ടെഹ്‌റാന്‍: സ്ത്രീകള്‍ മൃദുലമായ പൂക്കളെപ്പോലെയാണെന്നും അവര്‍ വിട്ടുവേലക്കാരല്ലെന്നുമുള്ള പരാമര്‍ശവുമായി ഇറാന്‍ പരമോന്നത നേതാവ് അലി ഖമനേനി.
അത്രത്തോളം മൃദുലമായതിനാല്‍ അവളെ പൂക്കളെപ്പോലെ സംരക്ഷിക്കണമെന്നും ആ പൂക്കളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന പെര്‍ഫ്യൂം ഉപയോഗിച്ച് നമ്മുടെ അന്തരീക്ഷം സുഗന്ധ പൂരിതമാക്കാം എന്നുമാണ് ഖമനേനിയുടെ ട്വീറ്റ്.
രാജ്യത്തുടനീളം സ്ത്രീകള്‍ക്കെതിരായ അടിച്ചമര്‍ത്തല്‍ വര്‍ധിക്കുന്നു എന്ന് അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നടക്കം വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് ഖമനേനിയുടെ ട്വീറ്റ് വന്നിരിക്കുന്നത്.
‘സ്ത്രീ ഒരു അതിലോലമായ പുഷ്പമാണ്, അവള്‍ വീട്ടുജോലിക്കാരിയല്ല. സ്ത്രീയെ ഒരു പുഷ്പം പോലെയാണ് വീടുകളില്‍ പരിഗണിക്കേണ്ടത്. ഒരു പുഷ്പത്തെപ്പോലെ പരിപാലിക്കേണ്ടതുണ്ട്. ആ പുഷ്പത്തിന്റെ പുതുമയും സുഗന്ധവും പ്രയോജനപ്പെടുത്തുകയും വായുവിനെ സുഗന്ധമുള്ളതാക്കി തീര്‍ക്കാന്‍ ഉപയോഗിക്കുകയും വേണം,’ ഖമനേനിയുടെ ട്വീറ്റില്‍ പറയുന്നു.
മറ്റൊരു ട്വീറ്റില്‍ പുരുഷന്മാരുടെയും സ്ത്രീകളുടെയും ലിംഗപരമായ കടമകളെപ്പറ്റിയും ഖമനേനി പറയുന്നുണ്ട്.
കുടുംബത്തില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വ്യത്യസ്ത റോളുകള്‍ ഉണ്ട്. ഉദാഹരണത്തിന്, കുടുംബത്തിന്റെ ചെലവുകള്‍ വഹിക്കേണ്ടത് പുരുഷനാണെന്നും സ്ത്രീകള്‍ക്ക് പ്രസവിക്കാനുള്ള ഉത്തരവാദിത്തമുണ്ടെന്നും ഖമനേനി പറയുന്നുണ്ട്. ഇക്കാര്യത്തില്‍ ശ്രേഷ്ഠതയുടെ വിഷയമില്ലെന്നും ഇരു വിഭാഗങ്ങള്‍ക്കും വ്യത്യസ്തമായ മേന്മകള്‍ ഉണ്ടെന്നും ഖമനേനി പറഞ്ഞു. എന്നാല്‍ ഇത് അടിസ്ഥാനമാക്കിയല്ല സ്ത്രീകളുടെ അവകാശങ്ങള്‍ കണക്കാക്കുന്നതെന്നും ഖമനേനിയുടെ ട്വീറ്റില്‍ പറയുന്നു.
2022ല്‍ 22 കാരിയായ മഹ്സ അമീനിയുടെ മരണശേഷം ഖമേനിയുടെ ഭരണകൂടത്തിനെതിരെ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ഹിജാബ് ശരിയായി ധരിക്കാത്തതിന്റെ പേരില്‍ സദാചാര പൊലീസ് മഹ്‌സയെ കസ്റ്റഡിയില്‍ എടുത്തിരുന്നു. കസ്റ്റഡിയില്‍ ഇരിക്കവെയാണ് അവര്‍ മരണപ്പെട്ടത്.
ഹിജാബ് നിയമം നടപ്പിലാക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായതോടെ വെള്ളിയാഴ്ച പ്രാബല്യത്തില്‍ വരാനിരുന്ന വിവാദപരമായ ‘ഹിജാബ്, ചാരിറ്റി നിയമം’ ഇറാന്‍ ഭരണകൂടം താത്കാലികമായി പിന്‍വലിച്ചിരുന്നു. ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലാണ് നിയമം പിന്‍വലിച്ചത്.
മുടി, കൈത്തണ്ട, കാലുകള്‍ എന്നിവ പൂര്‍ണ്ണമായി മറക്കാത്ത സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും പിഴ, 15 വര്‍ഷം വരെ നീണ്ട ജയില്‍ ശിക്ഷ, അവരുടെ ബിസിനസുകള്‍ ബാന്‍ ചെയ്യല്‍ എന്നിവ ഉള്‍പ്പെടെ കര്‍ശനമായ ശിക്ഷകളാണ് ഈ നിയമം നിര്‍ദേശിച്ചത്. ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ സംഘടനകള്‍ നിയമത്തെ അപലപിച്ചിരുന്നു.
കഴിഞ്ഞയാഴ്ച പ്രശസ്ത ഗായക പരസ്തൂ അഹമ്മദി അറസ്റ്റിലായതിന് ശേഷമാണ് ഹിജാബ് ചര്‍ച്ചകള്‍ വീണ്ടും ശക്തമായത്. ഹിജാബ് ധരിക്കാതെ അഹമ്മദി യൂട്യൂബില്‍ പാട്ട് പാടുന്നത് പങ്കുവെച്ചിരുന്നു. വീഡിയോ പെട്ടെന്ന് വൈറലായി. പിന്നാലെ അഹമ്മദിയെ ഇറാനിയന്‍ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് പൊതുജന രോഷത്തിന് കാരണമായി. വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് ഒരു ദിവസത്തിന് ശേഷം അധികൃതര്‍ ഇവരെ വിട്ടയച്ചു.
Content Highlight: Women are like flowers, not housemaids, says Iran supreme leader Khamenei