കണ്ണൂർ: പെൺകുട്ടികളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത യുവതിക്കുനേരേ അക്രമം. പയ്യാമ്പലം ബീച്ചിൽ വെച്ചാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ പള്ളിക്കുന്ന് സ്വദേശിനിയായ യുവതിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വീഴ്ച്ചയിൽ കൈയെല്ല് പൊട്ടിയ യുവതി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
പള്ളിക്കുന്ന് സ്വദേശിനിയായ ഇരുപത്തിയൊന്നുകാരിയും സുഹൃത്തും പയ്യാമ്പലത്ത് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഇവരുടെ സമീപത്തായി രണ്ടു പെൺകുട്ടികളും വന്നിരുന്നു. ഈസമയം ബുള്ളറ്റിലെത്തിയ രണ്ടു യുവാക്കൾ സംസാരിച്ചുകൊണ്ടിരിക്കുന്ന പെൺകുട്ടികളോട് മോശമായി പെരുമാറി. ഇതു ശ്രദ്ധയിൽപ്പെട്ട യുവതി യുവാക്കളുടെ പ്രവൃത്തിയെ ചോദ്യം ചെയ്തു.
ഇതിൽ പ്രകോപിതരായ ഇവർ യുവതിക്കും സുഹൃത്തിനും നേർക്ക് അസഭ്യം പറയുകയും ഇവരെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. ഇതിനിടെ യുവതിയെ താഴേയ്ക്ക് തള്ളിയിടുകായും ചെയ്തു. ഇതിനുശേഷം അക്രമികൽ തങ്ങളുടെ ബൈക്കിൽ കയറി ഓടിച്ച് പോയി.
സംഭവവുമായി ബന്ധപ്പെട്ട് ചിറക്കൽ മുക്കണ്ണൻ ഹൗസിൽ എം. നവാസ്, പാപ്പിനിശേരി എം.എം. ഹോസ്പിറ്റലിനു സമീപത്തെ കെ. ഹൗസിൽ മുഹമ്മദലി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
വാഹനത്തിന്റെ നമ്പർ കേന്ദ്രീകരിച്ചായിരുന്നു പോലീസ് നടത്തിയ അന്വേഷണത്തിൽ ഉടമയെ കണ്ടെത്താനായെങ്കിലും ഇയാളുടെ സുഹൃത്തുക്കളാണ് വാഹനവുമായി പോയതെന്നു വ്യക്തമായി. ഇതിനെ തുടർന്ന് പോലീസ് മൊബൈൽ ടവർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പാപ്പിനിശേരിയിൽ വച്ച് ഇരുവരെയും പിടികൂടുന്നത്.