കൊച്ചി: ശബരിമലയില്‍ പ്രതിഷേധത്തിനിടെ പൊലീസ് മര്‍ദ്ദിച്ചെന്നും നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് യുവതിയുടെ ഹര്‍ജി. സരോജ സുരേന്ദ്രന്‍ എന്ന യുവതിയാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
ശബരിമല പമ്പാ ഗണപതി ക്ഷേത്രത്തിനു സമീപം നാമം ജപിക്കുമ്പോള്‍ അകാരണമായി പൊലീസ് മര്‍ദ്ദിച്ചുവെന്നാണ് പരാതി. രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ആവശ്യം.
Also Read:ശബരിമലയില്‍ സംരക്ഷണം യഥാര്‍ത്ഥ വിശ്വാസികള്‍ക്കു മാത്രമെന്ന് ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍
ശബരിമലയിലേക്ക് പോകാന്‍ സംരക്ഷണം ആവശ്യപ്പെട്ട് നാലു യുവതികള്‍ നല്‍കിയ ഹര്‍ജിയില്‍ ഇവര്‍ കക്ഷിചേര്‍ന്നിരുന്നു. യുവതികളുടെ ഹര്‍ജി ദുരുദ്ദേശപരമാണെന്നും പബ്ലിസിറ്റി ലക്ഷ്യമിട്ടാണെന്നുമാരോപിച്ചായിരുന്നു സരോജയുടെ നടപടി. ഇവര്‍ ഭക്തകളല്ലെന്നും ഇത്തരത്തിലുള്ള ആക്ടിവിസ്റ്റുകള്‍ ശബരിമലയില്‍ പ്രശ്‌നം ഉണ്ടാക്കാനും ശ്രദ്ധ പിടിച്ചുപറ്റാനുമാണ് ശ്രമിക്കുന്നതെന്നും ഇവര്‍ ആരോപിച്ചിരുന്നു.
നേരത്തെ നല്‍കിയ ഹര്‍ജിയിലും പൊലീസ് മര്‍ദ്ദനത്തിന്റെ കാര്യം ഇവര്‍ പരാമര്‍ശിച്ചിരുന്നു. പമ്പയില്‍ ശരണം വിളിച്ചുകൊണ്ടിരിക്കെയായിരുന്നു പൊലീസ് ലാത്തിവീശിയത്. ഇതില്‍ തനിക്ക് പരിക്കേറ്റിരുന്നുവെന്നാണ് സരോജ പറഞ്ഞത്.