാനെത്തിയവരാണ് ഈ സംഭവത്തില്‍ ആക്രമിക്കപ്പെട്ടത്. ഈ സംഭവത്തില്‍ മനപൂര്‍വ്വമുള്ള നരഹത്യ ശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

മര്‍ദ്ദിക്കുന്നത് അവസാനിപ്പിക്കൂ എന്നു മാത്രമാണ് താന്‍ അക്രമികളോട് പറഞ്ഞതെന്ന് ഇതിന്റെ പേരില്‍ ആക്രമിക്കപ്പെട്ട ഡ്രൈവറായ ഉദയ് ചന്ദ് മന്ദാല്‍ പറയുന്നു.

“ജെയ്ശങ്കറിന്റെ ശരീരത്തില്‍ നിന്നും നന്നായി ചോരയൊലിക്കുന്നുണ്ടായിരുന്നു. ഇതൊന്നു നിര്‍ത്തൂ എന്നുമാത്രമാണ് ഞാനവരോടു പറഞ്ഞത്. അടി കഴിഞ്ഞു എന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ പിറ്റേദിവസം അതേയാളുകള്‍ എന്റടുത്തേക്കു വരികയും എന്നെ മര്‍ദ്ദിക്കുകയുമായിരുന്നു. എന്റെ സഹോദരനെയും മക്കളെയും അവര്‍ മര്‍ദ്ദിച്ചു.” അദ്ദേഹം പറയുന്നു.

We use cookies to give you the best possible experience. Learn more